ഒരു പതിറ്റാണ്ടിന് ശേഷവും മറവിക്ക് വഴങ്ങാത്ത നജീബ്
ജെഎൻയു വിദ്യാർഥിയായിരുന്ന നജീബ് അഹ്‌മദിനെ കാണാതായിട്ട് ഒമ്പത് വർഷം പൂർത്തിയാവുന്നു. എബിവിപി പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കാണാതായ നജീബ് ഇതുവരെ മടങ്ങി വരികയോ അതുമായി ബന്ധപ്പെട്ട തിരോധാന കേസ് ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു. കേസ് അന്വേഷിച്ച സിബിഐ ഇതിനോടകം തെളിവൊന്നുമില്ലെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചു

നജീബ് അഹ്‌മദിന്റെ ഉമ്മ ഫാത്തിമ നഫീസ് | Photo: The Hindu
(ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉറുദു സർവകലാശാല പിഎച്ച്ഡി വിദ്യാർഥി തൽഹ മന്നാൻ 'ദി ക്വിന്റിൽ' എഴുതിയ ലേഖനത്തിന്റെ വിവർത്തനം)
ജെഎൻയു വിദ്യാർഥിയായിരുന്ന നജീബ് അഹ്‌മദിനെ കാണാതായിട്ട് ഒമ്പത് വർഷം പൂർത്തിയാവുന്നു. എബിവിപി പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കാണാതായ നജീബ് ഇതുവരെ മടങ്ങി വരികയോ അതുമായി ബന്ധപ്പെട്ട തിരോധാന കേസ് ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു. കേസ് അന്വേഷിച്ച സിബിഐ ഇതിനോടകം തെളിവൊന്നുമില്ലെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചു. ദൃക്‌സാക്ഷികളും സാക്ഷി മൊഴികളും ഉണ്ടായിരിക്കെയാണ് അന്വേഷണ ഏജൻസി ഇത്തരമൊരു സമീപനം സ്വീകരിച്ചത്. തെളിവുകളേക്കാൾ രാഷ്ട്രീയമായ ഇച്ഛാശക്തിയുടെയും സാമൂഹിക ബോധത്തിന്റെയും കുറവാണ് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നിൽ നിന്ന് ഒരു മുസ്ലീം വിദ്യാർഥി ബലപ്രയോഗത്തിലൂടെ അപ്രത്യക്ഷനായിട്ടും കണ്ടെത്താൻ സാധിക്കാതെ പോയതിന് പിന്നിലെ കാരണം.
നജീബ് തിരോധാനം കേവലമൊരു വിദ്യാർഥിയുടെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നജീബ് അഹ്മദിന്റെ തിരോധാനം നമ്മളോട് പറയുന്നത് മുസ്‌ലിം ജീവിതങ്ങളുടെ ദൈനദിന പ്രശ്നങ്ങളും സമൂഹത്തിൽ അന്തർലീനമായ പക്ഷപാതവും, മുസ്‌ലിം ആവിഷ്കാരത്തിന്മേലുള്ള കനത്ത നിയന്ത്രണങ്ങളുടെയും കഥയാണ്.
ഇരയെ വില്ലനാകുന്ന നിർമിത ആഖ്യാനങ്ങൾ
നജീബിനെ കാണാതായ സമയങ്ങളിൽ തന്നെ അദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. ഇരുമ്പ് വടികൾ കൊണ്ട് അടിയേറ്റും മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നതിനെ തുടർന്നുമാണ് നജീബിനെ കാണാതാവുന്നത്. എന്നാൽ കാണാതായ ഉടനെ തന്നെ അദ്ദേഹം അക്രമങ്ങൾക്ക് തുടക്കമിട്ട ആളായി മാറി. മുസ്‌ലിംകൾ ഇരയാക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഇത്തരത്തിൽ ചിത്രീകരിക്കപ്പെടുകയും കുറ്റവാളി പരിവേഷം നൽകുകയും ചെയ്യുന്നത് യാദൃശ്ചികമല്ല.
