ആധാറും ജനന സർട്ടിഫിക്കറ്റും ഉണ്ടായിരുന്നിട്ടും മുസ്‌ലിം യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി തൃണമൂൽ കോൺഗ്രസ്
യുവാവിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു

വെസ്റ്റ് ബംഗാൾ: വെസ്റ്റ് ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള 19 വയസുള്ള മുസ്‌ലിം യുവാവിനെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകൾ കൈവശം വെച്ചിട്ടും രാജസ്ഥാൻ പൊലീസ് നിർബന്ധിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയാതായി തൃണമൂൽ കോൺഗ്രസ്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന യുവാവായ എസ്‌കെ അമീറിനെ ജൂലൈ 22 ന് വിദേശ പൗരനായി പ്രഖ്യാപിക്കുകയും അതിർത്തികൾക്കപ്പുറത്തേക്ക് തള്ളുകയും ചെയ്തതായി ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
'അവൻ റോഹിംഗ്യനോ ബംഗ്ലാദേശിയോ അല്ല. നിർബന്ധിതമായി നാടുകടത്തപ്പെട്ട ബംഗാളി സംസാരിക്കുന്ന ഇന്ത്യക്കാരനാണ്.' തൃണമൂൽ കോൺഗ്രസ് എംപിയും വെസ്റ്റ് ബംഗാൾ ചെയർപേഴ്‌സണുമായ സമിറുൽ ഇസ്‌ലാം പറഞ്ഞു
അമീർ ആണെന് കരുതുന്ന ഒരു യുവാവിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുശേഷം, അമീറിന്റെ പിതാവ് ജിയേം ഷെയ്ക്കിന് ഒരു കോൾ ലഭിക്കുകയും അമീർ ബംഗ്ലാദേശിലെ ഒരു ഗ്രാമത്തിലാണെന്ന് അറിയുകയും ചെയ്തു. പൊലീസ് യാതൊരു തെളിവുമില്ലാതെയാണ് പ്രവർത്തിച്ചതെന്ന് അമീറിന്റെ കുടുംബം ആരോപിച്ചു. മകനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
രാജസ്ഥാനിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ അമീറിനെ നാടുകടത്തുന്നതിന് മുമ്പ് രണ്ട് മാസത്തോളം ചെലവഴിച്ചതായി ഹരജിയിൽ വ്യക്തമായി പരാമർശിക്കുന്നു. പൗരത്വത്തിന്റെ എല്ലാ തെളിവുകളും കൈവശം ഉണ്ടായിരുന്നിട്ടും പൊലീസ് അത് ശ്രദ്ധിച്ചില്ലെന്നും ഹർജിയിൽ കൂട്ടിച്ചേർക്കുന്നു. ബംഗാളി സംസാരിക്കുന്ന നിരവധി മുസ്‌ലിംകളെ പൊലീസ് ഇതിനു മുമ്പും ബലമായി നാടുകടത്തിയിട്ടുണ്ട്.
Adjust Story Font
16

