Quantcast

നാഗാലാൻഡ് കൊലപാതകം: 30 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ പ്രതിയാക്കി കുറ്റപത്രം

നാഗലാൻഡിലെ ഒടിങ് ഗ്രാമത്തിൽ നിന്നുള്ള കൽക്കരി ഖനിയിലെ ആറു തൊഴിലാളികളാണ് ഡിസംബർ നാലിന് കൊല്ലപ്പെട്ടിരുന്നത്

MediaOne Logo

Web Desk

  • Published:

    12 Jun 2022 10:12 AM GMT

നാഗാലാൻഡ് കൊലപാതകം: 30 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ പ്രതിയാക്കി കുറ്റപത്രം
X

നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ആറു ഗ്രാമവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ 30 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ പ്രതിയാക്കി കുറ്റപത്രം. മോൺ ജില്ലയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന സംഭവത്തിലാണ് നാഗലാൻഡ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. 21 പാരാ സ്‌പെഷൽ ഫോഴ്‌സിലെ അംഗങ്ങൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും എൻഗേജ്മെന്റ് നിയമങ്ങളും പാലിച്ചില്ലെന്നും നിയമവിരുദ്ധമായി വെടിവെയ്പ്പ് നടത്തിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.


നാഗലാൻഡിലെ ഒടിങ് ഗ്രാമത്തിൽ നിന്നുള്ള കൽക്കരി ഖനിയിലെ തൊഴിലാളികളാണ് ഡിസംബർ നാലിന് കൊല്ലപ്പെട്ടിരുന്നത്. പ്രായപൂർത്തിയാകാത്ത എട്ടുപേരടക്കം പിക് അപ്പ് ട്രക്കിൽ പോകവേ സൈന്യം വെടിവെക്കുകയായിരുന്നു. ആറു പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. രണ്ടു പേർ അതിജീവിച്ചു. പിന്നീട് നടന്ന സംഘർഷത്തിൽ ഏഴു സാധാരണക്കാരും ഒരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തലുകൾ അനുസരിച്ചാണ് കുറ്റപത്രം തയാറാക്കിയതെന്ന് നാഗലാൻഡ് പൊലീസ് ശനിയാഴ്ച അറിയിച്ചു. സൈനികർ കൃത്യമായ തിരിച്ചറിയൽ നടത്താതെയാണ് വെടിവെയ്പ്പ് നടത്തിയതെന്നും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും എൻഗേജ്മെന്റ് നിയമങ്ങളും പാലിച്ചില്ലെന്നും അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു.



ഐപിസി സെക്ഷൻ 302 (കൊലപാതകം), 120 (ബി) (ക്രിമിനൽ ഗൂഢാലോചന), 201 (തെളിവ് ഇല്ലാതാക്കൽ) തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് സൈനികർക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈനികരെ വിചാരണ ചെയ്യാൻ കേന്ദ്ര സൈനിക കാര്യ മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഇതിനായി ഏപ്രിലിൽ അപേക്ഷ നൽകിയിരുന്നുവെന്നും മേയിൽ ഓർമപ്പെടുത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.


പാരാ ട്രൂപ്പ് അംഗത്തിന്റെ മരണത്തിലും മറ്റു അംഗങ്ങളെ ആക്രമിച്ചതിലും പൊതുമുതൽ നശിപ്പിച്ചതിലും മറ്റൊരു കുറ്റപത്രവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിങ് ഗ്രാമം സ്ഥിതി ചെയ്യുന്ന ടിസിത് പൊലീസ് സ്‌റ്റേഷനിലാണ് ഈ കേസ്. ട്രക്ക് നിർത്താനാവശ്യപ്പെട്ടിട്ടും പോയതിനെ തുടർന്നാണ് സൈന്യം വെടിവെച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിനെ അറിയിച്ചിരുന്നു. സംസ്ഥാന അന്വേഷണ സംഘത്തിന് പുറമേ സൈനിക അന്വേഷണ സംഘവും സംഭവം പഠിക്കുന്നുണ്ട്. തെറ്റ് കണ്ടെത്തിയാൽ റാങ്ക് നോക്കാതെ നടപടിയെടുക്കുമെന്ന് ഈസ്‌റ്റേൺ കമാൻഡർ ലഫ്റ്റൻറ് ജനറൽ റാണ പ്രതാപ് കാലിത പറഞ്ഞിരുന്നു.

കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗ്രാമീണർ കൊയ്യപ്പെട്ടിരുന്നത്. കൊല്ലപ്പെട്ടവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൽക്കരി ഖനി. അവർ എല്ലാ ശനിയാഴ്ചയും വീട്ടിൽ വരും, ഞായറാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.



Nagaland Killings: Chargesheet filed against 30 Indian Army personnel

TAGS :

Next Story