നജീബ് സ്വയം ഓടി പോയതാണ് എന്ന് പലരും പ്രചരിപ്പിച്ചു. ചില മാധ്യമങ്ങൾ ഐഎസിൽ ചേർന്നതായി വരെ വാർത്തകൾ നൽകി. ഒരു മുസ്‌ലിം വിദ്യാർഥിയുടെ തിരോധാനത്തിൽ നിന്ന് ചർച്ചയെ മാറ്റി പ്രതിഷ്‌ഠിക്കാൻ, നിലനിൽക്കുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ ബോധപൂർവം ഉപയോഗപ്പെടുത്തുന്ന ഒരു കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്. നീതിപൂർവം ഇടപെടേണ്ട ഗവർമെന്റ് പോലും ഈ ആഖ്യാനത്തിന്റെ ഭാഗമായി. നജീബിന്റെ വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്തും രാത്രികളിൽ വീട്ടിൽ കയറി ബുദ്ധിമുട്ടിച്ചപ്പോഴും എബിവിപി പ്രവർത്തകരെ ഡൽഹി പൊലീസ് വിഐപി നിലവാരത്തിൽ പരിഗണിച്ചു.
ഇന്ത്യയിലെ ഏറ്റവും ഉന്നത അന്വേഷണ ഏജൻസിയാണെങ്കിലും, സിബിഐ സമർപ്പിച്ചത് ശൂന്യമായ ക്ലോഷർ റിപ്പോർട്ട് മാത്രമാണ്. മൊബൈൽ ഫോണുകൾ പോലുള്ള നിർണായക തെളിവുകൾ വർഷങ്ങളോളം പരിശോധിക്കപ്പെടാതെ കിടന്നു. മെഡിക്കോ-ലീഗൽ റിപ്പോർട്ടുകൾ അപ്രത്യക്ഷമായി. അന്വേഷണ ഏജൻസിയുടെ കഴിവില്ലായ്മയായിട്ടല്ല നടപടിക്രമങ്ങളിലെ കാലതാമസവും, ഫയലകൾ നഷ്ടപ്പെട്ടതിനെയും കാണേണ്ടത്, മറിച്ച് മുസ്ലീം ഇരകൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന നിസ്സംഗതയുടെ ഭാഷയായിരുന്നു അത്.
മാധ്യമങ്ങളും അധികാരവും മുസ്‌ലിം ജീവിതങ്ങളെ മായ്ക്കുന്ന വിധം
മുഖ്യധാരാ മാധ്യമങ്ങളും നജീബിന്റെ തിരോധനത്തെ തെറ്റായാണ് അവതരിപ്പിച്ചത്. ആദ്യഘട്ടങ്ങളിൽ ആക്രമണത്തെ നിസ്സാരവൽക്കരിക്കുകയും പരസ്പര സംഘട്ടനത്തെ തുടർന്നാണ് നജീബിനെ കാണാതായത് എന്നതടക്കമുള്ള വാർത്തകളാണ് നൽകിയത്. തുടർന്ന് തീവ്രവാദ ബന്ധം വരെ മാധ്യമങ്ങൾ നജീബിന് മുകളിൽ ആരോപിച്ചു. ബട്‌ല ഹൗസ്, അസംഗഡ്, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലെ മറ്റ് യുവ മുസ്ലീങ്ങളെ ചിത്രീകരിച്ചതുപോലെ, ടെലിവിഷൻ അവതാരകരും കോളമിസ്റ്റുകളും "കാണാതായ യുവാവ് തീവ്രവാദിയായി" എന്ന് പ്രചരിപ്പിച്ചു. നിയമപരമായ നടപടികൾക്ക് ശേഷമാണ് ചില മാധ്യമങ്ങൾ നജീബിനെ ഐഎസുമായി ബന്ധിപ്പിക്കുന്ന വാദങ്ങൾ സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സമ്മതിച്ചത്. അപ്പോഴേക്കും അത് വലിയ പരിക്കുകൾ ഉണ്ടാക്കിയിരുന്നു. ഒരു മുസ്ലീം വിദ്യാർത്ഥിയുടെ തിരോധാനം തീർച്ചയായും അയാളുടെ സ്വന്തം ഉത്തരവാദിത്തമാണെന്ന പഴയ മാധ്യമ സിദ്ധാന്തം ആവർത്തിച്ച് രാജ്യം മുന്നോട്ട് പോയി.
