Quantcast

'പിതാവിന്റെ ആഗ്രഹം നിറവേറ്റാനായില്ല'; ഏഴ് വർഷത്തോളം ഐഎഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവ് ഒടുവിൽ പിടിയിൽ

'ഇന്ത്യാ ഗവൺമെന്റ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്' എന്നെഴുതിയ ഒരു നീല ബോർഡ് വെച്ച കാറിലായിരുന്നു ഇയാൾ സ്ഥിരമായി യാത്ര ചെയ്തിരുന്നത്.

MediaOne Logo
പിതാവിന്റെ ആഗ്രഹം നിറവേറ്റാനായില്ല; ഏഴ് വർഷത്തോളം ഐഎഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവ് ഒടുവിൽ പിടിയിൽ
X

ഭുവനേശ്വർ: ഏഴുവർഷത്തോളം ഐഎഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് ജാർഖണ്ഡ് പൊലീസ്. ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനും പിതാവിന്റെ ആഗ്രഹം നിറവേറ്റാനുമാണ് താന്‍ ആൾമാറാട്ടം നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. സിവിൽ സർവീസ് മോഹവുമായി താൻ നാലുതവണ യുപിഎസ്സി പരീക്ഷ എഴുതിയിരുന്നെന്നും ഇയാൾ പറയുന്നു.കാറിൽ സർക്കാർ നെയിംപ്ലേറ്റും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വ്യാജ തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആള്‍മാറാട്ടക്കളി പൊളിഞ്ഞത്. ഈ മാസം രണ്ടിനാണ് രാജേഷ് കുമാർ (35) എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ പലാമു ജില്ലയിലെ പൊലീസ് സ്റ്റേഷനിലെത്തുന്നത്. താൻ 2014 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും ഭുവനേശ്വറിൽ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായി നിയമിതനായ ആളാണെന്നും ഇയാൾ പരിചയപ്പെടുത്തി. തന്റെ ബന്ധുവിന്റെ ഭൂമി പ്രശ്‌നത്തിൽ സഹായം തേടിയാണ് എത്തിയത്. ആ പരാതി അന്വേഷിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം തന്റെ ബന്ധു പൊലീസ് സ്റ്റേഷനിലെത്തുമെന്നും പ്രതി അറിയിച്ചു. എന്നാൽ പിന്നീട് ഇയാള്‍ നടത്തിയ സംഭാഷണങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥന് ചില സംശയങ്ങൾ തോന്നിയത്.

ഒഡീഷ കേഡർ ഉദ്യോഗസ്ഥനായ ഇയാൾ ഡെറാഡൂൺ, ഹൈദരാബാദ് , ഭുവനേശ്വർ എന്നിവിടങ്ങളിൽ നിയമിക്കപ്പെട്ടതായി പറഞ്ഞതോടെയാണ് സംശയം തോന്നിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ, താൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥനല്ലെന്നും ഐപിടിഎഎഫ്എസ് ഉദ്യോഗസ്ഥനാണെന്നും അയാൾ പറഞ്ഞു.കള്ളി വെളിച്ചത്താകുമെന്ന് മനസിലായതോടെ പെട്ടന്ന് തന്നെ സ്റ്റേഷനിൽ നിന്ന് പ്രതി പോകുകയും ചെയ്തു. എന്നാൽ പൊലീസുകാർ നടത്തിയ അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പേരും ബാച്ച് നമ്പറും കേഡറും സർവീസ് വിവരങ്ങളും തെറ്റാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്തു.

ചോദ്യം ചെയ്യലിൽ താൻ ഐഎസ് ഉദ്യോഗസ്ഥനോ അനുബന്ധ സർവീസിലെയോ അംഗമല്ലെന്നും സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിലാണ് ഇയാൾ വർഷങ്ങളായി തന്റെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഐഎഎസ് ഉദ്യാഗസ്ഥനായി ആൾമാറാട്ടം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇന്ത്യാ ഗവൺമെന്റ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്' എന്നെഴുതിയ ഒരു നീല ബോർഡ് വെച്ച കാറിലായിരുന്നു ഇയാൾ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. പൊലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും കാണിക്കാനായി വ്യാജ ഐഡന്റിറ്റി കാർഡും ഉപയോഗിച്ചു.

യുപിഎസ്സിയുടെ സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ഡൽഹിയിൽ പോയിരുന്നതായും നാല് തവണ പരീക്ഷ എഴുതിയതായും ഒരിക്കൽ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞില്ലെന്നും പ്രതി പറയുന്നു.

TAGS :

Next Story