ലഖ്‌നൗ സർവകലാശാലയിലെ മസ്ജിദ് അടച്ചുപൂട്ടി അധികൃതർ; പുറത്ത് നിസ്‌കരിച്ചവർക്ക് സുരക്ഷാ മതിൽ തീർത്ത് ഇതര മതസ്ഥരായ വിദ്യാർഥികൾ
വിദ്യാർഥി പ്രതിഷേധം നിലനിൽക്കുന്നതിനാൽ കാമ്പസിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്

- Published:
23 Feb 2026 7:41 AM IST

ലഖ്‌നൗ: ലഖ്‌നൗ സർവകലാശാല കാമ്പസിലെ മസ്ജിദ് അടച്ചുപൂട്ടി അധികൃതർ. ചരിത്രപ്രസിദ്ധമായ ലാൽ ബരാദരി ബിൽഡിങ് ആണ് അധികൃതർ അടച്ചുപൂട്ടിയത്. ഇവിടെയാണ് കാമ്പസിലെ മസ്ജിദ് പ്രവർത്തിച്ചിരുന്നത്. അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് മസ്ജിദിന് പുറത്ത് നിസ്‌കരിച്ച മുസ്‌ലിം വിദ്യാർഥികൾക്ക് ഇതരമതസ്ഥരായ വിദ്യാർഥികൾ കൈകോർത്ത് പിടിച്ച് സുരക്ഷാമതിൽ തീർത്തു.
മസ്ജിദ് പൂട്ടിയതിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ കാമ്പസിൽ പ്രതിഷേധിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 200 വർഷം പഴക്കമുള്ള ലാൽ ബരാദരി, സർവകലാശാല സ്ഥാപിതമാകുന്നതിനും മുമ്പ് 1800-കളിൽ നസീറുദ്ദീൻ ഹൈദറിന്റെ ഭരണകാലത്താണ് നിർമിക്കപ്പെട്ടതെന്ന് വിദ്യാർഥികൾ പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ളതാണ് ഈ കെട്ടിടം.
Hindu students stood guard while Muslim students offered Namaz outside the Lal Baradari mosque on the Lucknow University campus. The mosque had been locked and its entrance barricaded by the university administration, sparking protests. https://t.co/gAougnFPOO pic.twitter.com/WYf9waWIJV
— Piyush Rai (@Benarasiyaa) February 22, 2026
ബരാദരിക്കുള്ളിലെ മസ്ജിദിൽ പതിറ്റാണ്ടുകളായി പ്രാർഥന നടക്കുന്നുണ്ടെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ അവകാശപ്പെട്ടു. മുൻകൂട്ടി അറിയിക്കാതെ സർവകലാശാല അധികൃതർ മസ്ജിദിന്റെ കവാടം സീൽ ചെയ്തതായും കെട്ടിടത്തിന് ചുറ്റും വേലി കെട്ടുകയും അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തതായും അവർ ആരോപിച്ചു.
കാലപ്പഴക്കം മൂലം കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്നും അറ്റകുറ്റപ്പണിക്കായാണ് അടച്ചതെന്നുമാണ് അധികൃതരുടെ വാദം. ''ലാൽ ബരാദരി കെട്ടിടം പൂർണമായും ജീർണിച്ച അവസ്ഥയിലാണ്, ഏത് നിമിഷവും തകർന്നു വീഴാം. സുരക്ഷാ കാരണങ്ങളാലാണ് തകർന്ന വാതിലുകൾ അടച്ചത്'' - കൺസ്ട്രക്ഷൻ സൂപ്രണ്ട് ഡോ. ശ്യാംലേഷ് പറഞ്ഞു. വേലി കെട്ടുന്നതിനെതിരെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെട്ട് രജിസ്ട്രാർ ഭാവന മിശ്ര നേരത്തെ പൊലീസിന് കത്തയച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിഷേധിച്ച വിദ്യാർഥികൾ താൽക്കാലികമായി പിന്മാറിയെങ്കിലും, പള്ളി തുറന്നില്ലെങ്കിൽ സമരം തുടരുമെന്ന് അവർ അറിയിച്ചു. സമാജ്‌വാദി ഛത്രസഭ, എൻഎസ്‌യു, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. റമദാൻ മാസത്തിൽ തന്നെ അറ്റകുറ്റപ്പണിയുടെ പേരിൽ മസ്ജിദ് അടച്ചതിൽ ദുരൂഹതയുണ്ട് എന്നാണ് വിദ്യാർഥികൾ പറയുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിദ്യാർഥികളുമായി ചർച്ച തുടരുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16
