സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും : ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി
200 ഓളം വരുന്ന ടൂറിസ്റ്റ് വാഹനങ്ങളും അതിലെ യാത്രക്കാരെയും സമീപത്തെ ഗുരുദ്വാരയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു

ഗാങ്ടോക്ക് : കനത്ത മഴയെ തുടർന്ന് നോർത്ത് സിക്കിമിലെ രണ്ടിടങ്ങളിൽ വൻ മണ്ണിടിച്ചിൽ. ലാച്ചങ് - ചുങ്താങ് റോഡിലെ മുഷിതാങ്, ലെമ മേഖലകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും നിലച്ചു. മേഖലയിൽ ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 200 ഓളം വരുന്ന ടൂറിസ്റ്റ് വാഹനങ്ങളും അതിലെ യാത്രക്കാരെയും സമീപത്തെ ഗുരുദ്വാരയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
''മേഖലയിൽ മഴ തുടർന്ന് കൊണ്ടിരിക്കുകയാണ്. ചുങ്താങ് റോഡ് തുറന്നിരിക്കുകയാണെങ്കിലും മഴ മൂലം യാത്രയിൽ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യത നിലവിലുണ്ട്. ആയതിനാൽ നോർത്ത് സിക്കിമിലേക്കുള്ള എല്ലാ യാത്ര പെർമിറ്റുകളും താൽക്കാലികമായി റദ്ദ് ചെയ്തിരിക്കുന്നു" മൻഗൻ എസ്പി സോനം ബൂട്ടിയ അറിയിച്ചു.
വേനൽക്കാലത്തെ പ്രധാന വിനോദസഞ്ചാര മേഖലകളായ ലാച്ചൻ, ലാചുങ്, യുംതാങ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള കണക്ഷൻ റോഡുകളിലെ ഗതാഗവും ബാധിക്കപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തങ്ങൾ തുടരുന്നുണ്ടെങ്കിലും തുടർച്ചയായ മഴ ആശങ്ക ഉയർത്തുന്നു. മേഖലയിൽ അനാവശ്യ സഞ്ചാരങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ നൽകിയതായി പ്രാദേശിക നേതാക്കൾ അറിയിച്ചു.
Adjust Story Font
16

