ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കും വിലക്ക് ബാധകമാക്കാനാണ് തീരുമാനമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രശസ്തവും പുരാതനവുമായ ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം. വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശം പാസാക്കും. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കും വിലക്ക് ബാധകമാക്കാനാണ് തീരുമാനമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. ദേവഭൂമിയിൽ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നത് പരമപ്രധാനമാണെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞു.
ഇതോടെ ഏകദേശം 45 ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആറുമാസത്തെ ശൈത്യകാല അടച്ചിടലിന് ശേഷം ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 23ന് വീണ്ടും തുറക്കും. കേദാർനാഥ് ക്ഷേത്ര കവാടങ്ങൾ തുറക്കുന്ന തീയതി മഹാ ശിവരാത്രി ദിനത്തിൽ പ്രഖ്യാപിക്കും. അതിനിടെ, ഗംഗോത്രി ധാമിൽ വിലക്കേർപ്പെടുത്തി. ദേവന്റെ ശൈത്യകാല വസതിയായ മുഖ്ബയിലും നിരോധനം തുടരുമെന്ന് ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ചെയർമാൻ സുരേഷ് സെംവാൽ പറഞ്ഞു.
നേരത്തെ പ്രമുഖ തീർഥാടന കേന്ദ്രമായ ഹരിദ്വാറിലെ ഗംഗാ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ഉത്തരാഖണ്ഡ് സർക്കാർ രംഗത്തെത്തിയിരുന്നു. 2027-ൽ നടക്കാനിരിക്കുന്ന അർധ കുംഭമേളയ്ക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും സനാതന പവിത്ര നഗരങ്ങളായി പ്രഖ്യാപിക്കാനാണ് നീക്കം.
നിലവിൽ ഹരിദ്വാറിലെ ഏറ്റവും പ്രധാനപ്പെട്ട ഘാട്ട് ആയ 'ഹർ കി പൗരി'യിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. ഈ നിയന്ത്രണം ഹരിദ്വാറിലെ മറ്റ് 105 ഘാട്ടുകളിലേക്കും ഋഷികേശിലെ പ്രധാന തീരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Adjust Story Font
16

