Quantcast

ഇസ്രായേൽ കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിച്ച് മോദി സർക്കാർ പൗരൻമാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനികളായ കൊഗ്നിറ്റ്, സെപ്റ്റിയർ തുടങ്ങിയവയിൽനിന്ന് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നുവെന്നാണ് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    31 Aug 2023 10:07 AM GMT

Sanatan controversy, Modi asks ministers to give befitting reply
X

ന്യൂഡൽഹി: ഇസ്രായേൽ കമ്പനികളുടെ ഉപകരണങ്ങൾ വഴി മോദി സർക്കാർ പൗരൻമാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനികളായ കൊഗ്നിറ്റ്, സെപ്റ്റിയർ തുടങ്ങിയവയിൽനിന്ന് വാങ്ങിയ ശക്തിയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നുവെന്നാണ് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

സമുദ്രത്തിലെ കേബിൾ ലാൻഡിങ് സ്റ്റേഷനുകളിലാണ് നിരീക്ഷ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി സുരക്ഷാ ഏജൻസികൾക്ക് 1.4 ബില്യൻ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ ആശയവിനിമയങ്ങളും പരിശോധിക്കാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, സിംഗപ്പൂരിന്റെ സിങ്‌ടെൽ എന്നിവയുൾപ്പെടെയുള്ള ടെലികോം ഗ്രൂപ്പുകൾക്ക് ഇസ്രായേൽ ആസ്ഥാനമായുള്ള സെപ്റ്റിയർ അതിന്റെ നിയമാനുസൃതമായ ഇന്റർസെപ്ഷൻ സാങ്കേതികവിദ്യ വിറ്റതായാണ് റിപ്പോർട്ട്. തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിച്ച് വോയ്‌സ് മെസേജ്, വെബ് സർഫിങ്, ഇമെയിൽ തുടങ്ങിയവയുടെ വിവരങ്ങൾ ചോർത്താനാവുമെന്നാണ് സെപ്റ്റിയർ കമ്പനി തങ്ങളുടെ പ്രമോഷണൽ വീഡിയോയിൽ പറയുന്നത്.

മറ്റൊരു ഇസ്രായേലി കമ്പനിയായ കൊഗ്നിറ്റും ഇന്ത്യയിൽ നിരീക്ഷണ ഉപകരണങ്ങൾ നൽകുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും വിവരങ്ങൾ ചോർത്താൻ കൊഗ്നിറ്റിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി 2021ൽ മെറ്റ ആരോപിച്ചിരുന്നു. അന്ന് ഇന്ത്യയെ പരാമർശിച്ചിരുന്നില്ല.

വിവിധ രാജ്യങ്ങളിലെ അന്തർവാഹിനി കേബിൾ പ്രോജക്ടുകളിൽ ജോലി ചെയ്തിട്ടുള്ള നാലുപേരെ ഉദ്ധരിച്ചാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെലികോം കമ്പനികൾ സമുദ്രത്തിലെ കേബിൾ ലാൻഡിങ് സ്റ്റേഷനുകളിലും ഡാറ്റാ സെന്ററുകളിലും നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നത് കേന്ദ്രസർക്കാർ ഒരു നിബന്ധനയായി ആവശ്യപ്പെടുകയാണെന്നും ഇത് അസാധാരണ രീതിയാണെന്നും ഇവർ പറയുന്നു.

TAGS :

Next Story