'ആന്ധ്രാപ്രദേശിൽ മുസ്‌ലിം സംവരണം തുടരും'; ബിജെപി നിലപാട് തള്ളി ടി.ഡി.പി നേതാവ്
എൻഡിഎ വീണ്ടും അധികാരമേറ്റാൽ മുസ്‌ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വ്യക്തമാക്കിയത്.
![Muslim Reservation to Continue in Andhra Pradesh Says TDP Leader Muslim Reservation to Continue in Andhra Pradesh Says TDP Leader](https://www.mediaoneonline.com/h-upload/2024/06/07/1428384-muslms.webp)
അമരാവതി: ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്ന ആന്ധ്രാപ്രദേശിൽ മുസ്‌ലിം സംവരണം തുടരുമെന്ന് ഭരണകക്ഷിയായ തെലുഗു ദേശം പാർട്ടി (ടി.ഡി.പി) നേതാവ് കെ. രവീന്ദ്ര കുമാർ. വീണ്ടും അധികാരമേറ്റാൽ മുസ്‌ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പ്രഖ്യാപിച്ചിരിക്കെയാണ് സഖ്യകക്ഷി കൂടിയായ ടി.ഡി.പി നിലപാട് വ്യക്തമാക്കിയത്.
'മുസ്‌ലിംകൾക്ക് സംസ്ഥാനത്ത് സംവരണം തുടരും. ഒരു പ്രശ്നവുമില്ല'- കുമാർ വ്യക്തമാക്കി. ടി.ഡി.പി സഖ്യകക്ഷികളായ ബിജെപിയും ജനസേനയും നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ശേഷം ആന്ധ്രാപ്രദേശിൽ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കമാരംഭിച്ചിരിക്കെയാണ് കുമാറിന്റെ പ്രതികരണം. എന്നാൽ എൻഡിഎ യോഗത്തിൽ പാർട്ടി ഇക്കാര്യങ്ങൾ ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, അത് തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ലെന്നായിരുന്നു നേതാവിന്റെ പ്രതികരണം.
മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന ബി.ജെ.പിയുടെ വാദം തള്ളി, സംസ്ഥാനത്തെ മുസ്‌ലിം സംവരണം നിലനിർത്തുമെന്ന് ടി.ഡി.പി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും നേരത്തെ വ്യക്തമാക്കിയിരുന്നു. 'ആന്ധ്രയില്‍ മുസ്‌ലിംള്‍ക്ക് നാലു ശതമാനം സംവരണം നിലനിര്‍ത്തും. സംസ്ഥാനത്ത് മുസ്‌ലിം സംവരണത്തിനായി ടി.ഡി.പി സജീവമായി പോരാടിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ്'- എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് നായിഡു പറഞ്ഞത്.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള 50 വയസിന് മുകളിലുള്ള വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്തെ മസ്ജിദ് അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ മാസവും 5,000 രൂപ ധനസഹായം നല്‍കുമെന്നും നായിഡു പറഞ്ഞിരുന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നൂര്‍ ബാഷ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇതിനായി പ്രതിവര്‍ഷം 100 കോടി അനുവദിക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാന പട്ടണങ്ങളില്‍ ഈദ്ഗാഹുകള്‍ക്കും ശ്മശാനങ്ങള്‍ക്കും സ്ഥലം അനുവദിക്കും. ഹജ്ജിന് പോവുന്ന മുസ്‌ലിംകള്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വഴി അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാനുമുള്ള പദ്ധതികളും നായിഡു പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് മെയ് 13ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വൻ മാർജിനിൽ പരാജയപ്പെടുത്തിയാണ് ടി.ഡി.പി അധികാരം പിടിച്ചത്.
175 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 135 സീറ്റുകളാണ് ടി.ഡി.പി ഒറ്റയ്ക്ക് നേടിയത്. സഖ്യകക്ഷികളായ ജനസേനാ പാർട്ടി 21 സീറ്റും ബിജെപി എട്ട് സീറ്റും സ്വന്തമാക്കിയപ്പോൾ ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കേവലം 11 സീറ്റിൽ ഒതുങ്ങി. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടി.ഡി.പിക്കാണ് നേട്ടം. 16 സീറ്റുകൾ ഒറ്റയ്ക്ക് നേടിയപ്പോൾ വൈഎസ്ആർ കോൺഗ്രസ് നാല് സീറ്റിലേക്ക് ചുരുങ്ങി. ബിജെപി മൂന്ന് സീറ്റും ജനസേനാ പാർട്ടി രണ്ട് സീറ്റുമാണ് നേടിയത്.
Adjust Story Font
16