Quantcast

സാമ്പത്തിക വിദഗ്ധനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്; 33 വർഷത്തിനുശേഷം മൻമോഹൻ സിങ് പടിയിറങ്ങുമ്പോൾ...

നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ ഇരട്ട പ്രഹരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    3 April 2024 2:30 PM GMT

manmohan singh retires from rayasabha
X

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് 33 വർഷത്തിനുശേഷം ബുധനാഴ്ച പടിയിറങ്ങിയിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശിൽപിയായാണ് 91കാരനായ മൻമോഹൻ സിങ് അറിയപ്പെടുന്നത്. കൂടാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോളവത്കരണത്തിലേക്ക് തുറന്നിടുന്നതിലും അദ്ദേഹം ​​പ്രധാന പങ്കു​വഹിച്ചു.

2004ൽ മുതൽ 2014ൽ വരെയുള്ള കോൺഗ്രസ് നേതൃത്വത്തിലെ യു.പി.എ സർക്കാറിനെ നയിച്ചത് മൻമോഹൻ സിങ്ങാണ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ പദ്ധതികൾ അദ്ദേഹത്തിന്റെ ​പ്രധാന നേട്ടങ്ങളാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ദേശീയ തിരിച്ചറിയൽ നമ്പർ, ആധാർ തുടങ്ങിയ പരിഷ്കാരങ്ങളും മൻമോഹൻ സിങ് പ്രധാനമന്ത്രിയായ കാലത്താണ് നടപ്പാക്കുന്നത്.

അതേസമയം, യു.പി.എ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ അഴിമതി ആരോപണങ്ങൾ ഏറെയായിരുന്നു. പ്രതിപക്ഷത്തെ പല നേതാക്കളും ദുർബലനായ പ്രധാനമന്ത്രി എന്നാണ് അന്ന് മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചത്. മൗനി ബാബ എന്നാണ് അമിത് ഷാ വിളിച്ചത്.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹൻ സിങ്ങിനെ ലോകമറിയുന്നത്. പഞ്ചാബ്‌ സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി അംഗമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയ പ്രവേശനം. 1991ൽ കോൺഗ്രസ് ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. നാല് മാസത്തിന് ശേഷം ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമായിരുന്നുവത്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പരിഷ്‌കരിക്കാനും മൻമോഹൻ സിങ് സമൂലമായ നടപടികൾ തന്നെ ആരംഭിച്ചു. അതിൽ പ്രധാനപ്പെട്ടതായിരുന്നു സാമ്പത്തിക ഉദാരവത്കരണവും ആഗോളവത്കരണവും.

മൻമോഹൻ സിങ് ഒരിക്കലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. 2019ൽ രാജസ്ഥാനിലേക്ക് കൂടുമാറി. ആരോഗ്യസ്ഥിതി വകവെക്കാതെ വീൽചെയറിൽ കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്റ് സമ്മേളനത്തിൽ പ​ങ്കെടുക്കാനെത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

മൗനി ബാബ എന്ന് വിളിച്ച് അധിക്ഷേപിച്ചെങ്കിലും നിരവധി ശ്രദ്ധേയമായ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് മൻമോഹൻ സിങ് പാർലമെന്റിലും പുറത്തും നടത്തിയിട്ടുള്ളത്. 1991 ജൂലൈ 24നാണ് അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റ ശേഷം പാർലമെന്റിൽ ആദ്യമായി സംസാരിക്കുന്നത്. ‘ഞങ്ങൾ ആരംഭിച്ച ദീർഘവും പ്രയാസകരവുമായ യാത്രയിൽ വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ ചെറുതായി കാണുന്നില്ല. എന്നാൽ വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞതുപോലെ, സമയമായ ഒരു ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നത് അത്തരത്തിലുള്ള ഒരു ആശയമാണെന്ന് ഞാൻ വ്യക്തമാക്കുന്നു. ലോകം മുഴുവൻ അത് ഉച്ചത്തിലും വ്യക്തമായും കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നമ്മൾ ജയിക്കും. നമ്മൾ മറികടക്കും’ -മൻമോഹൻ സിങ് പറഞ്ഞു.

ജനങ്ങളെ എല്ലാകാലവും കബളിപ്പിക്കാൻ കഴിയില്ലെന്ന് 1999 ആഗസ്റ്റിൽ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നമുക്ക് ഒരു പുതിയ തരം രാഷ്ട്രീയം ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നു. തുറന്നുപറച്ചിലിൻ്റെ രാഷ്ട്രീയമാണത്. ആളുകളോട് കാര്യങ്ങൾ ഉള്ളതുപോലെ പറയുന്ന രാഷ്ട്രീയം. നമ്മുടെ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ലെന്ന് താൻ കരുതുന്നു. എബ്രഹാം ലിങ്കൺ ഒരിക്കൽ പറഞ്ഞതുപോലെ, നിങ്ങൾക്ക് ചിലരെ എല്ലാ കാലത്തേക്കും എല്ലാവരെയും കുറച്ച് സമയത്തേക്കും വിഡ്ഢികളാക്കാം. എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല’ -കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ സിങ് പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് വിനാശകരമാകുമെന്ന് താൻ ആത്മാർഥമായി വിശ്വസിക്കുന്നതായി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 2014 ജനുവരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മൻമോഹൻ സിങ് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്നു അന്ന് മോദി. എന്നാൽ, നാല് വർഷത്തിന് ശേഷം ഈ പ്രസ്താവനയിൽ മൻമോഹൻ സിങ് ഖേദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി ഒരു ദുരന്തമാകുമെന്ന് താൻ പറഞ്ഞിട്ടുണ്ട്. ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത കടുത്ത വാക്കാണ് ഉപയോഗിച്ചതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. താനത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 2018 നവംബറിൽ അദ്ദേഹം പറഞ്ഞു.

2016ലെ നോട്ട് നിരോധനത്തെ വലിയ രീതിയിലാണ് മൻമോഹൻ സിങ് വിമർശിച്ചത്. നിരോധനം നടപ്പാക്കിയ രീതി ഭരണനിർവഹണത്തിലെ പരാജയത്തിന്റെ തെളിവാണെന്ന് അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. ഇത് സംഘടിത കൊള്ളയാണെന്നും സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തെയും ചരക്ക് സേവന നികുതിയെയും സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ ഇരട്ട പ്രഹരമായിട്ടും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

TAGS :

Next Story