Quantcast

സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; സുനിതയുടെ ബന്ധു ഹരേൺ പാണ്ഡ്യയുടെ കൊലപാതകം ഉയര്‍ത്തിക്കാട്ടി കോൺഗ്രസ്

തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാള്‍ക്ക് ആതിഥ്യമരുളാൻ സാധിക്കുന്നത് ഏറെ സന്തോഷകരമായിരിക്കുമെന്നായിരുന്നു മോദിയുടെ കത്ത്

MediaOne Logo

Web Desk

  • Updated:

    2025-03-19 09:14:27.0

Published:

19 March 2025 8:09 AM GMT

Sunita Williams
X

ഡൽഹി: നീണ്ട 9 മാസത്തെ ബഹിരാകാശവാസത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. സുനിതയെ ജന്‍മനാട്ടിലേക്ക് മോദി ക്ഷണിക്കുമ്പോൾ ബന്ധുവും ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി കൂടിയായ ഹരേൺ പാണ്ഡ്യയുടെ കൊലപാതകം ഉയര്‍ത്തിക്കാട്ടുകയാണ് പ്രതിപക്ഷമായ കോൺഗ്രസ്. മോദിയുടെ കത്ത് സുനിത ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് കേരള യൂണിറ്റ് എക്സിൽ കുറിച്ചു.

''മോദി സുനിത വില്യംസിന് കത്തെഴുതിയിരിക്കുന്നു, അവരത് ചവറ്റുകുട്ടയിൽ ഇടാൻ സാധ്യതയുണ്ട്. എന്തുകൊണ്ട്? അവര്‍ ഹരേൺ പാണ്ഡ്യയുടെ ബന്ധുവാണ്. മോദിയെ വെല്ലുവിളിച്ച ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൺ പാണ്ഡ്യ . ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർക്ക് രഹസ്യ മൊഴി നൽകിയ ഹരേൺ പാണ്ഡ്യ, തുടർന്ന് പ്രഭാത നടത്തത്തിനിടെ കൊല്ലപ്പെട്ടു. പാണ്ഡ്യയുടെ മരണത്തെത്തുടർന്ന് നിരവധി കൊലപാതക പരമ്പരകൾ നടന്നു. അത് ജസ്റ്റിസ് ലോയയുടെ കൊലപാതകത്തിൽ അവസാനിച്ചു. 2007-ൽ ഏറ്റവും പ്രശസ്തയായ പ്രവാസി ഗുജറാത്തി ആയിരുന്നിട്ടും, മോദി അവരെ അവഗണിച്ചു. ഇപ്പോൾ താൻ കരുതലുള്ളവനാണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ ആഗ്രഹിക്കുന്നു'' സുനിതയെക്കുറിച്ച് ടെലിഗ്രാഫിൽ വന്ന ഒരു ലേഖനം പങ്കുവച്ചുകൊണ്ട് കോൺഗ്രസ് കേരള യൂണിറ്റ് എക്സിൽ കുറിക്കുന്നു. ഇന്ത്യൻ വംശജയായ സുനിതക്ക് പടിഞ്ഞാറൻ സംസ്ഥാനത്ത് വേരുകളുണ്ടെങ്കിലും മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ സുനിതയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നതിൽ അത്ര താൽപര്യം കാണിക്കുന്നില്ലെന്നാണ് ടെലിഗ്രാഫ് ലേഖനത്തിൽ പരാമര്‍ശിച്ചത്.

തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാള്‍ക്ക് ആതിഥ്യമരുളാൻ സാധിക്കുന്നത് ഏറെ സന്തോഷകരമായിരിക്കുമെന്നായിരുന്നു മോദിയുടെ കത്ത്. 2016-ൽ ഞാൻ അമേരിക്ക സന്ദർശിച്ച ഘട്ടത്തിൽ നിങ്ങളെ കണ്ടുമുട്ടിയത് സ്നേഹപൂർവ്വം ഓർക്കുന്നു. അമേരിക്കൻ സന്ദർശന വേളയിൽ ബൈഡനേയും പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോൾ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും കത്തിൽ പറയുന്നു.

ഗുജറാത്തിലെ കേശുഭായി പട്ടേൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു പാണ്ഡ്യ. 2003 മാർച്ച് 26ന് അഹമ്മദാബാദിലെ ലോ ഗാർഡനിൽ പ്രഭാത സവാരിക്കിടെയാണു വെടിയേറ്റു മരിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരമായി പാണ്ഡെയെ വധിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. മോദിയുടെ നിര്‍ദേശപ്രകാരം ഐപിഎസ് ഉദ്യോഗസ്ഥനായ ഡി.ജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം നടപ്പാക്കിയതെന്ന് പിതാവ് വിത്തല്‍ പാണ്ഡ്യ ആരോപിച്ചിരുന്നു. ഗുജറാത്ത് സിഐഡി അന്വേഷിച്ചിരുന്ന കേസ് 2012ലാണ് സിബിഐ ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രിം കോടതി കേസിന്‍റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

TAGS :

Next Story