Quantcast

മൂന്നാം ക്ലാസുകാരന്‍റെ മൃതദേഹം കുളത്തില്‍; അയൽവാസികളായ ദമ്പതികളെ തല്ലിക്കൊന്ന് നാട്ടുകാർ

ദമ്പതികളുടെ വീടിന്റെ ഒരു ഭാഗവും ജനക്കൂട്ടം കത്തിച്ചെന്നും പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Published:

    7 Sept 2025 8:03 AM IST

മൂന്നാം ക്ലാസുകാരന്‍റെ മൃതദേഹം കുളത്തില്‍; അയൽവാസികളായ ദമ്പതികളെ തല്ലിക്കൊന്ന് നാട്ടുകാർ
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട നിഷിന്താപൂരിൽ മൂന്നാംക്ലാസുകാരന്‍റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അയൽവാസികളായ ദമ്പതികളെ നാട്ടുകാർ അടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കളിക്കാൻ പോയ കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെയോടെ ദമ്പതികളായ ഉത്തം മൊണ്ടോൾ, ഭാര്യ സോമ എന്നിവരുടെ വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാർപോളിൻ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാരോപിച്ചാണ് ​ഗ്രാമവാസികൾ ഇരുവരെയും അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ ഉത്തം മൊണ്ടോളിൻെറ വീട് ആക്രമിക്കുകയും വീട്ടിൽ നിന്ന് വലിച്ചിറക്കി കൊല്ലുകയുമായിരുന്നു.

കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം, ചില ഗ്രാമവാസികൾ ഉത്തമിന്റെ വീട് ഉപരോധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഉത്തം സമ്മതിച്ചെന്ന് ഗ്രാമവാസികൾ അവകാശപ്പെട്ടെന്നും പൊലീസ് പറയന്നു. പിന്നാലെ ഗ്രാമവാസികളിൽ ഒരു വിഭാഗം ഉത്തമിനെയും ഭാര്യയെയും വീടിന് മുന്നിൽ വലിച്ചിഴച്ചു കൊണ്ടുപോയി.വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഗ്രാമവാസികൾ ദമ്പതികളെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ദമ്പതികളുടെ വീടിന്റെ ഒരു ഭാഗവും ജനക്കൂട്ടം കത്തിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കുട്ടിയുടെ മരണത്തിൽ ഉത്തമിനും കുടുംബത്തിനും അല്ലെങ്കിൽ മറ്റാരെങ്കിലുമോ പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

ദമ്പതികളെ തല്ലിക്കൊന്ന സംഭവത്തിൽ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട കുട്ടിയുടെയും ദമ്പതികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ആൾക്കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ വർധിച്ചിപ്പിട്ടുണ്ട്.

അതേസമയം, ദമ്പതികളുമായി തങ്ങൾക്ക് ഒരു ശത്രുതയും ഇല്ലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നാട്ടുകാരുടെ ആക്രമണത്തിൽ ഉത്തമിന്റെ കുടുംബത്തിലെ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ​ഗുരുതരാവസ്ഥയിലുള്ള ഇയാൾ കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story