പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു; റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
യുവതിയെ ദിവസങ്ങളോളം കാണാതാവുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തതോടെ പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ സുഹൃത്തായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്ന കേസിൽ തഹസിൽ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫത്തേഹാബാദ് തഹസിലിൽ റവന്യൂ ഉദ്യോഗസ്ഥനായി (ലേഖ്പാൽ) ജോലി ചെയ്യുന്ന ജീവനക്കാരനാണ് പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ടതായി സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്താനായി പോലീസ് പുഴയിൽ തിരച്ചിൽ ഊർജിതമാക്കി.
ആഗ്രയിലെ ബാഹ് മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി നൂരി ദർവാസ പരിസരത്ത് താമസിച്ചാണ് പഠനം നടത്തിയിരുന്നത്. ഇതിനിടെയാണ് സ്വന്തം ഗ്രാമവാസിയും ഫത്തേഹാബാദ് തഹസിലിലെ ജീവനക്കാരനുമായ യുവാവുമായി ഇവർ സൗഹൃദത്തിലാവുന്നത്. പഠിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന യുവതി ഫത്തേഹാബാദിൽ ഇയാൾ വാടകയ്ക്കെടുത്ത മുറിയിലാണ് പലപ്പോഴും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചു മാസം മുമ്പ് ഇയാളുടെ വിവാഹം കഴിഞ്ഞിരുന്നു. ഇതിനുപിന്നാലെ യുവാവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന വിവരം ഭാര്യ അറിയുകയും കുടുംബത്തിൽ തർക്കങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും ഇയാളിൽ സമ്മർദം ചെലുത്തിവരികയായിരുന്നു.
സെപ്റ്റംബർ 23-നാണ് യുവതി ഫത്തേഹാബാദിലെ ഇയാളുടെ മുറിയിലെത്തിയത്. തുടർന്ന് സെപ്റ്റംബർ 29, 30 തീയതികളിൽ രാത്രിയിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടെ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. പരിഭ്രാന്തനായ പ്രതി മൃതദേഹം സ്വന്തം കാറിലാക്കി ബടേശ്വർ മേഖലയിലേക്ക് കൊണ്ടുപോവുകയും, യുവതിയുടെ വസ്ത്രങ്ങളും ബാഗും ഉപേക്ഷിച്ച ശേഷം മൃതദേഹം പുഴയിൽ തള്ളുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
യുവതിയെ ദിവസങ്ങളോളം കാണാതാവുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തതോടെ പിതാവ് എം.എം ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും കോൾ വിശദാംശങ്ങൾ പരിശോധിച്ചതിലുമാണ് യുവതിക്ക് തഹസിൽ ജീവനക്കാരനുമായുള്ള ബന്ധം വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ യുവതിയുടെ മൃതദേഹം ബാഹ് മേഖലയിലെ പുഴയിൽ തള്ളിയതായി ഇയാൾ മൊഴി നൽകിയതായി ഈസ്റ്റ് ഡിസിപി സയ്യിദ് അലി അറിയിച്ചു. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

