'സുപ്രിയ റെഡിയാണ്, ഞങ്ങൾ നോക്കിക്കോളാം, നിങ്ങള്‍ വിശ്രമിക്കൂ': ശരദ് പവാറിനോട് മോദി പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു
ആശുപത്രി വിട്ട ശരദ് പവാറിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചത്

- Published:
5 Nov 2026 5:22 PM IST

പൂനെ: എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിന്റെ ആരോഗ്യനിലയെക്കുറിച്ച് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം പുറത്തിറങ്ങിയ 85കാരനായ പവാറിനോട് പൂർണ്ണ വിശ്രമം എടുക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായി പവാറിന്റെ അടുത്ത അനുയായി വിത്തൽ മണിയാർ മാധ്യമങ്ങളോട് പറഞ്ഞു.
"ഇന്ന് രാവിലെയോടെയാണ് പ്രധാനമന്ത്രി പവാറിനെ ഫോണിൽ ബന്ധപ്പെട്ടത്. വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം സംസാരിച്ചത്. 'സാഹിബ്, താങ്കൾ പൂർണ്ണമായി വിശ്രമിക്കുക. സുപ്രിയ ഇപ്പോൾ രാജ്യത്തെ നയിക്കാൻ സജ്ജയാണ്. സുപ്രിയയും ഞങ്ങളും ചേർന്ന് രാജ്യത്തെ നോക്കിക്കൊള്ളാം. താങ്കൾ വിശ്രമിക്കൂ, ഇത് എന്റെ അഭ്യർത്ഥനയാണ്' എന്ന് മോദി പറഞ്ഞു,"- വിത്തൽ മണിയാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
താൻ വിശ്രമത്തിലാണെന്നും എല്ലാവരും ഉള്ളപ്പോൾ രാജ്യത്തെക്കുറിച്ച് തനിക്ക് ആശങ്കകളൊന്നുമില്ലെന്നും ശരദ് പവാർ മറുപടി നൽകി. ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതിന് പവാർ പ്രധാനമന്ത്രിക്കു നന്ദിയും അറിയിച്ചു. എന്നാൽ, ഈ സംഭാഷണത്തെക്കുറിച്ച് പവാറോ പ്രധാനമന്ത്രിയുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം മോദിയും ശരദ് പവാറും തമ്മിൽ നടന്ന ഫോൺ സംഭാഷണം രാഷ്ട്രീയ കേന്ദ്രങ്ങളിലും ചര്‍ച്ചയായി. സുപ്രിയയും ഞങ്ങളും ചേർന്ന് രാജ്യത്തെ നോക്കിക്കൊള്ളാം എന്ന് മോദി പറഞ്ഞത് എന്‍സിപിയുടെ എന്‍ഡിഎ പ്രവേശനത്തിന്റെ ഭാഗമാണോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഇരു എന്‍സിപികളും ലയിക്കുമെന്നും മോദി സര്‍ക്കാരിന്റെ ഭാഗമാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇങ്ങനെ വന്നാല്‍ സുപ്രിയ കേന്ദ്രമന്ത്രിസഭയിൽ എത്തിയേക്കുമെന്നുമുള്ള ചർച്ചകളും ശക്തമാണ്. അടുത്തിടെയാണ് അജിത് പവാര്‍ വിഭാഗം എന്‍സിപിയിലെ ഏതാനും നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.
Adjust Story Font
16
