'ഭാരതീയ മൂല്യങ്ങളും മനുസ്മൃതിയും അർഥശാസ്ത്രവും നിയമ വിദ്യാർഥികളെ പഠിപ്പിക്കണം, പലരും മൂല്യങ്ങളിൽ നിന്നും അകന്നു': മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
''രാജ്യത്തെ പ്രമുഖ നിയമ സർവകലാശാലകള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവരുടെ ഏക ലക്ഷ്യം അതിവേഗം കോടീശ്വരന്മാരാകുക എന്നതാണ്''

- Published:
26 April 2026 5:13 PM IST

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി Photo- Live Law
ഭോപ്പാൽ: രാജ്യത്തെ പ്രമുഖ നിയമ സർവകലാശാലകള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവരുടെ ഏക ലക്ഷ്യം അതിവേഗം കോടീശ്വരന്മാരാകുക എന്നതാണെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി. സ്വന്തം സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ വേരുകളിൽ നിന്ന് ഈ ബിരുദധാരികൾ അകന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളിൽ ചിന്താപരമായ സ്ഥിരതയും പക്വതയും കൊണ്ടുവരുന്നതിനായി ജൈനമതം, ബുദ്ധമതം, മനുസ്മൃതി, അർത്ഥശാസ്ത്രം തുടങ്ങിയവയുടെ തത്വങ്ങൾ നിയമ സിലബസിൽ ഉൾപ്പെടുത്തണം. ഇതെല്ലാം ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ കടമകളെക്കുറിച്ചും കർമ്മത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന രണ്ടാമത് എൻ.എൽ.ഐ.യു - എസ്.ബി.എ ലോ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇന്ത്യന്‍ ഭരണഘടനയുടെ പല ഭാഗങ്ങളിലും പ്രതിഫലിക്കുന്നത് ഇന്ത്യൻ ചരിത്രവും ഗ്രന്ഥങ്ങളുമാണ്. അതിനാൽ ഇവ നിയമവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. ആധുനിക നിയമപഠനം പലപ്പോഴും വിദ്യാർത്ഥികളെ അവരുടെ സാമൂഹിക മൂല്യങ്ങളിൽ നിന്ന് അകറ്റുകയാണ്. തങ്ങൾ എന്തിനാണ് നിയമം പഠിക്കാൻ തീരുമാനിച്ചത് എന്നതിന്റെ യഥാർത്ഥ ഉദ്ദേശ്യം തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് കഴിയണം''- അദ്ദേഹം പറഞ്ഞു.
നീതിനിർവ്വഹണ സംവിധാനത്തിന്റെ ഭാരതീയവൽക്കരണം വെറുമൊരു നിയമപരിഷ്കാരം മാത്രമല്ല, അത് ഇന്ത്യയുടെ നിയമപരമായ വ്യക്തിത്വം വീണ്ടെടുക്കാനുള്ള നടപടിയാണ്. കൊളോണിയൽ കാലത്തെ നിയമങ്ങൾ കേവലം ശിക്ഷാവിധിയിൽ അധിഷ്ഠിതമായിരുന്നെങ്കിൽ, പുതിയ ഭാരതീയ നിയമങ്ങൾ നീതിയിൽ അധിഷ്ഠിതമാണ്. നിയമത്തെ അത് നിലനിൽക്കുന്ന രീതിയിൽ മാത്രമല്ല പഠിക്കേണ്ടതെന്നും, മറിച്ച് അത് എന്തിനുവേണ്ടിയാണ് നിർമ്മിക്കപ്പെട്ടതെന്ന് പരിശോധിക്കണമെന്നും, അതിനുശേഷം ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് അതിനെ മാറ്റിയെഴുതണമെന്നും ജസ്റ്റിസ് ധർമ്മാധികാരി വ്യക്തമാക്കി.
Adjust Story Font
16
