Quantcast

കോണ്‍ഗ്രസിന്‍റെ പരാജയം: ഹൃദയം നുറുങ്ങുന്നുവെന്ന് ഗുലാം നബി ആസാദ്

ജി23 നേതാക്കളിൽ പ്രമുഖരായ ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല

MediaOne Logo

Web Desk

  • Published:

    11 March 2022 8:25 AM GMT

കോണ്‍ഗ്രസിന്‍റെ പരാജയം: ഹൃദയം നുറുങ്ങുന്നുവെന്ന് ഗുലാം നബി ആസാദ്
X

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ യോഗം ചേരാനൊരുങ്ങി പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍. ജി 23 നേതാക്കള്‍ നാളെ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ഒത്തുചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്-

"ഞാൻ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങൾ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നൽകി. ഞാനും എന്റെ സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാർട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്"- ഗുലാംനബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ഉടൻ അഴിച്ചുപണി നടത്തണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് ശശി തരൂർ എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂർ തുറന്നടിച്ചു.

തോൽവിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉടൻ വർക്കിങ് കമ്മിറ്റി വിളിച്ചുചേർക്കുമെന്ന് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ഇന്നലെ അറിയിച്ചിരുന്നു. എങ്കിലും 48 മണിക്കൂറിനുള്ളിൽ ജി 23 നേതാക്കൾ യോഗം ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജി23 നേതാക്കളിൽ പ്രമുഖരായ ഗുലാംനബി ആസാദും മനീഷ് തിവാരിയും താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നേതൃത്വമടക്കമുള്ള സ്ഥാനങ്ങളിലും വർക്കിംഗ് കമ്മിറ്റിയിലും അഴിച്ചുപണി വേണമെന്ന് 2020ലാണ് 23 നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത്.

TAGS :

Next Story