Quantcast

കിടക്കയില്‍ പാമ്പിന്‍ തോല്‍, സിന്ദൂരം, വളപ്പൊട്ട്; യുവതി 'നാഗകന്യകയായി' അപ്രത്യക്ഷമായെന്ന് നാട്ടുകാര്‍, പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്...

വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി പാമ്പിൻ്റെ തോലും വളപ്പൊട്ടും സിന്ദൂരവും കിടക്കയില്‍ വെക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    10 Feb 2026 3:28 PM IST

Nagin’ Rumors in UP village
X

ലഖ്‌നൗ: കാമുകനോടൊപ്പം ഒളിച്ചോടാനായി യുപിയിലെ ഔറായിയയിലെ പഫുന്ദ് ഗ്രാമത്തിലെ ഒരു യുവതി കൂട്ടുപിടിച്ചത് നാട്ടുകാരുടെ അന്ധവിശ്വാസത്തെ. അതിനായി ചില പൊടിക്കൈകളും യുവതി ചെയ്തുവെച്ചു. ഇതോടെ യുവതി 'നാഗകന്യകയായി' അപ്രത്യക്ഷമായെന്ന വിവരം നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അന്വേഷണത്തിലാണ് യുവതി നാഗകന്യകയായതല്ലെന്നും ഒളിച്ചോടിയതാണെന്നും തെളിഞ്ഞത്.

വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെയാണ് തിങ്കളാഴ്ച കാണാതായത്. രാവിലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ യുവതിയെ മുറിയില്‍ കണ്ടില്ല. യുവതിയുടെ കിടക്കയില്‍ പാമ്പിന്‍തോലും വളപ്പൊട്ടുകളും സിന്ദൂരവും ഉണ്ടായിരുന്നു. നാട്ടുകാര്‍ 'നാഗകന്യക'യുടെ അടയാളമായി പറയുന്ന കാര്യങ്ങളായിരുന്നു ഇവ. മുറിയില്‍ നിന്ന് ഇവ കണ്ടെത്തിയതോടെ യുവതി നാഗകന്യകയായി മാറിയതാണെന്ന് വ്യാപകമായി പ്രചരിച്ചു. അന്ധവിശ്വാസത്തില്‍ മുന്നിലായിരുന്ന നാട്ടുകാരില്‍ പലരും ഇത് വിശ്വസിച്ചു.

വിവരം പൊലീസിന്റെ അടുത്തെത്തി. പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് തെളിഞ്ഞത്. ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു യുവതി. ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി പാമ്പിന്റെ തോലും വളപ്പൊട്ടും സിന്ദൂരവും കിടക്കയില്‍ വെക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story