ഊര്‍ജ പ്രതിസന്ധിയില്‍ ഇന്ത്യക്ക് നേരിയ ആശ്വാസം, രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു; ദൃശ്യങ്ങള്‍ പങ്കുവെച്ച് കേന്ദ്രം
ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ കപ്പലുകള്‍ കടലിടുക്ക് കടക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു

- Published:
24 March 2026 5:04 PM IST

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് കടലിടുക്ക് അടച്ചതിലൂടെയുണ്ടായ ഊര്‍ജപ്രതിസന്ധിയില്‍ ഇന്ത്യക്ക് നേരിയ ആശ്വാസം. രാജ്യത്ത് റിഫൈനറികളുടെ പ്രവര്‍ത്തനം പൂര്‍ണശേഷിയിലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആവശ്യത്തിന് പെട്രോളും ഡീസലും സ്‌റ്റോക്കുണ്ടെന്നും രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മൂസ് കടന്നുവെന്നും മന്ത്രാലയം അറിയിച്ചു. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ കപ്പലുകള്‍ കടലിടുക്ക് കടക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. കപ്പലുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇന്ത്യന്‍ തീരത്തെത്തും.
യുദ്ധഭീതി അതിരൂക്ഷമായി തുടരുന്നതിനിടെ പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതി പ്രകാരമാണ് ഇന്ത്യന്‍ കപ്പലുകള്‍ വരുന്നത്. 92,612.59 മെട്രിക് ടണ്‍ എല്‍പിജിയാണ് കപ്പലിലുള്ളത്. 60-ഓളം നാവികരുണ്ടെന്നാണ് വിവരം. എത്രയും വേഗം രണ്ട് കപ്പലുകളും ഇന്ത്യന്‍ തീരത്തെത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കുകയായിരുന്നു. ജഗ് വസന്ത് കുവൈത്തില്‍ നിന്നും പൈന്‍ ഗ്യാസ് യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി സ്വീകരിച്ചത്. എന്നാല്‍, യുദ്ധമാരംഭിച്ചതോടെ ഇവ രാജ്യത്തെത്തിക്കാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു.
അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തെ തുടര്‍ന്നുണ്ടായ ഊര്‍ജപ്രതിസന്ധിയില്‍ രാജ്യത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കിയിരുന്നു. യുദ്ധം രാജ്യത്തിന്റെ അവശ്യവസ്തുക്കളുടെ ലഭ്യതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും എത്രയും വേഗം അവസാനിപ്പിക്കണമെന്ന ആവശ്യം പശ്ചിമേഷ്യന്‍ രാജ്യത്തലവന്മാരുടെ മുന്നിലേക്ക് ഉയര്‍ത്തിയിരുന്നെന്നും മോദി പറഞ്ഞു. രാജ്യത്ത് നിലവില്‍ ഇന്ധന പ്രതിസന്ധിയെ മറികടക്കാനുള്ള സാഹചര്യമാണുള്ളതെന്നും ഇന്ധനങ്ങള്‍ കൂടുതല്‍ സംഭരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Visuals of Pine Gas LPG Carrier, which crossed the Strait of Hormuz
— ANI (@ANI) March 24, 2026
Two Indian LPG carriers, Jag Vasant and Pine Gas, carrying 92,612.59 MT of LPG, have transited through the Strait of Hormuz. The vessels have 33 and 27 Indian seafarers onboard, respectively. These vessels are… pic.twitter.com/nkc12f3Tnh
Adjust Story Font
16
