Quantcast

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Dec 2025 11:30 AM IST

Mumbai college revokes burqa ban after students protest
X

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

കോളജിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ച് എസ്ഐഒയും രം​ഗത്തെത്തി. തീരുമാനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 25 എന്നിവയുടെ ലംഘനമാണെന്ന് എസ്ഐഒ വ്യക്തമാക്കി. ഹിജാബിട്ട പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുകയും അവരെ അപമാനിക്കുകയുമാണ് കോളജ് അധികൃതർ. ഇത് ഇസ്‌ലാമോഫോബിയയാണെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

TAGS :

Next Story