Quantcast

ഹോളി ആഘോഷം; യുപിയിൽ ടാർപോളിൻ ഉപയോഗിച്ച് മൂടിയ പള്ളികളിൽ സംഭൽ ശാഹി ജുമാമസ്ജിദും

മുസ്‍ലിംകളുടെ പുണ്യമാസമായ റമദാൻ മാസത്തിലെ വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളി

MediaOne Logo

Web Desk

  • Published:

    12 March 2025 5:21 PM IST

ഹോളി ആഘോഷം; യുപിയിൽ ടാർപോളിൻ ഉപയോഗിച്ച് മൂടിയ പള്ളികളിൽ സംഭൽ ശാഹി ജുമാമസ്ജിദും
X

ലഖ്നൗ: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ടാർപോളിൻ ഉപയോഗിച്ച് മൂടിയ പള്ളികളിൽ സംഭൽ ശാഹി ജുമാമസ്ജിദും. ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി നിർമ്മിച്ചതെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ കേസ് നടക്കുന്നതിനാൽ ഷാഹി മസ്ജിദിനെ കോടതി തർക്ക ഭൂമിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ മസ്ജിദിൽ സർവേ നടത്താൻ ഉള്ള നീക്കത്തിന് തീരെ നടന്ന സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭലിൽ ഷാഹി ജുമാമസ്ജിദ് ഉൾപ്പടെ 10 പള്ളികളാണ് പ്ലാസ്റ്റിക് ഷീറ്റുകളും ടാർപോളിനുകളും കൊണ്ട് പോലീസ് മൂടാൻ തീരുമാനിച്ചത്. മുസ്‍ലിംകളുടെ പുണ്യമാസമായ റമദാൻ മാസത്തിലെ വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളി. അതിനാൽ ഇരുമതവിഭാഗങ്ങളുടെയും ആചാരങ്ങളും സുഗമമായും സമാധാനപരമായും നടത്തുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്താനാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.

യുപിയിലെ ഷാജഹാൻപൂരിൽ ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടിയിട്ടുണ്ട്. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഷാജഹാൻപൂർ ജില്ലയിൽ 'ജൂട്ടാ മാർ ഹോളി' എന്ന പേരിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റർ നീളുന്ന ഘോഷയാത്രയിൽ ആളുകൾ ചെരുപ്പുകൾ ഉപയോഗിച്ചുള്ള 'ജൂട്ടാ മാർ ഹോളി' കളിയിൽ ഏർപ്പെടും.

ഇത്തരം ആഘോഷങ്ങൾക്കിടയിൽ പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുൻകരുതൽ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

TAGS :

Next Story