തെറ്റായ പ്രചാരണങ്ങൾക്കെതിരെ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ശക്തമായി തന്നെ നിലകൊണ്ടു. അവരുടെ ഉറച്ച ബോധ്യവും പോരാട്ടവുമാണ് നജീബിന് വേണ്ടിയുള്ള സമരങ്ങളിൽ ഏറ്റവും ശക്തിപകർന്നത്. മാധ്യങ്ങളെയും പോലീസിനെയും കോടതിയെയും എല്ലാം അവർ സ്ഥൈര്യത്തോടെ നേരിട്ടു. ഒരുവേള ഞാൻ നിലകൊള്ളുന്നത് എന്റെ മകനെ കണ്ടെത്താൻ വേണ്ടി മാത്രമല്ല രാജ്യത്തെ ഒരു വിദ്യാർത്ഥിക്കും ഇനി ഇത് സംഭവിക്കാൻ പാടില്ല എന്ന ആവശ്യത്തിന് വേണ്ടി കൂടിയാണ് എന്നവർ പറയുകയുണ്ടായി. മുസ്ലിം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഫാത്തിമ നഫീസ് ഇന്നൊരു പ്രതീകമാണ്.
മതേതര ഇടതുപക്ഷത്തിന്റെ അർഥശൂന്യത
നജീബിന്റെ തിരോധാനത്തിൽ ഹിന്ദുത്വ സംഘടനയുടെ പങ്കാളിത്തം പ്രകടമാണെങ്കിലും, മതേതര ഇടതുപക്ഷത്തിന്റെ പോരായ്മകൾ വളരെ കുറച്ച് മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ. അത് അത്രതന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. പുരോഗമന രാഷ്ട്രീയത്തിന്റെ മുൻനിരയായി വർഷങ്ങളായി കാണപ്പെട്ടിരുന്ന ജെഎൻയുവിലെ ഇടതുപക്ഷ വിദ്യാർത്ഥി ഗ്രൂപ്പുകൾ, നജീബിന്റെ തിരോധാനത്തെ ഒരു മുസ്ലീം വിദ്യാർത്ഥിക്കെതിരെയുള്ള മനഃപൂർവമായ ആക്രമണമായി കൃത്യമായി വിശേഷിപ്പിക്കാൻ തുടക്കത്തിൽ മടികാണിച്ചു. പകരം, അവർ അതിനെ "കാമ്പസ് ജനാധിപത്യം", "വിദ്യാർത്ഥി അവകാശങ്ങൾ" എന്നിവയുടെ അമൂർത്ത പദാവലിയിൽ പരിമിതപ്പെടുത്തി.
അക്രമത്തിന്റെ ഉദ്ദേശ്യവും സ്വഭാവവും ഒഴിവാക്കിയുള്ള ഈ ഇടതുപക്ഷ സമീകരണം, സ്വന്തം ഇടങ്ങളിൽ ഇസ്ലാമോഫോബിയയെ അഭിസംബോധന ചെയ്യുന്നതിനെ മറികടക്കാൻ അവരെ പ്രാപ്തമാക്കി. മുസ്ലീം വിദ്യാർത്ഥികളും എസ്‌ഐഒ, ഫ്രറ്റേണിറ്റി, എഎംയു സ്റ്റുഡന്റ്‌സ് യൂണിയൻ തുടങ്ങിയ സംഘടനകളും ഈ വിഷയത്തിൽ പ്രതിഷേധിച്ചതിന് ഭരണകൂടത്തിന്റെ ക്രൂരമായ ആക്രമണം നേരിട്ടിട്ടും, ഏകപക്ഷീയമായ അറസ്റ്റുകൾ, ലാത്തി ചാർജ്, അധിക്ഷേപിക്കൽ എന്നിവ ഉണ്ടായിട്ടും തുടക്ക ഘട്ടത്തിൽ ഇതൊരു മുസ്ലിം പ്രശ്നമായി ഉന്നയിക്കാൻ ഇവർ വിസമ്മതിച്ചു. പലപ്പോഴും പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിലും പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തുന്നതിലും മാത്രമായി ഒതുങ്ങി.
