ഹണിമൂൺ കൊലപാതകം: ഭർത്താവ് രാജയെ കൊല്ലാൻ സോനം 20 ലക്ഷം വാഗ്ദാനം ചെയ്തു, മുൻകൂറായി 15,000 രൂപ നൽകി
ബാക്കി തുക കൊലപാതക ശേഷം നൽകാമെന്നായിരുന്നു വ്യവസ്ഥ

ഇൻഡോര്‍: മേഘാലയ ഹണിമൂൺ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് സോനം 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തായി റിപ്പോര്‍ട്ട്. 15000 രൂപ മുൻകൂറായി നൽകിയെന്നും പൊലീസ് പറയുന്നു.
ആദ്യം നാല് ലക്ഷ രൂപയാണ് നൽകാമെന്ന് പറഞ്ഞത്. പിന്നീട് ക്വട്ടേഷൻ തുക 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. തന്‍റെ കാമുകനായ രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്ന മൂന്ന് പുരുഷന്മാർക്ക് അവർ 15,000 രൂപ മുൻകൂർ പണമായി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ബാക്കി തുക കൊലപാതക ശേഷം നൽകാമെന്നായിരുന്നു വ്യവസ്ഥ. ബെംഗളൂരുവിൽ വെച്ചാണ് പ്രതികൾ ദമ്പതികളെ ആദ്യമായി കണ്ടുമുട്ടിയതെന്നും അവിടെ നിന്ന് മേഘാലയയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറിയെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊലയാളികൾക്ക് രാജയെ കൊല്ലാൻ സാധിച്ചില്ലെങ്കിൽ താൻ ഭര്‍ത്താവിനെ കുന്നിൽ നിന്നും താഴേക്ക് തള്ളിയിടുമെന്ന് സോനം കാമുകനോട് പറഞ്ഞിരുന്നു.
ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് മേഘാലയ പൊലീസ് സോനം രഘുവംശിയെ അറസ്റ്റ് ചെയ്യുന്നത്. അന്ന് തന്നെ അവരെ ഷില്ലോങ്ങിലേക്ക് കൊണ്ടുവന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകൻ രാജ് കുശ്വാഹയെയും മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള മൂന്ന് കരാർ കൊലയാളികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോനം കീഴടങ്ങുന്നത്. "സോനത്തിന് കൂട്ടുനിൽക്കാൻ താൻ ആഗ്രഹിച്ചില്ലെന്നും അവസാന നിമിഷം മേഘാലയയിലേക്ക് പോകാനുള്ള തന്‍റെ പദ്ധതി റദ്ദാക്കിയെന്നും രാജ് കുശ്വാഹ പറഞ്ഞു. മറ്റ് മൂന്ന് പേരോടും പോകരുതെന്ന് അയാൾ ആവശ്യപ്പെട്ടു. എന്നാൽ സോനം ടിക്കറ്റ് ബുക്ക് ചെയ്തിന് ശേഷം മേഘാലയയിലേക്ക് പോയി. അവസാന നിമിഷം കൊലയാളികൾ വിസമ്മതിച്ചപ്പോൾ 15 ലക്ഷം രൂപ നൽകാമെന്ന് സോനം അവരോട് പറഞ്ഞു. ഈ അവകാശവാദങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്'' മേഘാലയ പോലീസിനൊപ്പം അന്വേഷണത്തിൽ പ്രവർത്തിക്കുന്ന ഇൻഡോറിൽ നിന്നുള്ള ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുമ്പ് സോനം ക്ഷീണിതയായി അഭിനയിച്ചതായി കൊലയാളികൾ പറഞ്ഞതായി മേഘാലയ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ, കൊലപാതകം നടത്താൻ സോനം അവരോട് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. സോനത്തെയും മൂന്ന് കൊലയാളികളെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് സംഭവം പുനരാവിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. താമസിയാതെ, മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ ഇൻഡോറിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നു. മേയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സോനം തങ്ങളെ ഒരു സംഘം ആക്രമിച്ചു കൊള്ളയടിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
Adjust Story Font
16

