Quantcast

'കൊലക്കത്തിയടക്കം തെളിവുകളെല്ലാം കുരങ്ങ് കട്ടു'; കൊലപാതകക്കേസിൽ പൊലീസിന്റെ വിശദീകരണം

2016 സെപ്റ്റംബറിൽ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയിൽ പൊലീസിന്റെ വിചിത്രവാദം

MediaOne Logo

Web Desk

  • Updated:

    2022-05-06 11:50:34.0

Published:

6 May 2022 11:41 AM GMT

കൊലക്കത്തിയടക്കം തെളിവുകളെല്ലാം കുരങ്ങ് കട്ടു; കൊലപാതകക്കേസിൽ പൊലീസിന്റെ വിശദീകരണം
X

ജയ്പൂർ: കൊലക്കേസിൽ ശേഖരിച്ച തെളിവുകളെല്ലാം കുരങ്ങ് മോഷ്ടിച്ചെന്ന വിശദീകരണവുമായി പൊലീസ് കോടതിയിൽ. കേസിൽ വാദം നടക്കുന്നതിനിടെയായിരുന്നു രാജസ്ഥാൻ പൊലീസിന്റെ വിചിത്രവാദം. കൊലയ്ക്ക് ഉപയോഗിച്ച കത്തിയടക്കമുള്ള തെളിവുകളുമായാണ് കുരങ്ങ് കടന്നുകളഞ്ഞതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

2016 സെപ്റ്റംബറിൽ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതി പരിഗണിക്കവെയായിരുന്നു ഇത്. ജയ്പൂരിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശശികാന്ത് ശർമ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു ദിവസത്തോളം കാണാതായതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കേന്ദ്രത്തിൽനിന്ന് കണ്ടെത്തിയത്.

ഇതോടെ സംഭവം കൊലപാതകമാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ശര്മയുടെ ബന്ധുക്കൾ ഡൽഹി-ജയ്പൂർ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ, മോഹൻലാൽ കന്ദേര എന്നിങ്ങനെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

വർഷങ്ങൾ നീണ്ട കേസിലെ വിചാരണയ്‌ക്കൊടുവിൽ കഴിഞ്ഞ ദിവസം തെളിവുകൾ ഹാജരാക്കാൻ കോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തെളിവുകൾ 'മോഷണംപോയ' വിവരം പൊലീസ് കോടതിയോട് സമ്മതിക്കുന്നത്. കത്തിക്കു പുറമെ 15 സുപ്രധാന തെളിവുകൾ അടങ്ങിയ ബാഗാണ് കുരങ്ങ് കൊണ്ടുപോയതെന്ന് പൊലീസ് വെളിപ്പെടുത്തി.

സംഭവത്തിനു പിന്നാലെ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു. ഇദ്ദേഹം പിന്നീട് മരിച്ചതായാണ് പൊലീസ് വിശദീകരണം.

Summary: "Monkey fled with evidences including a murder weapon": Rajasthan Cops says to Court hearing murder case

TAGS :

Next Story