ഇത് വെറുമൊരു ധാർമ്മിക പരാജയമല്ല, പ്രത്യയശാസ്ത്രപരമായ പരാജയമാണ്. മതത്തെ, പ്രത്യേകിച്ച് ഇസ്ലാമിനെ, അതിന്റെ ചട്ടക്കൂടിനുള്ളിൽ ഉൾക്കൊള്ളാൻ ഇന്ത്യൻ ഇടതുപക്ഷം വളരെക്കാലമായി പാടുപെട്ടിട്ടുണ്ട്. വരേണ്യ ജാതി വീക്ഷണകോണിൽ നിന്ന് പലപ്പോഴും ഉരുത്തിരിഞ്ഞ അതിന്റെ മതേതരത്വം, മതപരമായ സ്വത്വത്തെ യഥാർത്ഥ അടിച്ചമർത്തലിന്റെ പ്രകടനമായിട്ടല്ല, മറിച്ച് പുരോഗതിക്ക് തടസ്സമായിട്ടാണ് കാണുന്നത്. അതിനാൽ, മുസ്ലീങ്ങൾ എന്ന നിലയിൽ തങ്ങളുടെ കഷ്ടപ്പാടുകൾ പ്രകടിപ്പിക്കുമ്പോൾ, അത് "വർഗീയ"മായി തരംതിരിക്കപ്പെടുന്നു. എന്നിരുന്നാലും, ആ സ്വത്വം ഇല്ലാതാക്കുക എന്നതിനർത്ഥം നജീബിന്റെ തിരോധാനത്തിലേക്ക് നയിച്ച അക്രമത്തിന്റെ അടിസ്ഥാന ഘടനയെ ഇല്ലാതാക്കുക എന്നതാണ്. നജീബിന്റെ തിരോധാനം ഒരു മുസ്ലീം പ്രശ്നമാണെന്ന് വാദിക്കുന്നത് അദ്ദേഹത്തിന്റെ പോരാട്ടത്തെ വർഗീയവൽക്കരിക്കാനല്ല, ഭീകരവാദം ആരോപിച്ച് വ്യാജമായി കൊലപ്പെടുത്തപ്പെട്ട, ബീഫ് സംശയത്തിന്റെ പേരിൽ കൊല്ലപ്പെട്ട, പേര് കൊണ്ട് പോലും ആക്രമിക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത, നുഴഞ്ഞു കയറ്റക്കാരും പുറത്ത് നിന്നുള്ളവരും എന്ന് നിരന്തരം പഴികേട്ട ഒരു സമുദായത്തിന്റെ പോരാട്ടത്തെ സമൂഹത്തിൽ കൃത്യമായി അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ക്യാമ്പസിലെ മുസ്‌ലിം വിദ്യാർഥി ആശങ്കകൾ
പരമ്പരാഗതമായി വിമർശനാത്മക അന്വേഷണത്തിനുള്ള ഒരു ഇടമായിട്ടാണ് സർവകലാശാലയെ കണക്കാക്കുന്നത്. എന്നിരുന്നാലും, നിരവധി മുസ്ലീം വിദ്യാർത്ഥികൾക്ക് ഇത് നിരന്തര സംവാദങ്ങളുടെയും ഉത്കണ്ഠയുടെയും ഇടമാണ്. മുസ്ലിങ്ങളെ ക്യാമ്പസുകളിൽ സ്വാഗത്വം ചെയ്യുമ്പോൾ തന്നെ പേര്, വസ്ത്രധാരണം അല്ലെങ്കിൽ രാഷ്ട്രീയ വീക്ഷണങ്ങൾ എന്നിവയിലൂടെ പ്രകടമായി മുസ്ലീമാകുന്നത് പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ്. നജീബിന്റെ തിരോധാനം ഇതിന്റെ പ്രതീകമാണ്. നജീബ് ഏതേലും വിധത്തിൽ പ്രതിഷേധിക്കുകയോ രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയോ ചെയ്തിരുന്ന ഒരാളായിരുന്നില്ല. എന്നാൽ ലിബറൽ ക്യാമ്പസ് എന്ന് വിളിക്കപ്പെടുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര