'വോട്ട് ചെയ്യാൻ അവൾ തീര്‍ച്ചയായും വരും'; രണ്ട് വർഷം മുമ്പ് ഒളിച്ചോടിയ ഭാര്യയെ പിടികൂടാൻ യുവാവ് പോളിങ് ബൂത്തിൽ കാത്തുനിന്നത് അഞ്ച് മണിക്കൂർ, പിന്നാലെ സംഭവിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനത്തിൽ നടന്ന തർക്കമാണ് ഇപ്പോൾ പ്രചരിക്കുന്നത്

IMAGE: AI GENERATED
ജൽപായ്ഗുരി: തെരഞ്ഞെടുപ്പ് എന്നാൽ കേവലം വോട്ട് രേഖപ്പെടുത്തൽ മാത്രമല്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും കാലം കൂടിയാണിത്. കൂടിചേരലുകളുടേയും ജനാധിപത്യത്തിൻ്റെ ആഘോഷത്തിൻ്റെയുമൊക്കെ ആഘോഷമായി പലരും അതിനെ മാറ്റാറുണ്ട്.
എന്നാൽ, ബംഗാളിലെ മാട്ടിഗര-നക്സൽബാരി അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഫാൻസിദേവ താരാബാരിയിലെ ബൂത്ത് നമ്പർ 25/238-ൽ ഇലക്ഷൻ ദിനത്തിൽ അരങ്ങേറിയത് നാടകീയമായ ചില സംഭവങ്ങളാണ്. രണ്ട് വർഷം മുമ്പ് ഒളിച്ചോടിയ ഭാര്യയെ കാത്ത് പോളിങ് സ്റ്റേഷന് മുന്നിൽ മണിക്കൂറുകളോളമാണ് യുവാവ് കാവലിരുന്നത്. വോട്ട് ചെയ്യാൻ ഭാര്യ തീർച്ചയായും എത്തുമെന്ന് കണക്കുകൂട്ടിയിരുന്നു ഈ കാത്തു നിൽപ്പ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. താരാബാരി പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ ഒരാൾ മണിക്കൂറുകളോളം നിൽക്കുന്നത് കണ്ട ആളുകൾ പലരും സംശയിച്ചു. ഇതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു സ്ത്രീ തന്റെ വോട്ടർ സ്ലിപ്പും തിരിച്ചറിയൽ കാർഡുമായി ബൂത്തിലെത്തി. ഉടൻ തന്നെ അയാൾ അവർക്ക് നേരെ പാഞ്ഞടുക്കുകയും വോട്ടർ കാർഡ് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. മുടിയിൽ പിടിച്ച് വലിക്കുകയും സ്ത്രീയെ കടന്നുപിടിക്കുകയും ചെയ്തു. സിഎപിഎഫ് (CAPF) ഉദ്യോഗസ്ഥർ ഓടിയെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
മർദനത്തിന് ഇരയായ സ്ത്രീ അയാളുടെ ഭാര്യയാണെന്ന് പിന്നീട് വ്യക്തമായി. രണ്ട് വർഷം മുമ്പാണ് അവർ മറ്റൊരാളോടൊപ്പം ഒളിച്ചോടിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ, വോട്ട് രേഖപ്പെടുത്താനായി സ്ത്രീ തീർച്ചയായും എത്തുമെന്ന് അയാൾ കണക്കുകൂട്ടുകയായിരുന്നു.
പൊലീസിന്റെ പിടിയിലായ ശേഷം അയാൾ ഉന്നയിച്ച ആവശ്യവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഭാര്യയുടെ വോട്ടർ കാർഡിൽ ഭർത്താവിന്റെ സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കം ചെയ്യുന്നത് വരെ അവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നായിരുന്നു ഇത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആ ആവശ്യം നിരസിച്ചു. ഇരുപത് മിനിറ്റുകൾക്ക് ശേഷം, സ്ത്രീ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയ ഉദ്യോഗസ്ഥർ അവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
Adjust Story Font
16

