Quantcast

തണ്ണിമത്തൻ വില്ലനായോ? വിരുന്നിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ നാല് പേർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    27 April 2026 3:42 PM IST

തണ്ണിമത്തൻ വില്ലനായോ? വിരുന്നിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
X

മുംബൈ: ബന്ധുക്കൾക്കായി വീട്ടിൽ വിരുന്നൊരുക്കിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈധോണിയിലെ മോഗൾ ബിൽഡിംഗിൽ താമസിക്കുന്ന അബ്ദുല്ല ഡൊക്കാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് (Food Poisoning) മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.​

ശനിയാഴ്ച രാത്രി അബ്ദുല്ലയുടെ സഹോദരനും സഹോദരിയും ഉൾപ്പെടെ അഞ്ച് ബന്ധുക്കൾ ഇവരുടെ വീട്ടിൽ വിരുന്നിന് എത്തിയിരുന്നു. രാത്രി 10:30-ഓടെ ഒമ്പത് പേരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. വിരുന്നിന് ശേഷം ബന്ധുക്കൾ മടങ്ങി. എന്നാൽ, പുലർച്ചെ ഒരു മണിയോടെ കുടുംബം വീട്ടിലുണ്ടായിരുന്ന തണ്ണിമത്തൻ കഴിച്ചിരുന്നു. പുലർച്ചെ 5:30-ഓടെ നാല് പേർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടനെ കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10:15-ഓടെ ഇളയ മകൾ ആയിഷയാണ് ആദ്യം മരിച്ചത്. വൈകുന്നേരത്തോടെ മൂത്ത മകളും അമ്മ നസീമും മരണത്തിന് കീഴടങ്ങി. രാത്രി 10:30-ഓടെ അബ്ദുല്ലയും മരിച്ചു. സംഭവത്തിൽ ജെ. ജെ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിന് മുൻപ് അബ്ദുല്ല നൽകിയ മൊഴിയിൽ ഉറങ്ങുന്നതിന് മുൻപ് തണ്ണിമത്തൻ കഴിച്ചതായി പറഞ്ഞിരുന്നു. അതേസമയം, ഒപ്പം ഭക്ഷണം കഴിച്ച ബന്ധുക്കൾക്ക് അസ്വസ്ഥതകളില്ലാത്തതിനാൽ അത്താഴത്തിലല്ല, പിന്നീട് കഴിച്ച തണ്ണിമത്തനിലാണ് പൊലീസിന് സംശയം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തണ്ണിമത്തനിൽ രാസവസ്തുക്കളോ മറ്റ് വിഷാംശങ്ങളോ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

TAGS :

Next Story