Quantcast

ഒഡീഷയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ അടിച്ചുകൊന്നു

പിക്കപ്പ് വാന്‍ അപകടം എന്ന നിലയിലായിരുന്നു ആദ്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്

MediaOne Logo
ഒഡീഷയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ അടിച്ചുകൊന്നു
X

ഭുപനേശ്വര്‍: പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഒഡീഷയില്‍ മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. ബാലസോര്‍ ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. 35കാരനായ എസ്.കെ മകന്ദര്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്.

ബാലസോറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്. കന്നുകാലികളുമായി പോകുന്ന പിക്കപ്പ് വാൻ തടഞ്ഞുവെച്ച് ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ, മുഹമ്മദിനെ "ജയ് ശ്രീറാം" എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

കാലികളുമായി പുറപ്പെട്ട പിക്ക് അപ്പ് വാനിലെ സഹായിയാണ് മകന്ദര്‍ മുഹമ്മദ്. ഡ്രൈവര്‍ വിശ്രമിച്ച സമയത്ത് മുഹമ്മദാണ് വണ്ടി ഓടിച്ചത്. ബാലസോര്‍‌ ടൗണിന് അടുത്ത് എത്തിയപ്പോള്‍ ഗോരക്ഷാ ഗുണ്ടകള്‍ വാഹനം തടയാൻ ശ്രമിച്ചു. പേടിച്ച് നിര്‍ത്താതെ പോയ മുഹമ്മദിനെ സംഘം പിന്തുടര്‍ന്നു. നിയന്ത്രണം വിട്ട വാൻ മറിയുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദനം.

പിക്കപ്പ് വാന്‍ അപകടം എന്ന നിലയിലായിരുന്നു ആദ്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡ്രൈവറുടെ അമിതമായ വേഗത കാണം വാന്‍, മറി മറിഞ്ഞുവെന്നായിരുന്നു എഫ്ഐആര്‍. വൈകുന്നേരത്തോടേയാണ് ആള്‍കൂട്ട മര്‍ദനത്തിന് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. മുഹമ്മദിന്റെ സഹോദരൻ എസ്‌കെ ജിതേന്ദർ മുഹമ്മദിന്റെ പരാതിയെത്തുടർന്നായിരുന്നു രണ്ടാമത്തെ എഫ്ഐആര്‍.

വാൻ തടഞ്ഞുനിർത്തിയ അഞ്ച് പേരടങ്ങുന്ന സംഘം, മാരകായുധങ്ങൾ ഉപയോഗിച്ച് തന്റെ സഹോദരനെ ആക്രമിച്ചുവെന്നാണ് ജിതേന്ദർ മുഹമ്മദ് പറയുന്നത് . പൊലീസ് പട്രോളിംഗ് വാഹനം സ്ഥലത്തെത്തിയാണ് മഹമ്മദിനെ ബാലസോർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറയുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒഡിഷയിൽ ആള്‍ക്കൂട്ട അക്രമങ്ങള്‍ കൂടുകയാണ്. ഡിസംബറില്‍ ബംഗാളിൽനിന്നുള്ള തൊഴിലാളിയായ മുസ്ലിം യുവാവിനെ സമ്പൽപുരിൽ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു.

TAGS :

Next Story