അവിഹിതബന്ധത്തിന് തടസം: എട്ടും ആറും വയസുള്ള കുട്ടികളെ എലിവിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റിൽ
മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം.

- Updated:
2026-02-15 10:28:37.0

ഛണ്ഡീഗഢ്: അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. പഞ്ചാബിലെ ബതിൻഡയിലാണ് സംഭവം. ജാസി കൗർ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ മകനേയുമാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം.
15 ദിവസം മുമ്പാണ് എട്ടു വയസുകാരി സുക്പ്രീത് കൗറിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ആറ് വയസുകാരനായ ഫതേവീറും മരിക്കുകയായിരുന്നു. ഇതോടെ സംശയവും ദുരൂഹതയും തോന്നിയ ഗ്രാമവാസികൾ ഫൂൽ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ അറിയിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ അമ്മയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. 'ആദ്യം എട്ട് വയസുകാരിയായ മകൾ മരിച്ചു. കഴിഞ്ഞദിവസം ആറ് വയസുകാരനായ മകനും. ജാസി കൗർ ആണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു ഇരു കൊലപാതകങ്ങളും. ജാസി കൗർ കുറ്റം സമ്മതിച്ചു. രണ്ട് കുട്ടികളെയും എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്'- പൊലീസ് ഉദ്യോഗസ്ഥൻ മനോജ് കുമാർ പറഞ്ഞു.
സഹോദരി മോട്ടോ കൗർ, ലഖി സിങ് എന്ന മറ്റൊരാൾ എന്നിവരുമായി ചേർന്നാണ് ജാസി ഗൂഢാലോചന നടത്തിയതെന്നും ഉദ്യോഗസ്ഥൻ പറയുന്നു. സംഭവത്തിൽ ജാസിയും അവരുടെ സഹോദരി മോട്ടോ കൗറും അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
