മുസ്‌ലിംകൾ വേണ്ട; ഹിന്ദുത്വ അജണ്ടയുടെ ഇരകളായി ഗുജറാത്തിലെ സ്‌കൂളുകളും വിദ്യാർഥികളും
അച്ചടക്കക്കുറവുകൊണ്ടുണ്ടാകുന്ന വിദ്യാർഥി സംഘർഷങ്ങൾ വർഗീയ സംഘർഷങ്ങളായി വഴിതിരിക്കുന്നതിലൂടെ നേട്ടം കൊയ്യുന്നത് മറ്റുപലരുമാണ്

ആഗസ്റ്റ് 19നാണ് അഹമ്മദാബാദിലെ മനിനഗർ സ്‌കൂളിൽ വെച്ച് ഒരു വിദ്യാർഥിക്ക് കുത്തേൽക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ രണ്ടുമതത്തിൽ പെട്ടവരായതിനാൽ അതിനെ പിന്നീട് വലിയ രീതിയിൽ വർഗീയവത്കരിക്കുന്നതിനാണ് ഹിന്ദുത്വ സംഘടനകൾ ശ്രമിച്ചത്. കൂട്ടമായെത്തിയ ബജ്‌റംഗ് ദളിന്റെയും, വിശ്വഹിന്ദു പരിഷത്തിന്റെയും ആളുകൾ സ്‌കൂളിലാകെ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
മുസ്‌ലിം വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്നും സ്‌കൂളിൽ നിന്നും പറഞ്ഞുവിടണമെന്നും ആവശ്യപ്പെട്ട് സ്‌കൂളിന് പുറത്ത് വലിയൊരു സംഘം തമ്പടിക്കുകയായിരുന്നു. ഗുജറാത്തിലെ ഒറ്റപ്പെട്ടൊരു സംഭവമല്ല ഇത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇടവേളകളിൽ വിദ്യാർഥികൾക്കിടയിലുണ്ടാകുന്ന വഴക്കുകളിൽ പോലും മതം തിരയുകയാണ് ഹിന്ദുത്വ സംഘടനകൾ. മുസ്‌ലിം വിരുദ്ധത ഒളിച്ചുകടത്താനുള്ള അവസരമായി സ്‌കൂളുകളിലെ സംഘർഷങ്ങളെ മുതലെടുക്കുകയാണ് തീവ്ര ഹിന്ദുത്വ വിഭാഗമെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ.
അഹമ്മദാബാദ് സ്‌കൂളിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പൊലീസ് ദൃക്‌സാക്ഷിയായി കണ്ടുനിൽക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ബിബിൻഭായ് ഗാധ്‌വി ആരോപിച്ചു. സ്‌കൂളും അധ്യാപകരെയും കത്തിച്ചുകളയണമെന്നതടക്കമുള്ള അക്രമ മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടും പൊലീസ് ഒന്നും ചെയ്തില്ലയെന്നാണ് ഗാധ്‌വി കുറ്റപ്പെടുത്തുന്നത്.
വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങളെ വർഗീയ പ്രശ്‌നങ്ങളായി ചിത്രീകരിച്ച് ധ്രുവീകരണം കൂടുതൽ വ്യാപിപ്പിക്കുക എന്നതാണ് ഹിന്ദുത്വയുടെ അജണ്ട. ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ നടക്കുന്ന വിദ്യാർഥി സംഘർഷങ്ങളെ പർവതീകരിച്ച് വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നത് രണ്ട് ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ വിഭാഗം നടത്തുന്ന സ്ഥാപനത്തിന്റെ തകർച്ചയും മുസ്‌ലിം വിരുദ്ധതയും.
വഡാലിയിൽ ആഗസ്റ്റ് 21ന് നടന്ന വിദ്യാർഥി സംഘർഷവും ഹിന്ദുത്വ അനുഭാവികൾ വർഗീയ സംഘർഷമായി മാറ്റിയെടുക്കുകയായിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട മുസ്‌ലിം വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പറഞ്ഞുവിടണമെന്ന ആവശ്യവുമായി പ്രാദേശിക ഹിന്ദുത്വ നേതാക്കൾ സ്‌കൂളിൽ തമ്പടിച്ചു.
വിദ്യ നേടാൻ ആശ്രയിക്കുന്ന ഇടങ്ങൾ വർഗീയ ധ്രുവീകരണത്തിന്റെ കേന്ദ്രങ്ങളാകുമ്പോൾ ഇരകളാകുന്നത് വിദ്യാർഥികളാണ്. അച്ചടക്കക്കുറവുകൊണ്ടുണ്ടാകുന്ന വിദ്യാർഥി സംഘർഷങ്ങൾ വർഗീയ സംഘർഷങ്ങളായി വഴിതിരിക്കുന്നതിലൂടെ നേട്ടം കൊയ്യുന്നത് മറ്റുപലരുമാണ്.
'ഞങ്ങളുടെ ആഘോഷങ്ങളിൽ രക്തം ചിന്തുന്നവർ' എന്നാണ് അഹമ്മദാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഹിന്ദുക്കളുടെ നിത്യജീവിതത്തിൽ നിരന്തരം തടസ്സം സൃഷ്ടിക്കുന്നവരാണ് മുസ്‌ലിംകളെന്ന അർഥം വെച്ചാണ് നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മുസ്‌ലിംകൾ രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങൾ അത്ര അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല.
ബാബരി മസ്ജിദ് തകർത്തതും, ഗുജറാത്ത് കലാപവും മായ്ച്ച് കളഞ്ഞ് ചരിത്രം തിരുത്താനുള്ള എൻസിആർടിയുടെ ശ്രമങ്ങളും വിദ്യാർഥി സംഘർഷങ്ങളുടെ വർഗീയവത്കരണവും സ്‌കൂളുകളിലെ അന്തരീക്ഷം കൂടുതൽ അപകടാവസ്ഥയിലേക്ക് നയിക്കുന്നതാണ്.
വലിയൊരു ഹിന്ദുത്വ രാഷ്ട്രീയ മുതലെടുപ്പിന്റെ ഇരകളായി മാറുകയാണ് രാജ്യത്തെ വിദ്യാർഥി സമൂഹമെന്ന് 'ദ വയർ' എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു. അക്രമം, ഭീഷണിപ്പെടുത്തൽ, അച്ചടക്കം എന്നിവ പരിഹരിക്കുന്നതിന് പകരം വർഗീയത പടർത്താനാണ് ശ്രമിക്കുന്നത്. മതേതര മൂല്യങ്ങളുടെ തകർച്ചയ്ക്കും ന്യൂനപക്ഷ വിദ്യാർഥികൾക്കിടയിൽ വിഭജനമുണ്ടാക്കാനും ക്ലാസ്മുറികളിൽ വിവേചനമുണ്ടാക്കുന്നതിനുമാണ് വഴിയൊരുങ്ങുന്നത്.
Adjust Story Font
16

