മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭര്‍ത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യ, 17 ദിവസങ്ങൾക്ക് ശേഷം യുവതിയെ കണ്ടെത്തി
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നവവരനെ കൊലപ്പെടുത്താൻ യുവതി കൊലയാളികളെ വാടകക്ക് എടുത്തുവെന്നാണ് വിവ

ഇൻഡോര്‍: മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തിൽ കണ്ടെത്തി. ഭര്‍ത്താവിന്‍റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് പിന്നാലെ ഭാര്യയെ ജീവനോടെ കണ്ടെത്തി. യുവതിയാണ് ഭര്‍ത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നവവരനെ കൊലപ്പെടുത്താൻ യുവതി കൊലയാളികളെ വാടകക്ക് എടുത്തുവെന്നാണ് വിവരം. " ഇൻഡോറിൽ നടന്ന ഒരാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു." മേഘാലയ ഡിജിപി ഡിജിപി ഐ നോങ്‌റാങ് അറിയിച്ചു. കേസ് തെളിയിച്ചതിന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പൊലീസിനെ അഭിനന്ദിച്ചു. "ഏഴു ദിവസത്തിനുള്ളിൽ, രാജ കൊലപാതക കേസിൽ മേഘാലയ പൊലീസ് ഒരു പ്രധാന വഴിത്തിരിവ് കണ്ടെത്തി. മധ്യപ്രദേശിൽ നിന്നുള്ള 3 അക്രമികളെ അറസ്റ്റ് ചെയ്തു, ഒരു സ്ത്രീ കീഴടങ്ങി, മറ്റൊരു അക്രമിയെ പിടികൂടാനുള്ള ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്," അദ്ദേഹം എക്സിൽ കുറിച്ചു.
കാണാതായി 17 ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയിൽ (ധാബ) നിന്നാണ് സോനത്തെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാണാതായ സമയത്ത് എന്താണ് സംഭവിച്ചതെന്ന് യുവതി വ്യക്തമാക്കിയിട്ടില്ല. അതേസമയം, മകൾക്കെതിരായ കൊലപാതകക്കുറ്റം സോനത്തിന്റെ പിതാവ് തള്ളിക്കളഞ്ഞു. മേഘാലയ പോലീസ് കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ആരോപിച്ചു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച, മേഘാലയയിലെ ചിറാപുഞ്ചിക്കടുത്തുള്ള ഒരു മലയിടുക്കിൽ നിന്നാണ് യുവതിയുടെ ഭര്‍ത്താവ് രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു. കേസിൽ രഘുവംശിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മേയ് 23നാണ് രഘുവംശിയെയും ഭാര്യ സോനത്തെയും ഇൻഡോറിലെ ഹണിമൂൺ ആഘോഷത്തിനിടെ കാണാതാകുന്നത്. ജൂൺ 2 ന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ സോനത്തെ കണ്ടെത്താനായില്ല. കാണാതായ ദിവസം സോനത്തിനും രാജക്കുമൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ''നാല് പുരുഷൻമാര്‍ മുന്നിൽ നടക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് പിന്നിലായി യുവതിയും. പുരുഷൻമാര്‍ ഹിന്ദിയാണ് സംസാരിച്ചത്. പക്ഷേ എനിക്ക് ഖാസിയും ഇംഗ്ലീഷും മാത്രമേ അറിയൂ എന്നതിനാൽ അവർ എന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല," ഗൈഡായ ആൽബര്‍ട്ട് പറഞ്ഞു.
മേയ് 22 ന്, ദമ്പതികളെ നോംഗ്രിയാറ്റിലേക്ക് വഴികാട്ടാമെന്ന് ആൽബര്‍ട്ട് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദമ്പതികൾ നിരസിക്കുകയായിരുന്നു. എന്നാൽ അവർ ഭാ വാൻസായി എന്ന മറ്റൊരു ഗൈഡിനെ നിയമിച്ചു, രാത്രി മുഴുവൻ ഷിപ്പാറ ഹോംസ്റ്റേയിൽ താമസിച്ചു, പിറ്റേന്ന് ഗൈഡില്ലാതെ തിരിച്ചെത്തി."ഞാൻ മൗലഖിയാത്തിൽ എത്തിയപ്പോഴേക്കും അവരുടെ സ്കൂട്ടർ അവിടെ ഉണ്ടായിരുന്നില്ല," ആൽബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ബിസിനസുകാരനാണ് രാജ. ദമ്പതികൾ സൊഹ്‌റയിലെ (ചിറാപുഞ്ചി) കുന്നുകളിലേക്ക് പോയിരുന്നു. മേയ് 22 ന് വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ അവർ മൗലഖിയത്ത് ഗ്രാമത്തിൽ എത്തി.തുടര്‍ന്ന് നോൻഗ്രിയാറ്റ് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ കാണാൻ പോവുകയും രാത്രി അവിടെ തങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഹോം സ്റ്റേയിൽ നിന്നിറങ്ങിയതിന് ശേഷമാണ് ഇരുവരും അപ്രത്യക്ഷരാകുന്നത്.
Adjust Story Font
16

