ഹണിമൂൺ കൊലപാതകം; രാജയുമായുള്ള വിവാഹം നടത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സോനം കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
ഇരുവരും തമ്മിൽ ദീര്‍ഘനാളായി പ്രണയത്തിലാണെന്നും രാജാ രഘുവംശിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നും പറഞ്ഞതായി മേഘാലയ പൊലീസ് വ്യക്തമാക്കുന്നു

ഇൻഡോര്‍: മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതികളായ സോനം രഘുവംശിയും കാമുകൻ രാജ് കുശ്വാഹയും കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ ദീര്‍ഘനാളായി പ്രണയത്തിലാണെന്നും രാജാ രഘുവംശിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നും പറഞ്ഞതായി മേഘാലയ പൊലീസ് വ്യക്തമാക്കുന്നു.
രാജ് കുശ്വാഹയുമായുള്ള ബന്ധത്തെ എതിര്‍ത്ത സോനത്തിന്‍റെ കുടുംബം ഇൻഡോർ ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ സോനം, രാജയെ വിവാഹം കഴിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും അങ്ങനെ തന്നെ ചെയ്തുവെന്നും ഈസ്റ്റ് ഖാസി ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
സോനം രഘുവംശിയുടെ നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തണമെന്ന് രാജാ രഘുവംശിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.എന്നാൽ സോനത്തിനും കാമുകൻ രാജ് കുശ്വാഹയ്ക്കും എതിരെ ധാരാളം തെളിവുകൾ നിലവിലുള്ളതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു.തെളിവുകളുടെ അഭാവമോ തെളിവില്ലാതിരിക്കലോ ആണെങ്കിലും സാധാരണയായി നാർക്കോ പരിശോധന നടത്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.സുപ്രിം കോടതി നിരോധിച്ചതിനാൽ, നാർക്കോ പരിശോധനയുടെ ഫലങ്ങൾ കോടതിയിൽ സ്വീകാര്യമല്ല.
മുഖ്യപ്രതികളായ സോനം രഘുവംശി, രാജ് കുശ്വാഹ എന്നിവരെയും വാടകക്കൊലയാളികളായ ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുർമി എന്നിവരെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ഒരു നാടൻ തോക്ക്, ഫോൺ, രാജയുടെ ആഭരണങ്ങൾ, അഞ്ച് ലക്ഷം രൂപ എന്നിവ അടങ്ങിയ ബാഗ് എന്തിനാണ് സോനം ഉപേക്ഷിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് പൊലീസ് സംശയിക്കുന്നു, തെളിവുകൾ നശിപ്പിച്ചതിന് രണ്ടുപേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.സോനം രഘുവംശി മേഘാലയയിൽ നിന്ന് കൊണ്ടുവന്ന ആഭരണങ്ങൾ ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.റിയൽ എസ്റ്റേറ്റ് ബ്രോക്കര്‍ സിലോമി ജെയിംസ്, സെക്യൂരിറ്റി ഗാർഡ് ബൽവീർ, സോനം ഒളിവിൽ കഴിഞ്ഞിരുന്ന അപ്പാർട്ട്മെന്‍റിന്‍റെ ഉടമ ലോകേന്ദ്ര തോമർ എന്നിവരെ വ്യാഴാഴ്ച ഷില്ലോങ് കോടതിയിൽ ഹാജരാക്കും.സിലോമി ജെയിംസിനെയും ബൽവീറിനെയും ചോദ്യം ചെയ്യലിനായി ഷില്ലോങ്ങിലേക്ക് കൊണ്ടുവരും.
Adjust Story Font
16

