Quantcast

2016ൽ ‘കൈക്കൂലിക്കാരൻ', ഇന്ന് ബംഗാളിലെ ബിജെപി മുഖ്യമന്ത്രി;ചർച്ചയായി മോദിയുടെ സുവേന്ദു അധികാരിയെ കുറിച്ചുള്ള വിഡിയോ

അന്ന് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി ക്യാമറയ്ക്ക് മുന്നിൽ കൈക്കൂലി വാങ്ങുന്നത് ചൂണ്ടിക്കാട്ടി മോദി നടത്തിയ രൂക്ഷമായ പ്രസംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്

MediaOne Logo

Web Desk

  • Published:

    9 May 2026 8:19 PM IST

2016ൽ ‘കൈക്കൂലിക്കാരൻ, ഇന്ന് ബംഗാളിലെ ബിജെപി മുഖ്യമന്ത്രി;ചർച്ചയായി മോദിയുടെ സുവേന്ദു അധികാരിയെ കുറിച്ചുള്ള വിഡിയോ
X

കൊൽക്കത്ത: പത്ത് വർഷം മുൻപ് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ഏറ്റവും വലിയ വിമർശനങ്ങളിലൊന്നാണ് 'നാരദ സ്റ്റിങ് ഓപ്പറേഷൻ'. അന്ന് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി ക്യാമറയ്ക്ക് മുന്നിൽ കൈക്കൂലി വാങ്ങുന്നത് ചൂണ്ടിക്കാട്ടി മോദി നടത്തിയ രൂക്ഷമായ പ്രസംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ കാലം മാറിയപ്പോൾ, അതേ സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ചയാണ് 2026ൽ രാജ്യം കാണുന്നത്.

2016ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു നാരദ ന്യൂസ് ഒരു സ്റ്റിംഗ് ഓപ്പറേഷൻ പുറത്തുവിട്ടത്. സുവേന്ദു അധികാരി ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾ ഒരു സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങൾ വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഈ വിഷയം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, ബംഗാളിലെ അഴിമതിയുടെ മുഖമായി സുവേന്ദുവിനെ ചിത്രീകരിക്കുകയും 'ക്യാമറയ്ക്ക് മുന്നിൽ കൈക്കൂലി വാങ്ങുന്നവരെ ബംഗാൾ ജനത പാഠം പഠിപ്പിക്കും' എന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു.

2020 ഡിസംബറിൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നതോടെ സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ഗതി മാറി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് മമത ബാനർജിയെ പരാജയപ്പെടുത്തിയതോടെ ബിജെപിയിലെ ഏറ്റവും കരുത്തനായ നേതാവായി അദ്ദേഹം മാറി. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന നാരദ കേസിൽ ബിജെപിയിൽ എത്തിയതോടെ സുവേന്ദുവിന് ഇളവുകൾ ലഭിക്കുന്നു എന്ന ആരോപണം പ്രതിപക്ഷം തുടർച്ചയായി ഉന്നയിച്ചിരുന്നു.

2026ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെത്തുടർന്ന് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, പഴയ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. 'അഴിമതിക്കാരൻ' എന്ന് മോദി വിശേഷിപ്പിച്ച വ്യക്തിയെ തന്നെ മുഖ്യമന്ത്രിയാക്കിയതിലെ രാഷ്ട്രീയ വൈരുദ്ധ്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

TAGS :

Next Story