കോർപ്പറേറ്റ് ജിഹാദ് പൊലിപ്പിക്കാൻ കൗമുദി; പൊതുശ്രദ്ധ മാറ്റാൻ ബദൽ വാർത്ത
കൊറോണ ജിഹാദ്, ലവ് ജിഹാദ് തുടങ്ങി, കോടതികൾ തെളിവില്ലെന്ന് കണ്ടു വിട്ട മറ്റു പല പ്രചാരണങ്ങളുടെയും ചേരുവകൾ തന്നെയാണ് ഇതിലും ഉള്ളത്. ഒരു പോലീസ് പരാതി; അതിന്മേൽ പിടിച്ച് ഊതി വീർപ്പിച്ച കഥകൾ.. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി വർഗീയ ധ്രുവീകരണത്തിന് വേണ്ടി നടത്തുന്ന പ്രോപഗാൻഡ. ഒരു തൊഴിലിടത്തിലെ പരാതികൾ വ്യാജങ്ങളോട് ചേർത്ത് വാർത്തയുടെ വേഷമിട്ടും വരികയാണ്—മലയാളത്തിലടക്കം. കേരളകൗമുദി പത്രം വ്യാജ പ്രചാരണങ്ങൾ ഏറ്റെടുത്തു കൊണ്ട് വാർത്തകൾ ചെയ്തു

- Published:
27 April 2026 4:10 PM IST

കാലാവസ്ഥയും മാധ്യമങ്ങളും—കെടുതി കൂടുമ്പോൾ കവറേജ് കുറയുകയാണ്.
യുദ്ധം വിനാശമാണ്. അത് മനുഷ്യരെയും ജീവികളെയും പ്രകൃതിയെയും നശിപ്പിക്കുന്നു. അര ഡസനോളം യുദ്ധങ്ങൾ നടക്കുന്ന കാലമാണിത്. പക്ഷേ ഇതിനേക്കാൾ ഭയക്കേണ്ട മറ്റൊരു വിനാശമുണ്ട്: കാലാവസ്ഥ പ്രതിസന്ധി. പോയ വർഷത്തോടെ സംഭവിച്ച ഒരു നിർണായക കാര്യം, ഭൂമിയുടെ താപോർജ്ജ സന്തുലനം (Energy Balance) ചരിത്രത്തിലാദ്യമായി തകിടം മറിഞ്ഞു എന്നതാണ്. വ്യവസായവൽക്കരണത്തിന് മുൻപുണ്ടായിരുന്നതിലും ഒന്നര ഡിഗ്രി സെൽഷ്യസ് വരെ മാത്രമേ അന്തരീക്ഷ വർദ്ധന ആകാവൂ. പക്ഷേ ഈ പരിധി കടക്കുകയാണ് ഭൂമി. ഏപ്രിൽ 22ന്, ഭൗമ ദിനത്തിൽ, യു.എൻ സെക്രട്ടറി ജനറൽ പതിവുള്ള മുന്നറിയിപ്പ് ആവർത്തിച്ചു.
പതിറ്റാണ്ടുകളായി കടലും കരയും പ്രകൃതി മുഴുവനും നമുക്ക് മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നു. പക്ഷേ മനുഷ്യൻ കരയിലും കടലിലും അതിക്രമം തുടർന്നപ്പോൾ ഭൂമിയുടെ ആവാസ സംവിധാനങ്ങൾ പിടിവിട്ടു തുടങ്ങി. പക്ഷേ ഇത്തവണത്തെ ഭൗമദിന സന്ദേശം പോയിട്ട് ഭൗമദിനം തന്നെ മാധ്യമങ്ങൾ വേണ്ടുംവണ്ണം ശ്രദ്ധിച്ചില്ല. യുദ്ധത്തിലേക്കാണല്ലോ മാധ്യമങ്ങൾക്ക് ശ്രദ്ധ മുഴുവൻ നൽകേണ്ടി വരുന്നത്. ഒരുമിച്ച് നിന്ന് പരിഹാരം കാണേണ്ടവർ ഭിന്നിച്ച് സ്വയം നശിക്കുന്നു.
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിനും യു.എൻ റിപ്പോർട്ടുകൾക്കും പുറമേ, ലോക സാമ്പത്തിക ഫോറത്തിന്‍റെ (വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ) പഠന റിപ്പോർട്ടും ആപദ് സൂചനകൾ നൽകുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധി നേരിട്ട് ബാധിക്കാത്ത ഒന്നും തന്നെ ഭൂമിയിലില്ല. യുദ്ധം അഭയാർത്ഥികളെ ഉണ്ടാക്കുന്നത് പോലെ കാലാവസ്ഥാ തകർച്ചയും അഭയാർത്ഥികളെ സൃഷ്ടിക്കുന്നു. കാലാവസ്ഥ മൂലം അഭയാർത്ഥികളാകേണ്ടി വരുന്നത് ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണെന്ന് ലോക നീതിന്യായ കോടതി കഴിഞ്ഞവർഷം പ്രഖ്യാപിച്ചു. കാലാവസ്ഥ, യുദ്ധം പോലെ, ഒരു രാഷ്ട്രീയവിഷയം കൂടിയാണ് എന്നർത്ഥം.
