Quantcast

മകനെ കൊലപ്പെടുത്താൻ 12 ലക്ഷത്തിന്‍റെ ക്വട്ടേഷൻ; ഡെറാഡൂണിലെ വ്യവസായിയുടെ കൊലപാതകത്തിൽ അമ്മയടക്കം 5 പേര്‍ അറസ്റ്റിൽ

സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് ശര്‍മക്ക് നേരെ വെടിയുതിര്‍ത്തത്

MediaOne Logo

Web Desk

  • Published:

    13 Feb 2026 7:57 AM IST

മകനെ കൊലപ്പെടുത്താൻ 12 ലക്ഷത്തിന്‍റെ ക്വട്ടേഷൻ; ഡെറാഡൂണിലെ വ്യവസായിയുടെ കൊലപാതകത്തിൽ അമ്മയടക്കം 5 പേര്‍ അറസ്റ്റിൽ
X

ഡെറാഡൂൺ: ഡെറാഡൂണിൽ വ്യവസായിയായ അര്‍ജുൻ ശര്‍മയുടെ കൊലപാതകത്തിൽ കൊല്ലപ്പെട്ടയാളുടെ അമ്മയടക്കം അഞ്ച് പേര്‍ അറസ്റ്റിൽ. ഇന്നലെയാണ് ഉത്തരാഖണ്ഡ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമയായ അര്‍ജുൻ ശര്‍മ(42) ബുധനാഴ്ചയാണ് ടിബറ്റൻ മാർക്കറ്റിന് പുറത്തുവച്ച് വെടിയേറ്റ് മരിച്ചത്. സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് ശര്‍മക്ക് നേരെ വെടിയുതിര്‍ത്തത്. വ്യാഴാഴ്ച പുലർച്ചെയാണ് വെടിവച്ചവരെ പിടികൂടിയതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് പ്രതികളുടെയും കാലുകൾക്ക് വെടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

പൗരി ജില്ലയിലെ ദേവിഖാൽ നിവാസികളായ സഹോദരന്മാരായ രാജീവ് റാണ, പങ്കജ് റാണ എന്നിവരാണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് 315 ബോർ പിസ്റ്റളുകൾ, വെടിയുണ്ടകൾ, ഒരു സ്കൂട്ടർ എന്നിവ പൊലീസ് കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശര്‍മയുടെ മാതാവ് ബീന ശർമയെയും കൂട്ടാളികളായ വിനോദ് ഉനിയാലിനെയും ഡോ. ​​അജയ് ഖന്നയെയും ഗൂഢാലോചന നടത്തിയതിന് അറസ്റ്റ് ചെയ്തത്. അർജുൻ ശർമയും അമ്മയും കൂട്ടാളികളും തമ്മിലുള്ള ദീർഘകാല സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

"അർജുനെ കൊലപ്പെടുത്താൻ ബീന ശർമയും കൂട്ടാളികളും പ്രതികൾക്ക് 12 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതായി പറയപ്പെടുന്നു" എസ്എസ്പി സിംഗ് പറഞ്ഞു. പങ്കജ് റാണ വിനോദ് ഉണിയാലിന്‍റെ ഡ്രൈവറായി ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ബീനയുടെ ജിഎംഎസ് റോഡിലുള്ള സ്വത്ത് 14 കോടി രൂപയ്ക്ക് വാങ്ങാൻ ഡോ. ഖന്ന സമ്മതിച്ചിരുന്നുവെന്നും ബീനയുടെ അടുത്ത സുഹൃത്തായ വിനോദ് ഉണിയാലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതിനകം എട്ട് കോടി രൂപ ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും എസ്എസ്പി പറഞ്ഞു. എന്നാൽ, അർജുൻ ശർമ ഇടപാടിനെ എതിർക്കുകയും സ്ഥലമിടപാടിൽ കോടതി സ്റ്റേ നേടുകയും ചെയ്തു.

പണം നൽകിയിട്ടും സ്ഥലം ലഭിക്കാത്തതിനാൽ ഡോ. ഖന്ന സമ്മർദത്തിലായിരുന്നുവെന്നും ബീന ശർമയിൽ നിന്ന് പണം തിരികെ ആവശ്യപ്പെട്ടിരുന്നുവെന്നും എസ്‌എസ്‌പി പറഞ്ഞു. ഇതോടെ അമ്മയും മകനും തമ്മിൽ വഴക്കുകൾ പതിവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൂട്ടര്‍മാര്‍ക്ക് ആദ്യം 3 ലക്ഷം രൂപ നൽകിയതായും ബാക്കി തുക കൊലപാതകത്തിന് ശേഷം നൽകുമെന്നായിരുന്നു കരാറെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story