Quantcast

എഴുത്തും വായനയുമറിയില്ല, 'യൂട്യൂബ് യൂനിവേഴ്‌സിറ്റി'യിൽ പഠിച്ച് ജന്തർ മന്തറിനെ ഇളക്കിമറിച്ച മുഹമ്മദ് ഇർഫാൻ

ഔപചാരിക വിദ്യാഭ്യാസമോ സ്‌കൂൾ പഠനമോ ലഭിച്ചിട്ടില്ലാത്ത ഇർഫാൻ, സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതദുരിതങ്ങളെക്കുറിച്ച് ഭരണഘടനാ തത്വങ്ങൾ ഉദ്ധരിച്ച് സംസാരിച്ചാണ് ജന്തർ മന്തറിലെ സമരക്കാരുടെയും രാജ്യത്തിന്റെയും ശ്രദ്ധ കവർന്നത്

MediaOne Logo
എഴുത്തും വായനയുമറിയില്ല, യൂട്യൂബ് യൂനിവേഴ്‌സിറ്റിയിൽ പഠിച്ച് ജന്തർ മന്തറിനെ ഇളക്കിമറിച്ച മുഹമ്മദ് ഇർഫാൻ
X

ന്യൂഡൽഹി: 'നിങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങൾക്കെതിരെയും ഞങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യും' പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നേരിൽ കണ്ടപ്പോൾ ഡൽഹിയിലെ തെരുവ് കച്ചവടക്കാരനായ മുഹമ്മദ് ഇർഫാൻ പറഞ്ഞ വാക്കുകളാണിത്. ജന്തർ മന്തറിലെ സിജെപി സമരമുഖത്തുനിന്ന് സോഷ്യൽ മീഡിയയിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ശബ്ദമാണ് 35-കാരനായ ഇർഫാന്റേത്.

ഔപചാരിക വിദ്യാഭ്യാസമോ സ്‌കൂൾ പഠനമോ ലഭിച്ചിട്ടില്ലാത്ത ഇർഫാൻ, സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതദുരിതങ്ങളെക്കുറിച്ച് ഭരണഘടനാ തത്വങ്ങൾ ഉദ്ധരിച്ച് സംസാരിച്ചാണ് ജന്തർ മന്തറിലെ സമരക്കാരുടെയും രാജ്യത്തിന്റെയും ശ്രദ്ധ കവർന്നത്. സമരം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കാണ് വഴിതെളിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി ഇർഫാനെ കാണാനെത്തിയത്. 'ദ ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും ഇർഫാൻ തുറന്നുപറഞ്ഞു.

തൊഴിലാളികളുടെ ശബ്ദമായി ഇർഫാൻ

നാളെ രാജ്യത്തിന്റെ ഭരണത്തിൽ വന്നേക്കാവുന്ന നേതാവാണ് രാഹുൽ എന്ന കാര്യം ഓർമിപ്പിച്ച ഇർഫാൻ, രാജ്യത്തെ കുടിയേറ്റക്കാരായ ദിഹാടി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു. ''ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. രാജ്യത്തിന്റെ നന്മ മാത്രമാണ് എന്റെ ലക്ഷ്യം. രാജ്യം വളരുമ്പോൾ സാധാരണക്കാരായ എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കണം'' ഇർഫാൻ ആവശ്യപ്പെട്ടു.

2024-ലെ എൻസിആർബി കണക്കുകൾ ഉദ്ധരിച്ചാണ് ഇർഫാൻ രാഹുലിനോട് സംസാരിച്ചത്. രാജ്യത്ത് ആത്മഹത്യ ചെയ്തവരിൽ 31 ശതമാനവും ദിവസ വേതനക്കാരാണെന്നും, സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മർദവുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിനിമം വേതനം 18,000 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും 10 മുതൽ 11 മണിക്കൂർ വരെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 13,000-14,000 രൂപ മാത്രമാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ അടിത്തറ പണിയുന്ന തൊഴിലാളികളുടെ വിയർപ്പിനെ സർക്കാരുകൾക്ക് എങ്ങനെ അവഗണിക്കാൻ കഴിയുമെന്നും ഇർഫാൻ ചോദിച്ചു.

കൂടാതെ വിദ്യാഭ്യാസ മേഖലയിലെ തകർച്ചയെക്കുറിച്ചും ഇർഫാൻ സംസാരിച്ചു. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കും മുമ്പ് കുട്ടികൾ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും, ഐടിഐകളും പോളിടെക്‌നിക്കുകളും സമ്പന്നർക്ക് മാത്രം പ്രാപ്യമാകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിലൊരിക്കൽ പാർട്ടികൾ ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്യുന്നു. അത് നടപ്പിലാകാതെ വരുമ്പോൾ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതിന് ഞങ്ങളെ രാജ്യദ്രോഹികളെന്നോ ഭീകരരെന്നോ വിളിച്ചാലും വിരോധമില്ലെന്ന് ഇർഫാൻ കൂട്ടിച്ചേർത്തു.

