Quantcast

'രാജ്യത്ത് മുസ്‍ലിം-ക്രിസ്ത്യന്‍ വേട്ട, വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമം വേണം'; മോദിക്ക് കത്തെഴുതി ദുഷ്യന്ത് ദവേ

ഉത്തർപ്രദേശിലെ ഫത്തഹ്പൂരിൽ ക്രിസ്ത്യൻ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയതും നിസാമുദ്ദീൻ മർകസിലെ മുസ്‌ലിംകളെ ഭീകരവാദികളും കൊറോണ ഫാക്ടറിയുമായി അവതരിപ്പിച്ച് അറസ്റ്റ് ചെയ്തതും കത്തില്‍ ദവേ ചൂണ്ടിക്കാട്ടുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-14 18:12:19.0

Published:

14 April 2023 4:28 PM GMT

DushyantDavesaysMuslimsandChristiansarepersecuted, DushyantDavewantslawagainsthatecrime, DushyantDavelettertoNarendraModi, DushyantDave, NarendraModi
X

ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ. വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പ്രത്യേക നിയമം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുഫോബിയയ്‌ക്കെതിരെ നിയമം പാസാക്കിയ ജോർജിയയിൽനിന്ന് കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ദ ഹിന്ദു'വിലാണ് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ദവേയുടെ കത്ത്. 2023 ജനുവരിയിൽ ബി.ജെ.പി ഭാരവാഹികളെ അഭിംസബോധന ചെയ്ത് ദേശീയ നിർവാഹക സമിതി യോഗത്തിലും 2019ൽ യു.എൻ പൊതുസഭയിലും മോദി നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് തുടങ്ങുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ ഒരു തരത്തിലുമുള്ള തെറ്റായ പ്രസ്താവനകൾ നടത്തരുതെന്ന് താങ്കൾ ആഹ്വാനം ചെയ്തിരുന്നു. ഒരു മതത്തിനും ജാതിക്കുമെതിരെ സംസാരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താങ്കളുടെ അജണ്ടകൾ അട്ടിമറിക്കാനും സ്വപ്‌നങ്ങൾ ഇല്ലായ്മ ചെയ്യാനും ചിലർ നീക്കം നടത്തുന്നുണ്ടെന്ന് വ്യക്തമാണെന്ന് ദവേ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരി 28ന് ഇൻഡോറിൽ വി.എച്ച്.പി സമ്മർദത്തെ തുടർന്ന് സോനു മൻസൂരി അറസ്റ്റ് ചെയ്തതും ജയിലിൽ 54 ദിവസം കഴിഞ്ഞ ശേഷം സുപ്രിംകോടതി വെറുതെവിട്ടതും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രിൽ 14ന് ഉത്തർപ്രദേശിലെ ഫത്തഹ്പൂരിൽ ഡോക്ടർമാരും കുട്ടികളും പുരോഹിതന്മാരും ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കോവിഡിന്റെ തുടക്കത്തിൽ നിസാമുദ്ദീൻ മർകസിലെ മുസ്‌ലിം വിശ്വാസികളെ ഭീകരവാദികളും കൊറോണ ഫാക്ടറിയുമായി മാധ്യമങ്ങൾ അവതരിപ്പിച്ചു. നൂറുകണക്കിനുപേർ അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലിൽ കിടന്നു. ഇത്തരത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രസംഘങ്ങളുടെ വേട്ട നടക്കുകയാണെന്നും പൊലീസും മാധ്യമങ്ങളും ഇതിനു കൂട്ടുനിൽക്കുകയും ജുഡിഷ്യറി മൗനം പാലിക്കുകയും ചെയ്യുകയാണെന്നും ദവേ കത്തിൽ കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് നിയമവാഴ്ച അപകടത്തിലാണ്. നിയമവാഴ്ച അപകടത്തിലായാൽ ജനാധിപത്യം തകരും. കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ മതഭ്രാന്തന്മാരിൽനിന്ന് സംരക്ഷണം നൽകണമെന്ന് ഭരണഘടനാ ശിൽപി ബി.ആർ അംബേദ്ക്കർ നൽകിയതാണ്. രാജ്യത്ത് തന്നെ തുടരാൻ തീരുമാനിച്ചവരാണ് ന്യൂനപക്ഷം. അവരെ സംരക്ഷിക്കേണ്ട ചുമതല ന്യൂനപക്ഷത്തിനാണെന്നെല്ലാം അംബേദ്ക്കർ മുന്നറിയിപ്പ് നൽകിയതാണ്. ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷത്തിനും ഇടയിലുള്ള വിവേചനം ഇല്ലാതാകണമെന്ന് സർദാർ വല്ലഭ്ഭായ് പട്ടേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഇവരുടെ മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും ദുഷ്യന്ത് ദവേ കത്തിൽ ചൂണ്ടിക്കാട്ടി.

Summary: 'Muslim and Christian minorities are persecuted in the country, We seriously need a special Law like the Hate Crime Prevention Act enacted in the US'; Senior Supreme Court advocate Dushyant Dave writes in an open letter to PM Narendra Modi

TAGS :

Next Story