സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ എം.കെ മുത്തു അന്തരിച്ചു
കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു.
നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.
മുത്തുവിനെ രാഷ്ട്രീയത്തിൽ പിൻഗാമിയാക്കാനാണ് ആദ്യം കരുണാനിധി ആഗ്രഹിച്ചത്. പിന്നീട് എംജിആറിനെ നേരിടാൻ മുത്തുവിനെ കരുണാനിധി സിനിമയിലേക്ക് ഇറക്കി. 1970കളിൽ ചില സിനിമകളിൽ നായകനായെങ്കിലും വിജയിച്ചില്ല. ഇതിന് ശേഷം അച്ഛനും മകനുമായി തർക്കമുണ്ടായി. എൺപതുകളോടെ ഇരുവരും അകന്നു. ഇതോടെ മുത്തു ഡിഎംകെ വിട്ട് ജയലളിതയ്ക്കൊപ്പം എഐഎഡിഎംകെയിലേക്ക് പോയി.
2009ൽ രോഗബാധിതനായിരിക്കെ അച്ഛൻ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവർക്കും ഇടയിലുണ്ടായിരുന്ന പിണക്കം മാറിയത്. രണ്ടു ദശകങ്ങളായി രോഗബാധിതനായിരുന്നു. വളരെ ചുരുക്കമായേ പൊതുവേദികളിൽ എത്തിയിരുന്നുള്ളൂ.
Adjust Story Font
16