'യൂട്യൂബ് യൂണിവേഴ്‌സിറ്റി'യും ഗൂഗിൾ വോയ്‌സ് സേർച്ചും

ഡൽഹിയിലെ സാവദാ ജെജെ കോളനിയിൽ താമസിക്കുന്ന ഇർഫാന് വായിക്കാനോ എഴുതാനോ അറിയില്ല. എന്നാൽ സ്മാർട്ട്‌ഫോണിലെ ഗൂഗിൾ വോയ്‌സ് സേർച്ചിലൂടെയും യൂട്യൂബ് വഴിയുമാണ് ഇർഫാൻ ലോകവിവരവും ഭരണഘടനയെക്കുറിച്ചുള്ള അറിവും നേടിയെടുത്തത്. സമരപ്പന്തലിൽ ഭരണഘടനയുടെ ആമുഖം തെറ്റില്ലാതെ ചൊല്ലിയും അഹമ്മദ് ഫറാസിന്റെ ഉറുദു കവിതകൾ ആലപിച്ചുമാണ് ഇർഫാൻ ശ്രദ്ധേയനായത്.

രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ ഫോൺ കോൾ വന്ന കാര്യവും ഇർഫാൻ തമാശയോടെ പങ്കുവെച്ചു. രാഹുലിനോട് കല്യാണം കഴിക്കാൻ പറയാമോ, അവൻ എന്റെ വാക്ക് കേൾക്കുന്നില്ല എന്ന് പ്രിയങ്ക അഭ്യർഥിച്ചതായി ഇർഫാൻ പറഞ്ഞു. എന്നാൽ രാഹുൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും, അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നുമായിരുന്നു ഇർഫാന്റെ മറുപടി.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇർഫാനെ പ്രശംസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. സങ്കീർണമായ സാഹചര്യങ്ങളിലും മികച്ച കാഴ്ചപ്പാടുള്ള ഇർഫാനെപ്പോലുള്ള ലക്ഷക്കണക്കിന് യുവാക്കളാണ് രാജ്യത്തിന്റെ യഥാർഥ പ്രതീക്ഷയെന്ന് രാഹുൽ കുറിച്ചു.

അമിത് ഷായെ കാണാൻ ആഗ്രഹം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തനിക്ക് മടിയില്ലെന്ന് വ്യക്തമാക്കിയ ഇർഫാൻ, എന്നാൽ അതിനു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ചേരി പ്രദേശങ്ങളിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗവും അതിനെതിരെയെടുക്കുന്ന പൊലീസിന്റെ നിഷ്‌ക്രിയത്വവും അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തങ്ങളുടെ കോളനിയിലെ 12 വയസുള്ള കുട്ടിക്കുപോലും കഞ്ചാവും ലഹരിയും എവിടെ കിട്ടുമെന്ന് അറിയാം, എന്നാൽ അത് തടയേണ്ട പൊലീസിന് മാത്രം ഇതൊന്നും അറിയുന്നില്ലെന്ന് ഇർഫാൻ വിമർശിച്ചു.

മുഹമ്മദ് ഇർഫാനെ അറിയാം

ഡൽഹിയിലെ സാവദാ ജെജെ കോളനിയിൽ ജീവിക്കുന്ന, റോഡരികിൽ ഐസ് ക്യൂബ് വിറ്റ് ഉപജീവനം നടത്തുന്ന ഒരു സാധാരണ ദിഹാടി തൊഴിലാളിയാണ് ഇർഫാൻ. ഔപചാരിക വിദ്യാഭ്യാസമോ സ്‌കൂൾ പഠനമോ ലഭിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ തൊഴിലില്ലായ്മ, തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ, ഭരണഘടന, ജനാധിപത്യം എന്നിവയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കാഴ്ചപ്പാടുകളാണ് ഇർഫാനെ സമരമുഖത്തെ ശ്രദ്ധേയമായ ശബ്ദമാക്കി മാറ്റിയത്.

ദ ലല്ലൻടോപ്പ് മാധ്യമപ്രവർത്തകൻ രജത് പാണ്ഡെയ്ക്ക് നൽകിയ അഭിമുഖമാണ് ഇർഫാനെ ജനശ്രദ്ധയിലെത്തിച്ചത്. സ്‌കൂളിൽ പോയിട്ടില്ലെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വള്ളിപുള്ളി തെറ്റാതെ ചൊല്ലാനും, ഗൗരവമേറിയ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞത് ആളുകളെ അത്ഭുതപ്പെടുത്തി. ടൈപ്പ് ചെയ്യാൻ പോലും അറിയാത്ത ഇർഫാൻ, ഗൂഗിൾ വോയ്‌സ് സേർച്ച്, യൂട്യൂബ്, മറ്റ് ഇന്റർനെറ്റ് മാർഗങ്ങൾ എന്നിവയിലൂടെയാണ് ഭരണഘടനയെക്കുറിച്ചും തൊഴിലാളി അവകാശങ്ങളെക്കുറിച്ചും പഠിച്ചെടുത്തത്.

ഡൽഹിയിലെ ഒറ്റമുറി വീട്ടിലാണ് ഇർഫാൻ താമസിക്കുന്നത്. ഒരു കട്ടിൽ മാത്രമാണ് അവിടെയുള്ളത്. മാതാവും സഹോദരിയും മറ്റൊരിടത്താണ് താമസം. ഷാഹീൻ ബാഗ് സമരം, കർഷക സമരം, ഗുസ്തി താരങ്ങളുടെ സമരം, ഭാരത് ജോഡോ യാത്ര തുടങ്ങിയ വിവിധ ജനകീയ പ്രക്ഷോഭങ്ങളിലും അദ്ദേഹം മുമ്പ് പങ്കെടുത്തിട്ടുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുമ്പോഴും രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും കൃത്യവും വ്യക്തവുമായ അഭിപ്രായം പറയുന്ന ഇർഫാൻ സിജെപി സമരത്തിലൂടെ രാജ്യത്തെ യുവത്വത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്.

TAGS :

Next Story