Quantcast

'അയാൾക്കറിയില്ലല്ലോ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന്'; രാജാ രഘുവംശിയും സോനവും ഒരുമിച്ചുള്ള അവസാന വീഡിയോ പുറത്തുവിട്ട് യുട്യൂബര്‍

വീഡിയോയിൽ റെയിൻ കോട്ട് അടങ്ങുന്ന കവറുമായി മല കയറുന്ന സോനത്തിനെ കാണാം

MediaOne Logo

Web Desk

  • Published:

    16 Jun 2025 1:27 PM IST

Sonam with Raja
X

ഇൻഡോര്‍: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊലപ്പെട്ട രാജാ രഘുവംശിയുടെ ഭാര്യ സോനവും കാമുകനും മറ്റ് പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്. ഇതിനിടയിൽ ദമ്പതികളുടെ അവസാന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുട്യൂബറായ ദേവേന്ദര്‍ സിങ്.

മേയ് 23 ന് ചിറാപുഞ്ചിയിലെ നോൻഗ്രിയത്ത് ഗ്രാമത്തിലെ പ്രശസ്തമായ ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് സന്ദർശിക്കാൻ പോയ ദേവേന്ദർ സിങ്, ചിത്രീകരിച്ച യാത്രാ വീഡിയോകളിലൊന്നിൽ അബദ്ധത്തിൽ സോനവും രാജവും പെടുകയായിരുന്നു. ദമ്പതികളുടെ അവസാന വീഡിയോ എന്നാണ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. "ഞങ്ങൾ താഴേക്ക് പോകുമ്പോൾ രാവിലെ 9.45 ആയിരുന്നു. നൊഗ്രിയത്ത് ഗ്രാമത്തിൽ രാത്രി താമസിച്ച ശേഷം ദമ്പതികൾ മുകളിലേക്ക് പോകുകയായിരുന്നു. ഇത് ദമ്പതികളുടെ അവസാന വീഡിയോ ആണെന്ന് ഞാൻ കരുതുന്നു, രാജയുടെ അടുത്ത് നിന്ന് കണ്ടെത്തിയ അതേ വെള്ള ഷർട്ട് ആയിരുന്നു സോനം ധരിച്ചിരുന്നത്,” യൂട്യൂബർ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

വീഡിയോയിൽ റെയിൻ കോട്ട് അടങ്ങുന്ന കവറുമായി മല കയറുന്ന സോനത്തിനെ കാണാം. തൊട്ട് പിന്നിലായി വെള്ളക്കുപ്പിയും ചിപ്സും കയ്യിൽ പിടിച്ച് രാജയുമുണ്ട്. അസ്വഭാവികതയൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻൻ പോകുന്നതെന്ന് രാജക്ക് അറിയാമായിരുന്നില്ലല്ലോ എന്നും സിങ് പറയുന്നു. ഈ വീഡിയോ കാണുമ്പോഴെല്ലാം തനിക്ക് സങ്കടം തോന്നിയെന്നും സിങ് കുറിച്ചു.

മേയ് 23 ന് രാവിലെ 5.30 നും 6നും ഇടയിൽ ഷിപ്ര ഹോംസ്റ്റേയിൽ നിന്ന് രാജയും സോനവും ചെക്ക് ഔട്ട് ചെയ്ത ശേഷമാണ് ട്രെക്കിംഗ് റൂട്ടിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. അന്നുതന്നെ രാജ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. ദിവസങ്ങൾക്ക് ശേഷം 1,000 അടി താഴ്ചയുള്ള ഒരു മലയിടുക്കിൽ നിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. താമസിയാതെ, മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ ഇൻഡോറിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നു. മേയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സോനം തങ്ങളെ ഒരു സംഘം ആക്രമിച്ചു കൊള്ളയടിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

TAGS :

Next Story