പട്ടികജാതിയിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം; കേന്ദ്ര മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷം
ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും മകനും ബിഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനും പട്ടികജാതി വിഭാഗത്തിനുള്ളിൽ ഉപസംവരണം വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്

- Published:
30 Aug 2026 10:34 AM IST

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ രണ്ട് പ്രധാന ദലിത് നേതാക്കളും ബിഹാർ എൻഡിഎയിലെ സഖ്യകക്ഷികളുമായ ചിരാഗ് പസ്വാനും ജിതൻ റാം മാഞ്ചിയും തമ്മിൽ സംവരണ വിഷയത്തിൽ തർക്കം രൂക്ഷമാകുന്നു. പട്ടികജാതി സംവരണത്തിൽ 'ക്രീമിലെയർ' തത്വം നടപ്പിലാക്കുന്നതിലും ഉപസംവരണം നടപ്പാക്കുന്നതിലുമുള്ള അഭിപ്രായവ്യത്യാസമാണ് വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയത്.
ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും മകനും ബിഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനും പട്ടികജാതി വിഭാഗത്തിനുള്ളിൽ ഉപസംവരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ദലിത് വിഭാഗത്തിലെ കൂടുതൽ പിന്നാക്കം നിൽക്കുന്ന മുസാഹർ തുടങ്ങിയ സമുദായങ്ങൾക്ക് നിലവിലെ സംവരണ ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കുന്നില്ല. അതിനാൽ ദലിത് സംവരണത്തിൽ ഉപവിഭാഗങ്ങൾ സൃഷ്ടിക്കുകയും ക്രീമിലെയർ നടപ്പിലാക്കുകയും വേണം എന്നാണ് മാഞ്ചിയുടെ ആവശ്യം.
എന്നാൽ ലോക് ജനശക്തി പാർട്ടി അധ്യക്ഷനായ ചിരാഗ് പസ്വാൻ ഈ ആവശ്യത്തെ ശക്തിയായി എതിർത്തു. സംവരണം എന്നത് സാമ്പത്തിക പദ്ധതിയില്ല, മറിച്ചു നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക അസമത്വത്തിനും അയിത്തത്തിനുമെതിരെയുള്ള ഭരണഘടനാപരമായ സംരക്ഷണമാണെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. പട്ടികജാതിക്കാർക്കിടയിൽ ക്രീമിലെയർ നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന ജിതൻ റാം മാഞ്ചിയും അദ്ദേഹത്തിന്റെ മകനും ആദ്യം സ്വന്തം സ്ഥാനങ്ങൾ രാജിവെച്ച് ആനുകൂല്യങ്ങൾ ഉപേക്ഷിക്കണമെന്ന് ചിരാഗ് പസ്വാൻ തുറന്നടിച്ചു. ദലിത് സമൂഹത്തിനിടയിൽ ഭിന്നതയുണ്ടാക്കാനേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ പാസ്വാന് മറുപടിയുമായി മാഞ്ചി വീണ്ടും രംഗത്തെത്തി. 'ഞാനും സന്തോഷും ദലിതരുടെ വിശാല താത്പര്യങ്ങൾ മുന്നിൽനിർത്തി ഉയർത്തുന്ന വിഷയങ്ങൾ മനസിലാക്കാൻ കഴിയാത്ത ചിരാഗ് പസ്വാനാണ് രാജിവെക്കേണ്ടത്, അല്ലാതെ ഞങ്ങളല്ല. ദലിത് വിഭാഗങ്ങൾക്കിടയിൽ കൂടുതൽ ദുർബലരായ ചില ജാതിക്കാരുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. ഒരു ഉപവിഭാഗം രൂപീകരിച്ചാൽ മാത്രമേ അവർക്ക് കൃത്യമായ ക്ഷേമപദ്ധതികൾ എത്തിക്കാൻ സാധിക്കൂ. ഇതിൽ ക്രീമിലെയറിന്റെ ചോദ്യം എവിടെ നിന്നാണ് ഉയർന്നുവരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല''- മാഞ്ചി പറഞ്ഞു.
Adjust Story Font
16
