Quantcast

മീഡിയവൺ വിലക്കിനെതിരെ ഡൽഹിയിൽ പ്രതിഷേധവുമായി മാധ്യമ പ്രവർത്തക സംഘടനകൾ

മീഡിയ വൺ വിലക്ക് ഉടൻ പിൻവലിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഉമാകാന്ത് ലഖേര ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-02-03 17:55:49.0

Published:

3 Feb 2022 1:58 PM GMT

മീഡിയവൺ വിലക്കിനെതിരെ ഡൽഹിയിൽ പ്രതിഷേധവുമായി മാധ്യമ പ്രവർത്തക സംഘടനകൾ
X

മീഡിയവൺ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി ഡൽഹിയിലെ മാധ്യമ പ്രവർത്തക സംഘടനകൾ. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ,ഡൽഹി യൂണിയൻ ഓഫ് ജേർണിലിസ്റ്റ്,കെ.യു.ഡബ്ല്യു.ജെ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മീഡിയവൺ വിലക്ക് ഉടൻ പിൻവലിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഉമാകാന്ത് ലഖേര ആവശ്യപ്പെട്ടു.

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനമില്ലാതെ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ മര്യാദയും കാണിക്കാത്ത നടപടിയാണ്​ മീഡിയവണ്ണിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാറിൽനിന്നുണ്ടായതെന്ന്​ ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ് പ്രസിഡന്‍റ്​ എസ്​.കെ പാണ്ഡെ കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരായ ഡോ. എ.എം ജിഗീഷ്, ബിനു ബേസിൽ, എം. പ്രശാന്ത്, സവാദ് മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

മീഡിയവണിൻറെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടിയിരുന്നു. മീഡിയവണിനെതിരായ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുളള രേഖകൾ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും. മീഡിയവണുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അടക്കം പുറപ്പെടുവിച്ച ഉത്തരവുകളും രേഖകളും പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. തുടർന്ന് കൂടുതൽ രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാർ തിങ്കളാഴ്ച വരെ സമയം തേടി. അതുവരെ ചാനൽ അനുമതി റദ്ദാക്കിയത് മരവിപ്പിച്ച നടപടി നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു.

10 വർഷത്തേക്ക് ചാനലിന് അനുമതി നൽകിയിരുന്നെങ്കിലും തുടർഅനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വകുപ്പിൽനിന്ന് അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ നിഷേധിക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മീഡിയവൺ അതിന് മറുപടി നൽകി. സുരക്ഷാ കാരണങ്ങൾ എന്താണെന്ന് കോടതിയിൽ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും കോടതിക്ക് മുദ്രവെച്ച കവറിൽ നൽകുന്ന രേഖകൾ പരിശോധിക്കാമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ എ.എസ്.ജി അറിയിച്ചു

TAGS :

Next Story