Quantcast

സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയാക്കി കർണാടക സർക്കാർ

മൾട്ടിപ്ലക്സടക്കം എല്ലാ തിയേറ്ററുകളിലും ഏത് ഭാഷാ സിനിമക്കും പരമാവധി വാങ്ങാനാകുന്ന നിരക്ക് ഇനി 200 രൂപയായിരിക്കും

MediaOne Logo

Web Desk

  • Updated:

    2025-07-16 11:56:15.0

Published:

16 July 2025 5:25 PM IST

സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയാക്കി കർണാടക സർക്കാർ
X

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സിനിമാ ടിക്കറ്റിന്റെ പരമാവധി വില 200 രൂപയാക്കി കർണാടക. ഭാഷയോ മൾട്ടിപ്ലക്സ് തിയറ്ററോ പരിഗണിച്ച് ടിക്കറ്റ് നിരക്ക് 200 ൽ നിന്ന് കൂട്ടാനാകില്ല. 2014 ലെ കർണാടക സിനിമാസ് (റെഗുലേഷൻ) നിയമങ്ങളിൽ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് ടിക്കറ്റ് വില നികുതി ഉൾപ്പെടെ 200 ആയി പരിമിതപ്പെടുത്തിയത്. സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾ മുതൽ ഹൈ-എൻഡ് മൾട്ടിപ്ലക്‌സുകൾക്ക് വരെ ഈ നിരക്ക് ബാധകമായിരിക്കും.

കർണാടക സിനിമാസ് (റെഗുലേഷൻ) (ഭേദഗതി) നിയമങ്ങൾ, 2025 എന്ന പേരിലുള്ള കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എതിർപ്പുകൾ അറിയിക്കാൻ 15 ദിവസത്തെ സമയവും നൽകിയിട്ടുണ്ട്.

കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകൾക്കും പുതിയ നിരക്ക് ബാധകമാണ്. മൾട്ടിപ്ലക്‌സുകളിൽ ജനപ്രിയ കന്നട ഇതര സിനിമകളുടെ ടിക്കറ്റുകൾ പലപ്പോഴും 1000 രൂപയും കടന്നിരുന്നു. ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് കൂടെ താങ്ങാവുന്നതാക്കുന്നതിനൊപ്പം കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സർക്കാർ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.

കന്നട സിനിമാ വ്യവസായം മാന്ദ്യം നേരിടുകയാണ്. തിരക്ക് കുറഞ്ഞതിനാൽ നിരവധി സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. മറ്റ് ഭാഷകളിൽ നിന്നുള്ള വലിയ ബജറ്റ് ചിത്രങ്ങൾ കർണാടകയിൽ വലിയ വരുമാനം നേടുന്നുണ്ടെങ്കിലും കന്നട സിനിമകൾ അതിജീവിക്കാൻ ബുദ്ധിമുട്ടുന്നു. ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് പ്രേക്ഷകരെ തിയറ്ററിൽ നിന്ന് അകന്നു നിൽക്കാൻ ഒരു കാരണം.

2025–26 സംസ്ഥാന ബജറ്റിലാണ് ടിക്കറ്റ് വില പരിധി ആദ്യമായി നിർദ്ദേശിച്ചത്. എന്നാൽ സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതോടെ, താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിലൂടെ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ആളെയെത്തിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്.

കോവിഡിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വർധിച്ചതോടെ പ്രേക്ഷകർ അതിലേക്ക് തിരിഞ്ഞു. ഇതോടെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.പുതിയ നീക്കത്തിലൂടെ സംസ്ഥാനത്തെ തിയറ്റർ- ചലച്ചിത്ര വ്യവസായത്തെ വീണ്ടെടുക്കാനാകുമെന്നാണ് സർക്കാർ കണക്ക്കൂട്ടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story