Quantcast

ഹോളിയെ ചില മതഭ്രാന്തർ ന്യൂനപക്ഷത്തിന് ഭയത്തിന്റെ ആഘോഷമാക്കി മാറ്റി: മെഹബൂബ മുഫ്തി

യുപിയിലെ സംഭലിലും ഷാജഹാൻ പൂരിലുമടക്കം വിവിധയിടങ്ങളിൽ ഹോളിയാഘോഷങ്ങളുടെ ഭാ​ഗമായി മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടിയ സാഹചര്യത്തിലാണ് മെഹബൂബയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2025-03-14 12:46:41.0

Published:

14 March 2025 12:44 PM GMT

Mehbooba Mufti Says Some Bigots Turned Holi celebrations into source of fear
X

ശ്രീന​ഗർ: ഹോളിയെ ന്യൂനപക്ഷങ്ങൾക്ക് ഭയത്തിന്റെ ആഘോഷമാക്കി ചില മതഭ്രാന്തർ മാറ്റിയെന്ന് പിഡിപി ജനറൽ സെക്രട്ടറി മെഹബൂബ മുഫ്തി. അധികാരത്തിലിരിക്കുന്നവരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും അവർ ആരോപിച്ചു. റമദാനിലെ രണ്ടാം വെള്ളിയാഴ്ചയും ഹോളിയും ഒരുമിച്ചുവന്നതിനെ തുടർന്ന് യുപിയിലെ സംഭലിലും ഷാജഹാൻ പൂരിലുമടക്കം വിവിധയിടങ്ങളിൽ ഹോളിയാഘോഷങ്ങളുടെ ഭാ​ഗമായി മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടിയ സാഹചര്യത്തിലാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

'എനിക്ക് ഹോളി എപ്പോഴും ഇന്ത്യയുടെ ഗംഗാ- യമുന തെഹ്സീബിന്റെ പ്രതീകമാണ്. ഉത്സവത്തിനായി ആകാംക്ഷയോടെ കാത്തിരുന്നതും എന്റെ ഹിന്ദു സുഹൃത്തുക്കൾക്കൊപ്പം അത്യധികമായ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി അത് ആഘോഷിക്കുന്നതും ഞാൻ സ്നേഹപൂർവം ഓർക്കുന്നു'- മെഹബൂബ എക്സിൽ കുറിച്ചു.

എന്നാൽ, ആ ഹോളി ആഘോഷത്തെ ചില മതഭ്രാന്തർ ഭരണത്തിലിരിക്കുന്നവരുടെ അം​ഗീകാരത്തോടെ ന്യൂനപക്ഷങ്ങളിൽ ഭയത്തിന്റെ ഉറവിടമാക്കി മാറ്റി. ഇന്ത്യ ഉണരേന്ത്യ സമയമാണിത്- അവർ വ്യക്തമാക്കി. ഹിന്ദുക്കളെയും മുസ്‌ലിംകളെയും പരസ്പരം എതിരാളികളാക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യാഴാഴ്ച അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ശാഹി ജുമാമസ്ജിദടക്കം 10 പള്ളികളാണ് യുപിയിലെ സംഭലിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ടാർപോളിനും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ച് അധികൃതർ മൂടിയത്. മുസ്‍ലിംകളുടെ പുണ്യമാസമായ റമദാൻ മാസത്തിലെ വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളി എന്നതിനാൽ‌ ഇരുമതവിഭാഗങ്ങളുടെയും ആചാരങ്ങളും സുഗമമായും സമാധാനപരമായും നടത്തുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്താനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

ഷാജഹാൻപൂരിൽ ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി 70 മുസ്‍ലിം പള്ളികളാണ് ടാർപോളിൻ കൊണ്ട് മൂടിക്കെട്ടിയത്. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ തീരുമാനിച്ചതെന്നാണ് ജില്ലാ ഭരണകൂട ഭാഷ്യം.

ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി നിർമിച്ചതെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ കേസ് നടക്കുന്നതിനാൽ ഷാഹി മസ്ജിദിനെ കോടതി തർക്കഭൂമിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ മസ്ജിദിൽ സർവേ നടത്താനുള്ള നീക്കത്തിനെതിരെ നടന്ന സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.




TAGS :

Next Story