Quantcast

മഹാരാഷ്ട്രയും കേരളവും തമിഴ്നാടുമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത്? കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡല്‍ഹിയില്‍ നിന്നും മാറ്റിയതില്‍ രാജ് താക്കറെ

ഇന്ത്യയുടെ തറക്കല്ല് ഇട്ടത് ഗുജറാത്തിലാണെന്നാണോ മോദിയും ഷായും പറയാന്‍ ഉദ്ദേശിക്കുന്നതെന്നും രാജ് താക്കറെ

MediaOne Logo
മഹാരാഷ്ട്രയും കേരളവും തമിഴ്നാടുമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത്? കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡല്‍ഹിയില്‍ നിന്നും മാറ്റിയതില്‍ രാജ് താക്കറെ
X

മുംബൈ: കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡല്‍ഹിയില്‍ നിന്നും ഗുജറാത്തിലേക്ക് മാറ്റിയതില്‍ രൂക്ഷവിമര്‍ശനവുമായി എംഎന്‍എസ് നേതാവ് രാജ് താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പ്രാധാന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനിടെയാണ് ചലച്ചിത്ര പുരസ്‌കാര വേദി ഗുജറാത്തിലേക്ക് മാറ്റിയതെന്ന് രാജ് താക്കറെ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് താക്കറെയുടെ പ്രതികരണം.

പേരുകളും വേദികളും മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രം സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാജ് താക്കറെ വിമര്‍ശിച്ചു. ദാദാസാഹേബ് ഫാല്‍ക്കെ ഇന്ത്യന്‍ സിനിമയ്ക്ക് അടിത്തറ പാകിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. വേദി മാറ്റണമായിരുന്നു എങ്കില്‍ എന്തുകൊണ്ട് അതിനായി മുംബൈ നഗരത്തെ തെരഞ്ഞെടുത്തില്ല?

ഭൂരിഭാഗം സിനിമകളും നിര്‍മിക്കപ്പെടുന്ന തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നില്ല? ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ സിനിമ വലിയ രീതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത് തെരഞ്ഞെടുത്തുവെന്നും രാജ് താക്കറെ ചോദിക്കുന്നു.

ഒരുപക്ഷെ ഭാവിയില്‍ തങ്ങളുടെ സ്വാധീനം ഗുജറാത്തിലേക്ക് മാത്രമായി ചുരുങ്ങിയേക്കാമെന്ന തിരിച്ചറിവായിരിക്കാം ഈ തീരുമാനത്തിന് പിന്നിലെന്നും രാജ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടായിരുന്നു താക്കറെയുടെ പരാമര്‍ശം.

കോമൺവെല്‍ത്ത് ഗെയിംസ് ഗുജറാത്തില്‍ നടത്തുന്നതും 2023ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഗുജറാത്ത് ആതിഥേയത്വം വഹിച്ചതും വിദേശ രാഷ്ട്രത്തലവന്മാരെ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നതും ഗിഫ്റ്റ് സിറ്റി മുംബൈയില്‍ നിന്ന് മാറ്റിയതും നമ്മള്‍ കാണുന്നുണ്ട്. ഇതിലൂടെയെല്ലാം നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ തറക്കല്ല് ഇട്ടത് ഗുജറാത്തിലാണെന്നാണോ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു.

ചരിത്രത്തിലാദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റുന്നത്. ഗുജറാത്തിലെ കെവാഡിയയിലുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങിന് വേദിയാകുന്നത്.

TAGS :

Next Story