അക്രമികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു; മുസ്‌ലിം വിദ്വേഷ ആക്രമണമെന്ന് കുടുംബം
ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിൽ 35കാരനായ ഉമർദീനാണ് വെടിയേറ്റ് മരിച്ചത്

- Published:
20 Feb 2026 10:10 PM IST

ന്യുഡൽഹി: മകനെ ആൾക്കൂട്ട മർദനത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് യുവാവ് മരിച്ചു. മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തി. ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിലാണ് സംഭവം. 35 വയസുകരനായ മുഹമ്മദ് ഉമർദീനാണ് ആക്രമികളുടെ വെടിയേറ്റ് മരിച്ചത്.
നന്ദ് നഗ്രിയിലെ ബി-1 ബ്ലോക്കിലുള്ള സർക്കാർ സ്‌കൂളിന് സമീപം വെച്ച് തന്റെ മകനെ ഒരു കൂട്ടം ആളുകൾ മർദിക്കുന്ന വിവരമറിഞ്ഞാണ് ഉമർദീൻ സംഭവസ്ഥലത്ത് എത്തിയത്. മകനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഉമർദീന് വെടിയേറ്റ് മരിച്ചത്. മുസ്‌ലിം മത വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉമർദീന്റെ കുടുംബം പറഞ്ഞു. വിദ്വേഷപരമായ വാക്കുകളും ആക്രമികൾ പറഞ്ഞിരുന്നു.
വാക്കേറ്റത്തിനിടെ അക്രമികൾ സമീപത്തെ വീടിന് ഉള്ളിലേക്ക് പോവുകയും അവിടെ നിന്ന് അസഭ്യം പറയുകയും ചെയ്തു. തുടർന്ന്, സംഘത്തിലൊരാൾ തോക്കുമായി പുറത്തുവന്ന് ഉമർദീന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. ആക്രമണസമയത്ത് സമീപത്ത് ഉണ്ടായിരുന്ന ആളുകൾ അത് കണ്ടിട്ടുണ്ടെന്നും ഉമർദീന്റെ വീട്ടുകാർ പറഞ്ഞു. വെടിയേറ്റ ഉമർദീനെ ഭാര്യ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികളായ സോനു, സർദാർ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമർദീന്റെ ബന്ധുക്കളും നാട്ടുകാരും ജിടിബി ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് മൃതദേഹം സംസ്‌ക്കരിക്കാൻ കുടുംബം തയ്യാറായത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിദ്വേഷ ആക്രമണം എന്ന കുടുംബത്തിന്റെ ആരോപണം ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16
