'പുരുഷ സംവരണം ന്യായീകരിക്കാനാവില്ല'; വ്യോമസേനയിൽ വനിതകൾക്കും പൈലറ്റ് നിയമനം നൽകണമെന്ന് ഡൽഹി ഹൈക്കോടതി
സേനയിൽ പ്രവേശിക്കുന്ന വനിതകൾക്ക് പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു

ന്യൂഡൽഹി: വ്യോമസേനയിലെ പൈലറ്റ് തസ്തികകളില്‍ പുരുഷന്മാര്‍ക്ക് മാത്രമായി സംവരണമുള്ളത് ന്യായീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പുരുഷന്മാരെ മാത്രം നിയമിക്കുന്ന കാലം കഴിഞ്ഞെന്ന് ഓർമപ്പെടുത്തിയ കോടതി പരാതിക്കാരിയെ പൈലറ്റായി നിയമിക്കാന്‍ ഉത്തരവിട്ടു.
സേനയിൽ ആൺ-പെൺ വിവേചനം അനുവദിക്കാവുന്ന കാലമല്ലെന്നും യോഗ്യരായ വനിതകളെ നിയമിക്കണമെന്നും ജസ്റ്റിസ് സി. ഹരിശങ്കറും ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയുമടങ്ങിയ ബെഞ്ച് നിർദേശിച്ചു. സേനയിൽ പ്രവേശിക്കുന്ന വനിതകൾക്ക് പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മേയ് 17നാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് വനിതകള്‍ക്കും ശേഷിച്ച 90 എണ്ണം പുരുഷന്മാര്‍ക്കുമായി സംവരണം ചെയ്തിരുന്നു. വനിതകള്‍ക്കുള്ള രണ്ടൊഴിവിലേക്കും നിയമനമായെങ്കിലും പുരുഷന്മാരുടെ 90 ഒഴിവില്‍ 70 എണ്ണമേ നികത്താനായുള്ളൂ.
പിന്നാലെ വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള അര്‍ച്ചന എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തസ്തികയ്ക്കാവശ്യമായ ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് ഹരജിക്കാരിക്കുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
ഒഴിവു നികത്താത്ത 20 തസ്തികകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തിട്ടില്ല. എന്നാൽ അതിലേക്ക് പുരുഷന്മാർക്കു മാത്രമേ നിയമനം നൽകാനാകൂ എന്നില്ല. 20 ഒഴിവുകളുണ്ടായിട്ടും വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാമതുള്ള ഹരജിക്കാരിയെ നിയമിക്കാത്തതിന് ന്യായീകരണമില്ല. ബാക്കിയുള്ള സീറ്റുകളിൽ യോഗ്യരായ വനിതകളെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു.
Adjust Story Font
16

