Quantcast

''താജ്മഹലിന്റെ സംരക്ഷണം വെറും പേപ്പറില്‍ മാത്രം ഒതുങ്ങി''; കേന്ദ്രത്തിനും യുപി സര്‍ക്കാരിനും വിമര്‍ശനം

മലിനീകരണം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതില്‍ താജ് ട്രപീസിയം സോണ്‍ (ടിടിസെഡ്) പരാജയപ്പെട്ടതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    25 May 2025 12:07 PM IST

താജ്മഹലിന്റെ സംരക്ഷണം വെറും പേപ്പറില്‍ മാത്രം ഒതുങ്ങി; കേന്ദ്രത്തിനും യുപി സര്‍ക്കാരിനും വിമര്‍ശനം
X

ന്യൂഡല്‍ഹി: ആഗ്രയിലെ മലിനീകരണ പ്രശ്‌നത്തില്‍ കേന്ദ്രത്തിനും യുപി സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. മലിനീകരണം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതില്‍ താജ് ട്രപീസിയം സോണ്‍ (ടിടിസെഡ്) പരാജയപ്പെട്ടതായി ദേശീയ ഹരിത ട്രൈബ്യൂണല്‍. താജ് മഹലിനെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികള്‍ നിലവിലുണ്ടെങ്കിലും നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറുകുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ താജ് ട്രപീസിയം സോണ്‍ ചെയര്‍മാനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പരിസ്ഥിതി സെക്രട്ടറിയോടും എന്‍ജിടി ആവശ്യപ്പെട്ടിട്ടു. താജ് മഹലിനെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ട സമയപരിധി വളരെ മുമ്പ് തന്നെ അവസാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു നടപടിയും ഇതുവരെ അധികാരികള്‍ സ്വീകരിച്ചിട്ടില്ല.

വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍, ആഗ്ര താജ് മഹല്‍ സോണില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിക്കല്‍, പെരിഫറല്‍ ഹൈവേകള്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങി നിരവധി വായു മലിനീകരണ പദ്ധതികള്‍ ആഗ്ര താജ് സോണില്‍ ചെയ്യാനുണ്ട്. എന്നാല്‍ ഇവ എല്ലാം വെറും പേപ്പറുകളില്‍ മാത്രം ഒതുങ്ങി. ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ സമയപരിധി സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ താജ്മഹല്‍, ആഗ്ര കോട്ട, ഫത്തേപൂര്‍ സിക്രി തുടങ്ങിയ സ്ഥലങ്ങളെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ താജ് ട്രപീസിയം സോണ്‍ രീപികരിച്ചത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് 1998ലാണ് താജ് ട്രപീസിയം സോണ്‍ അതോറിറ്റി രൂപീകരിച്ചത്. താജ്മഹലിന് ചുറ്റുമുള്ള 10,400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശങ്ങളാണ് താജ് ട്രപീസിയം സോണ്‍. ആഗ്ര, ഫിറോസാബാദ്, മഥുര, ഹത്രാസ്, ഉത്തര്‍ പ്രദേശിലെ ഇറ്റാ ജില്ലകളും രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയും താജ് ട്രപീസിയം സോണില്‍ ഉള്‍പ്പെടുന്നു. ചുവപ്പ്, പച്ച, വെള്ള, ഓറഞ്ച് എന്നിങ്ങനെ നാല് തരത്തിലാണ് സ്ഥലങ്ങള്‍ വേര്‍തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ള മേഖലയാണ് ചുവപ്പ് മേഖല.

TAGS :

Next Story