ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് ബിജെപി എംപി
ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക് എംപിയായ പ്രവീണ്‍ ഖണ്ഡേല്‍വാലാണ് കത്തയച്ചത്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി.
ഇക്കാര്യം ഉന്നയിച്ച് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന പ്രവീണ്‍ ഖണ്ഡേല്‍വാലാണ് കത്തയച്ചത്.
തന്റെ കര്‍മമണ്ഡലം കൂടിയായിരുന്ന ഡല്‍ഹിയോട് വൈകാരിക അടുപ്പം വാജ്‌പേയിക്കുണ്ടായിരുന്നെന്നും റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിന് നല്‍കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്‍വാല്‍ കത്തില്‍ പറയുന്നു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷന്‍ തുടങ്ങിയ ഉദാഹരണങ്ങളും പുനര്‍നാമകരണങ്ങള്‍ക്ക് ഉദാഹരണമായി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ചൂണ്ടിക്കാണിക്കുന്നു. വരുന്ന മണ്‍സൂണ്‍ സെഷനില്‍ ലോക്സഭയില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന് രാജാവ് മഹാരാജ അഗ്രസേനിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ടും പ്രവീണ്‍ ഖണ്ഡേല്‍വാല നേരത്തെ രംഗത്ത് എത്തിയിരുന്നു.
ഡൽഹി ജംഗ്ഷനെ മഹാരാജ അഗ്രസെൻ റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റുന്നതിനെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുമ്പ് പിന്തുണച്ചിരുന്നു.
Adjust Story Font
16

