ഓട്ടോ ചാര്‍ജ് 156, അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തത് 15,682 രൂപ; ശേഷം സംഭവിച്ചത്...
മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍ സത്യസന്ധത കൊണ്ട് വിസ്മയിപ്പിച്ച സംഭവമാണ് സംരംഭകനായ ശുഭം ഗുണെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

- Published:
6 Jun 2026 10:27 PM IST

സത്യസന്ധതയ്ക്ക് മറ്റെന്തിനേക്കാളും മുകളിലാണ് വില. പണം കൊണ്ട് അതിന്റെ മൂല്യം അളന്നാല്‍ പരാജയപ്പെട്ടുപോകും. തന്റെ ജീവിതത്തിലുണ്ടായ അത്തരമൊരു സംഭവമാണ് മുംബൈയിലെ സംരംഭകനും ബ്രാന്‍ഡിങ് ഏജന്‍സിയായ ഹിംഗ്ലിഷ് സിഇഒയുമായ ശുഭം ഗുണെ പങ്കുവെച്ചത്. അല്‍ത്താഫ് എന്ന സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറാണ് സത്യസന്ധത കൊണ്ട് ഇദ്ദേഹത്തെ വിസ്മയിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആ സംഭവം ശുഭം ഗുണെ പങ്കുവെച്ചത്. ഒരു ദിവസം രാവിലെ ഏഴ് മണിക്ക് മുംബൈയില്‍ ഒരു വിദേശ ക്ലയന്റുമായി ശുഭം ഗുണെക്ക് മീറ്റിങ് ഉണ്ടായിരുന്നു. ഒരു ഓട്ടോയിലാണ് മീറ്റിങ് സ്ഥലത്തേക്ക് പോയത്. തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു അത്. 156 രൂപയാണ് ഓട്ടോ ചാര്‍ജ് ആയത്. യുപിഐ വഴി പൈസ ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. എന്നാല്‍, 156ന് പകരം 15,682 രൂപ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന വിവരം ശുഭം അറിഞ്ഞതേയില്ല.
അന്നത്തെ ദിവസം ശുഭത്തിന് അത്ര നല്ലതായിരുന്നില്ല. വിദേശ ക്ലയന്റുമായുള്ള മീറ്റിങ്ങില്‍ ഒരു തീരുമാനത്തിലെത്താനായില്ല. ബിസിനസ് നഷ്ടപ്പെടുമെന്ന് തന്നെ കരുതി. തിരികെ വരുന്ന വഴിയാണ് താന്‍ ഓട്ടോ ചാര്‍ജായി വന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് അദ്ദേഹം മനസിലാക്കിയത്. നേരത്തെ ഓട്ടോ ഇറങ്ങിയ സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ വിസ്മയിപ്പിച്ച ഒരു കാര്യം സംഭവിച്ചു. രാവിലത്തെ ആ ഓട്ടോ ഡ്രൈവര്‍ അവിടെ ശുഭത്തിനെയും കാത്ത് നില്‍പ്പുണ്ടായിരുന്നു. അല്‍ത്താഫ് എന്നാണ് ആ ഡ്രൈവറുടെ പേരെന്ന് ശുഭം പറയുന്നു. അബദ്ധത്തില്‍ വലിയ തുകയാണ് തനിക്ക് ഓട്ടോക്കൂലിയായി അയച്ചുതന്നതെന്ന് അല്‍ത്താഫ് ശുഭത്തോട് പറഞ്ഞു. മറ്റൊന്നുകൂടി സംഭവിച്ചു. ഓട്ടോക്കൂലി പോലും എടുക്കാതെ അല്‍ത്താഫ് ആ തുക മുഴുവനായി തിരിച്ചയച്ചു. ഓട്ടോക്കൂലിയായ തുക എടുത്ത് ബാക്കി മതിയെന്ന് പറഞ്ഞിട്ടും അയാള്‍ എടുത്തില്ല -പൈസ അയച്ചതിന്റെയും തിരിച്ചയച്ചതിന്റെയും സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് ശുഭം പറഞ്ഞു.
കഥ അവിടെയും തീര്‍ന്നില്ല. അന്ന് ബിസിനസ് നഷ്ടമാകുമെന്ന് കരുതിയ ഇന്റര്‍നാഷണല്‍ ക്ലയന്റ് ഒരാഴ്ചക്ക് ശേഷം ശുഭത്തിനെ വിളിച്ചു. അവരുടെ കമ്പനിയുമായുള്ള പദ്ധതികളുമായി മുന്നോട്ടുപോകാമെന്ന് അറിയിച്ചു. അതിന്റെ സന്തോഷത്തില്‍ ശുഭം ആലോചിച്ചത് മീറ്റിങ് നടന്ന ദിവസം ഓട്ടോ ഡ്രൈവര്‍ക്ക് വന്‍ തുക അയച്ചതിനെയും ഡ്രൈവര്‍ അത് മുഴുവനായി തിരിച്ചയച്ചതിനെയും കുറിച്ചായിരുന്നു. അതിന്റെ സന്തോഷത്തിന്റെ ഭാഗമായി ശുഭം 500 രൂപ അല്‍ത്താഫിന് അയച്ചു. അന്ന് ഡ്രൈവര്‍ വാങ്ങാതിരുന്ന ഓട്ടോക്കൂലിയും പിന്നെ തന്റെ സന്തോഷവും ചേര്‍ത്ത തുകയായിരുന്നു അതെന്ന് ശുഭം പറയുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ശുഭം ഗുണെ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.
Adjust Story Font
16
