Quantcast

ഹണിമൂണ്‍ കൊലപാതകം: യുവതിയെ കൊന്ന് മൃതദേഹം കത്തിച്ച് സോനത്തിന്റേതാക്കി തീർക്കാനും ശ്രമം; നിര്‍ണായക വെളിപ്പെടുത്തല്‍

ആസൂത്രണം തുടങ്ങിയത് വിവാഹത്തിന് മൂന്ന് മാസം മുമ്പ്

MediaOne Logo

Web Desk

  • Published:

    13 Jun 2025 3:09 PM IST

ഹണിമൂണ്‍ കൊലപാതകം: യുവതിയെ കൊന്ന്  മൃതദേഹം കത്തിച്ച് സോനത്തിന്റേതാക്കി തീർക്കാനും ശ്രമം; നിര്‍ണായക വെളിപ്പെടുത്തല്‍
X

ഷില്ലോങ്: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ സോനവും കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി പൊലീസ്.ഇതിനായി അജ്ഞാതയായ ഒരു സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ കൊലയാളികൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സത്യം പുറത്തുവരുന്നതുവരെ സോനത്തിന് ഒളിവിൽ കഴിയാൻ കൂടുതൽ സമയം ഇതുവഴി കിട്ടുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടലെന്നും പൊലീസ് പറയുന്നു.

ഇന്‍ഡോറിലെ വ്യവസായിയായ രാജാ രഘുവംശിയെ വധിക്കാനുള്ള ഗൂഢാലോചന വിവാഹത്തിന് തൊട്ടുമുമ്പ് ഇൻഡോറിൽ വെച്ചാണ് പ്രതികള്‍ ആസൂത്രണം ചെയ്തത്. രാജ കൊല്ലപ്പെടുന്നതിന് മുമ്പ് കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പദ്ധതികൾ ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് നടന്നില്ലെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.സോനം നദിയിൽ ഒലിച്ചുപോയി എന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതായിരുന്നു പ്രതികളുടെ ഒരു പദ്ധതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു, ഏതെങ്കിലും സ്ത്രീയെ കൊലപ്പെടുത്തി ആ വ്യക്തിയുടെ മൃതദേഹം സോനത്തിന്റെ സ്കൂട്ടറിൽ ഇട്ട് കത്തിച്ച് അത് സോനത്തിന്റേതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മറ്റൊരു പദ്ധതി.

രാജ് ഖുശ്വാഹ ഉൾപ്പെടെ അറസ്റ്റിലായ നാല് കൊലയാളികളും സോനത്തിന്റെയും രാജിന്റെയും സുഹൃത്തുക്കളാണെന്നും അവരിൽ ഒരാൾ സോനത്തിന്റെയും രാജിന്റെ ബന്ധുവാണെന്നും പൊലീസ് പറയുന്നു.വിവാഹത്തിന് മൂന്ന് മാസം മുമ്പ് ഫെബ്രുവരിയിൽ തന്നെ കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നു.

മെയ് 19 ന് നവദമ്പതികൾ അസമിൽ എത്തുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ അവിടെ പ്രതികളെത്തിയിരുന്നു.ആദ്യം ഗുവാഹത്തിയിലെവിടെയെങ്കിലും രാജയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. രണ്ട് പദ്ധതികളും ഫലിക്കാത്തതിനാൽ, അവർ ഷില്ലോങ്ങിലേക്കും പിന്നീട് സൊഹ്‌റയിലേക്കും വരാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാവരും നോംഗ്രിയാറ്റിൽ കണ്ടുമുട്ടുകയും വീസവ്‌ഡോംഗ് വെള്ളച്ചാട്ടത്തിനായി ഒരുമിച്ച് പുറപ്പെടുകയും ചെയ്തു. അവിടെ വെച്ച് മൂവരും ചേർന്ന് പാർക്കിംഗ് സ്ഥലത്ത് രാജയെ കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം മലയിടുക്കിലേക്ക് എറിയുകയായിരുന്നു.

മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. താമസിയാതെ, മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ ഇൻഡോറിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നു. മേയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സോനം തങ്ങളെ ഒരു സംഘം ആക്രമിച്ചു കൊള്ളയടിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

TAGS :

Next Story