'മകൻ ഒരു നായ സ്നേഹി, തെരുവുനായ വിഷയത്തിൽ അസ്വസ്ഥനായിരുന്നു'; പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ച പ്രതിയുടെ മാതാവ്
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ ആണ് ഇന്ന് രാവിലെ ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിയുടെ മാതാവ്. നായസ്നേഹിയായ മകൻ, ഡൽഹി നഗരത്തിലെ തെരുവുനായ വിഷയത്തിൽ അടുത്തിടെ വന്ന സുപ്രിംകോടതി വിധിയിൽ അസ്വസ്ഥനായിരുന്നുവെന്ന് മാതാവ് ഭാനു മാധ്യമങ്ങളോട് പറഞ്ഞു.
''എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് ഈയിടെ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയിൽ അവന് നല്ല വിരോധമുണ്ടായിരുന്നു. അതിനുശേഷം അവൻ ഡൽഹിയിലേക്ക് പോയി. അതിന് ശേഷം ഞങ്ങൾക്ക് അവനെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല'' - ഭാനു പറയുന്നു.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ (41)ആണ് ഇന്ന് രാവിലെ ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത്. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച്, ചില രേഖകളുമായി മുഖ്യമന്ത്രിയെ സമീപിച്ച സക്രിയ പെട്ടെന്ന് ബഹളംവെക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി ആരോപണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ സഹായമഭ്യർഥിച്ച് മുഖ്യമന്ത്രിയെ കാണാൻ വന്നതായിരുന്നു സക്രിയ എന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി ആക്രമണത്തെ അപലപിച്ചു. രേഖ ഗുപ്തക്കെതിരായ അക്രമം അപലപനീയമാണ്. ജനാധിപത്യത്തിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എന്നാൽ, അവിടെ അക്രമത്തിന് സ്ഥാനമില്ല. കുറ്റവാളികൾക്കെതിരേ പൊലീസ് കർശനമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിഷി പറഞ്ഞു.
Adjust Story Font
16