ഭാരമേറിയ അദ്ദേഹത്തിന്റെ അസ്തിത്വം മാത്രം മതിയായിരുന്നു. വായിക്കുകയും, ചർച്ച ചെയ്യുകയും, ചെയ്യുന്ന ഒരു മുസ്ലീമായി ഒരു യൂണിവേഴ്സിറ്റി സീറ്റ് കൈവശപ്പെടുത്തുക എന്നത് തന്നെ, മുസ്ലീങ്ങളെ ബൗദ്ധിക ഇടങ്ങളിൽ നുഴഞ്ഞുകയറ്റക്കാരായി കൂടുതലായി കാണുന്ന ഒരു ആവാസവ്യവസ്ഥയിൽ, അവരെ ധിക്കരിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇന്ന് ഈ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികൾക്കെതിരായ അടിച്ചമർത്തൽ മുതൽ അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രതിഷേധങ്ങളെ അപകീർത്തിപ്പെടുത്തുന്നത് അടക്കമുള്ളവയിൽ പ്രതിരോധിക്കാനും ആ പ്രതിരോധങ്ങൾ വർഗീയമല്ല എന്ന് തെളിയിക്കാനുമുള്ള ഉത്തരവാദിത്വം മുസ്ലിം വിദ്യാർത്ഥികൾക്ക് ഇരട്ട ബാധ്യത വന്നു ചേരുന്നു. ഈ സാഹചര്യത്തിൽ, നജീബിന്റെ അഭാവം ഒരു ദുരന്തം മാത്രമല്ല, ഒരു മുന്നറിയിപ്പാണ്. പൊതുജീവിതത്തിൽ നിന്ന് മുസ്ലീങ്ങളെ ഘടനാപരമായി ഒഴിവാക്കുന്നത് ആൾക്കൂട്ട ആക്രമണങ്ങളിലും തടങ്കലുകളിലും പ്രകടമാകുന്നതിന് വളരെ മുമ്പുതന്നെ ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും ആരംഭിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ.
ഓർമ എന്ന പ്രതിരോധനം
ഒമ്പത് വർഷങ്ങൾക്ക് ശേഷവും, നജീബിന്റെ പേര് പ്രതിഷേധ മുദ്രാവാക്യങ്ങളിലും ചുവർചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്, പക്ഷേ രാഷ്ട്രം നിസ്സംഗത പാലിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം സാധാരണമായി മാറിയിരിക്കുന്നു, പരിഹരിക്കപ്പെടാത്ത അനീതികളുടെ നീണ്ട പട്ടികയിലേക്ക് നജീബും ചേർക്കപ്പെടുന്നു. സമൂഹമെന്ന നിലയിൽ ഇന്ത്യയുടെ ധാർമ്മിക അധഃപതനത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഇവിടെ ഓർമ ഒരു പ്രതിരോധമായി മാറുന്നു. നജീബിനെ ഓർക്കുക എന്നാൽ നിശബ്ദതയെ നിരസിക്കുക എന്നാണ്. മിലാൻ കുന്ദേര പറയുന്നതുപോലെ, അത് 'മറവിക്കെതിരായ ഓർമ്മയുടെ പോരാട്ടമാണ്'. അദ്ദേഹത്തെ ഇല്ലാതാക്കാൻ ആഗ്രഹിച്ചവരിൽ നിന്ന് ആഖ്യാനം വീണ്ടെടുക്കുക എന്നതാണ്. ഇന്ത്യയിലെ ഉന്നത സർവകലാശാലയ്ക്കും ഉന്നത അന്വേഷണ ഏജൻസിക്കും മാധ്യമങ്ങൾക്കും ഭരണകൂടത്തിനും മുന്നിൽ വൈകിയ നീതി നീതിനിഷേധമാണെന്ന ഓര്മപെടുതലാണത്. നജീബിനു വേണ്ടിയുള്ള പോരാട്ടം ആത്യന്തികമായി ഇന്ത്യയിലെ മുസ്ലീം അന്തസ്സിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഫാത്തിമ നഫീസിന്റെ പോരാട്ടം ഒരു ഉമ്മയുടെ മകൻ വേണ്ടിയുള്ള പോരാട്ടത്തിനപ്പുറത്തുള്ള മാനങ്ങൾ ഇന്ന് കൈവരിക്കുന്നു. നിയമപോരാട്ടങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും അവർ കടന്നുപോയ പാത, വ്യവസ്ഥിതി തന്റെ ദൃഢനിശ്ചയബോധം നിർണ്ണയിക്കാൻ വിസമ്മതിച്ച ഒരു മുസ്ലീം സ്ത്രീയുടെ ആഖ്യാനത്തെ ചിത്രീകരിക്കുന്നു.നഷ്ടത്തിന്റെ വേദന മാത്രമല്ല, ചെറുത്തുനിൽപ്പിന്റെ അചഞ്ചലമായ ധാർമ്മിക വ്യക്തതയും അവരിലൂടെ നമുക്ക് മനസ്സിലാകുന്നു.
നജീബിന്റെ തിരോധാനം അവസാനിച്ചൊരു കേസ് അല്ല. ഇന്ത്യയിലെ മുസ്ലിം അവസ്ഥയെ വെളിപ്പെടുത്തുന്ന രേഖയായി അത് അവശേഷിക്കും. സ്ഥാപനങ്ങളുടെ ഇടപെടലും, മതേതര കക്ഷികളുടെ പൊള്ളത്തരവും, കാമ്പസുകളിലെ മുസ്ലിം ശബ്ദങ്ങളുടെ നിഷേധത്തെയും ഇത് തുറന്ന് കാട്ടുന്നു. സത്യത്തെ ഒരു കുറ്റകൃത്യമായി കണക്കാക്കുകയും ഭരണകൂടത്തിലൂടെയും സഖ്യകക്ഷികളിലൂടെയും അക്രമം സാധ്യമാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ നീതി എന്താണ് അർത്ഥമാക്കുന്നത്? ഭയാധിഷ്ഠിത ശ്രേണികളിൽ അധിഷ്ഠിതമായ സർവകലാശാലകളിൽ തുല്യത സാധ്യമാണോ? തുടങ്ങിയ എളുപ്പമല്ലാത്ത ചോദ്യങ്ങളിലേക്ക് ഇത്തരം സംഭവങ്ങൾ നമ്മളെ നയിക്കുന്നു.
നജീബിനെ ഓർക്കുക എന്നാൽ ഈ ചോദ്യങ്ങളെ സത്യസന്ധമായി നേരിടുക എന്നതാണ്. അദ്ദേഹത്തിന്റെ തിരോധാനം ഒരു ഹോസ്റ്റലിലെ ഒരു രാത്രിയിലെ ദുരന്തം മാത്രമല്ലെന്ന് തിരിച്ചറിയുക എന്നതാണ് ഈ പോരാട്ടത്തിലെ പ്രധാന ആശയം. ഒരു പതിറ്റാണ്ടിനുശേഷവും നജീബ് അപ്രത്യക്ഷമാകാൻ വിസമ്മതിക്കുന്നു. ആ ഉമ്മയുടെ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ, ചുറ്റുമുള്ള നിശബ്ദത തകർക്കുന്നതുവരെ, ക്ലാസ് മുറിയിലേക്ക് നടക്കുന്ന ഓരോ മുസ്ലീം വിദ്യാർത്ഥിയും നിശബ്ദമായി, പ്രതിഷേധത്തോടെ നജീബിന്റെ പേര് നിരന്തരം ഉച്ചരിക്കുന്നുണ്ട്.
വിവർത്തനം: ആത്തിഫ് ഹനീഫ്
Adjust Story Font
16