പറഞ്ഞുവരുന്നത് ഇതാണ്: യുദ്ധത്തെക്കാൾ ഏറെ പ്രത്യാഘാതങ്ങളും അതുകൊണ്ടുതന്നെ വാർത്ത മൂല്യവും ഉള്ളതാണ് കാലാവസ്ഥാ പ്രതിസന്ധി. യുദ്ധവാർത്തകളിൽത്തന്നെ, യുദ്ധമുണ്ടാക്കുന്ന കാലാവസ്ഥാ ദൂഷണം വരാറില്ല. ഇന്ന് കാലാവസ്ഥാപ്രതിസന്ധി നിർണായക ഘട്ടത്തിൽ എത്തിയിരിക്കുന്നു. പക്ഷേ മുഖ്യധാരാ മാധ്യമങ്ങൾ മുമ്പു നൽകിയിരുന്ന കവറേജ് പോലും അതിനിപ്പോൾ നൽകുന്നില്ല. പ്രതിസന്ധി രൂക്ഷമാകും തോറും കവറേജ് കുറയുന്ന വൈരുദ്ധ്യം. മറുപുറവും പറയണം. കാലാവസ്ഥയും പരിസ്ഥിതിയും വലിയ വിഷയമാക്കുന്ന ഏതാനും മാധ്യമങ്ങളെങ്കിലുമുണ്ട്.
ചൂടും തണുപ്പും കാറ്റും പോലുള്ള ഒറ്റപ്പെട്ട കെടുതികൾ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ട് മാത്രം ക്ലൈമറ്റ് കവറേജ് ആകില്ല. ആ കെടുതികൾക്ക് കാരണമായ കാലാവസ്ഥ പ്രതിസന്ധി, അതിന്‍റെ ആധാരങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടുകൾ ആകേണ്ടതുണ്ട്. മാധ്യമങ്ങൾക്ക് രാഷ്ട്രീയ ഡെസ്കും രാഷ്ട്രീയ ലേഖകരും ഉണ്ടല്ലോ. സ്പോർട്സ് ഡെസ്കും സ്പോർട്സ് ലേഖകരും ഉണ്ട്. ബിസിനസ് ഡെസ്കും ബിസിനസ് ലേഖകരും ഉണ്ട്. പക്ഷേ കാലാവസ്ഥ ഡെസ്കോ കാലാവസ്ഥാ ലേഖകരോ ഇല്ല.
കോർപ്പറേറ്റ് ജിഹാദ് പൊലിപ്പിക്കാൻ കൗമുദി
ജിഹാദ് കഥകൾ നിലച്ചിട്ടില്ല. ലവ് ജിഹാദ്, ജനസംഖ്യ ജിഹാദ് തുടങ്ങി അസംഖ്യം ഇനങ്ങളുടെ പട്ടികയിലേക്ക് ഇപ്പോൾ കോർപ്പറേറ്റ് ജിഹാദും. ഈ വിവാദം മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന്. ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (ടി.സി.എസ്) ഒരു സംഘം ജീവനക്കാർ മനുഷ്യ വിഭവ വകുപ്പിന്റെ (എച്ച് ആർ) ഒത്താശയോടെ വർഗീയ അജണ്ട നടപ്പാക്കുന്നു എന്നാണ് പ്രചാരണം. എഫ് ഐ ആറുകളിൽ പോലും പറയാത്ത മതപരിവർത്തന കഥകളും ഗൂഢാലോചന കഥകളും വിടർന്നത് ഒരു മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുണ്ടായ അടുപ്പം ഇടക്കാലത്ത് തകർന്നുപോയ സംഭവത്തിൽ നിന്നാണ്. കൊറോണ ജിഹാദ്, ലവ് ജിഹാദ് തുടങ്ങി, കോടതികൾ തെളിവില്ലെന്ന് കണ്ടു വിട്ട മറ്റു പല പ്രചാരണങ്ങളുടെയും ചേരുവകൾ തന്നെയാണ് ഇതിലും ഉള്ളത്. ഒരു പോലീസ് പരാതി; അതിന്മേൽ പിടിച്ച് ഊതി വീർപ്പിച്ച കഥകൾ.. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി വർഗീയ ധ്രുവീകരണത്തിന് വേണ്ടി നടത്തുന്ന പ്രോപഗാൻഡ. ഒരു തൊഴിലിടത്തിലെ പരാതികൾ വ്യാജങ്ങളോട് ചേർത്ത് വാർത്തയുടെ വേഷമിട്ടും വരികയാണ്—മലയാളത്തിലടക്കം. കേരളകൗമുദി പത്രം വ്യാജ പ്രചാരണങ്ങൾ ഏറ്റെടുത്തു കൊണ്ട് വാർത്തകൾ ചെയ്തു.
ഡിസ്ട്രാക്ഷൻ ന്യൂസ് (Distraction News): പൊതുശ്രദ്ധ മാറ്റാൻ ബദൽ വാർത്ത.
ടി.സി.എസിൽ തൊഴിലിട പീഡനത്തെ പറ്റിയുള്ള പരാതി പെട്ടെന്നാണ് ഗൂഢാലോചനയായും മതപരിവർത്തന ശ്രമമായും പ്രചരിപ്പിക്കപ്പെട്ടത്. എന്തുകൊണ്ട് എന്ന് ചോദ്യത്തിന് ചിലർ പറയുന്ന ഉത്തരം, തൊട്ടുമുൻപ് നാസിക്കിൽത്തന്നെ നടന്ന മറ്റൊരു അറസ്റ്റിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്നാണ്. വാർത്താലോകത്തു നടത്തുന്ന ഒളിപ്പോര്. വാർത്തകൾ വസ്തുതകളല്ലാതാവുകയും പ്രചാരണം മാത്രമാവുകയും ചെയ്യുന്ന കാലത്ത് പൊതുശ്രദ്ധ പിടിച്ചുപറ്റാനുള്ള യുദ്ധം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടക്കും എന്ന കാര്യത്തിൽ സംശയമില്ല. ഖരാത്ത് കേസിൽനിന്ന് ശ്രദ്ധമാറ്റാനാണോ ടി.സി.എസ് കേസ് മാധ്യമങ്ങൾ പൊലിപ്പിച്ചത്?
Adjust Story Font
16
