Quantcast

'ആധുനിക ദുര്യോധനൻ'; രാജ് താക്കറെയുടെ ഉയര്‍ച്ചയെ എന്നും എതിര്‍ത്തിരുന്ന നേതാവാണ് ഉദ്ധവെന്ന് ഷിന്‍ഡെ വിഭാഗം ശിവസേന

അവിഭക്ത പാർട്ടിക്കുള്ളിൽ തന്‍റെ ബന്ധുവിനെ ഉയർന്നുവരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2025-04-22 01:08:00.0

Published:

21 April 2025 9:10 PM IST

Raj Thackeray and Uddhav Thackeray
X

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന(യുബിടി)യുടെയും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാൺ സേനയുടെയും ലയനവാര്‍ത്തകൾക്കിടെ ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഷിൻഡെ വിഭാഗം ശിവസേന രംഗത്ത്. അവിഭക്ത പാർട്ടിക്കുള്ളിൽ തന്‍റെ ബന്ധുവിനെ ഉയർന്നുവരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഉദ്ധവിനെ ആധുനിക ദുര്യോധനന്‍ എന്നാണ് ശിവസേന വക്താവും താനെ എംപിയുമായ നരേഷ് മസ്കെ വിശേഷിപ്പിച്ചത്.

രാഷ്ട്രീയത്തിൽ തന്‍റെ സ്ഥാനം നിലനിർത്താനുള്ള ഉദ്ധവ് താക്കറെയുടെ തന്ത്രമാണ് ലയനത്തിന് പിന്നിലെന്നും മസ്കെ ആരോപിച്ചു. തന്‍റെ പാർട്ടിയിൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കളുടെ അഭാവം മൂലമാണ് ശിവസേന (യുബിടി) രാജ് താക്കറെക്കെതിരെ ആക്രമണങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഉദ്ധവിന്‍റെ സേനക്ക് ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കൾ ഇല്ല.ഈ തിരിച്ചറിവാണ് അവരെ രാജ് താക്കറെയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.ലോക്‌സഭയിലും രാജ്യസഭയിലും പാർട്ടി നിലനിൽപ്പ് പ്രതിസന്ധി നേരിടുന്നുണ്ട്'' മസ്കെ പറഞ്ഞു. അവിഭക്ത ശിവസേനയിൽ രാജ് താക്കറെയുടെ ഉയർച്ചയെ ഉദ്ധവ് പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നുവെന്ന് മസ്കെ ചൂണ്ടിക്കാട്ടി.

"ബാലാസാഹേബ് താക്കറെ പ്രധാന ഉത്തരവാദിത്തങ്ങൾ നൽകാൻ നിർദേശിച്ചപ്പോഴും ഉദ്ധവ് തന്‍റെ സഹോദരൻ രാജ് താക്കറെയെ പാർട്ടിക്കുള്ളിൽ ഉയരാൻ അനുവദിച്ചില്ല'' മസ്കെയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവസേനയുടെ (യുബിടി) പ്രലോഭനങ്ങളിൽ രാജ് താക്കറെ വീഴില്ലെന്ന് മസ്കെ ഉറപ്പിച്ചു പറഞ്ഞു."അവിഭക്ത സേനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അവർ അദ്ദേഹത്തെ മുങ്ങുന്ന കപ്പലിൽ കയറ്റാൻ ആഗ്രഹിക്കുന്നു - പക്ഷേ രാജ് ഒരു നിഷ്കളങ്കനായ രാഷ്ട്രീയക്കാരനല്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "അവർ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കായി 1 മുതൽ 5 വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠന മാധ്യമമായി കൊണ്ടുവരുന്നതിനെയും അവർ എതിർക്കുന്നു. അഞ്ചാം ക്ലാസ്സിന് ശേഷം ഹിന്ദി പഠിപ്പിക്കുന്നുണ്ട്. വോട്ടിന് വേണ്ടി മാത്രമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അവർ ശ്രമിക്കുകയാണ്," മസ്കെ ആരോപിച്ചു.

യുബിടി വളരെ ദുര്‍ബലമാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് എംഎൻഎസുമായി കൈകോർക്കേണ്ടിവരുന്നതെന്നും അല്ലെങ്കിൽ മുസ്‍ലിം വോട്ടുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും ഷിൻഡെ വിഭാഗം സേന നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു.

നടനും ചലച്ചിത്രകാരനുമായ മഹേഷ്‌ മഞ്‌ജരേക്കറുമായുള്ള അഭിമുഖത്തിലാണ്‌ ലയനസാധ്യത സൂചിപ്പിച്ച്‌ രാജ്‌ താക്കറെ രംഗത്തുവന്നത്‌. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളേക്കാള്‍ പ്രധാനം മഹാരാഷ്‌ട്രയുടെ താത്‌പര്യങ്ങളാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെയുടെ മരണത്തേത്തുടര്‍ന്ന്‌, മകന്‍ ഉദ്ധവ്‌ താക്കറെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശിയായി മാറിയതില്‍ പ്രതിഷേധിച്ചാണ്‌ ബാല്‍താക്കറെയുടെ അനന്തരവന്‍ രാജ്‌ താക്കറെ എംഎന്‍എസ്‌ രൂപീകരിച്ചത്‌. ഉദ്ധവും താനുമായുള്ള തര്‍ക്കങ്ങള്‍ നിസാരമാണെന്നും മഹാരാഷ്‌ട്രയാണ്‌ എല്ലാത്തിലും വലുതെന്നും രാജ്‌ താക്കറെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story