'അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു സ്ത്രീയെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല'; ഹിമാൻഷിക്കെതിരായ സൈബറാക്രമണത്തെ അപലപിച്ച് വനിതാ കമ്മീഷൻ
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഓഫീസർ വിനയ് നർവാളിന്റെ ഭാര്യയാണ് ഹിമാൻഷി നർവാൾ.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഓഫീസർ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിക്ക് എതിരായ സൈബറാക്രമണത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ. ഭീകരാക്രമണത്തിന്റെ പേരിൽ ആളുകൾ മുസ്‌ലിംകളുടെയും കശ്മീരികളുടെയും പിന്നാലെ പോകരുതെന്ന് ഹിമാൻഷി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഹിമാൻഷിക്കെതിരെ സമൂഹമാധ്യമങ്ങളിൽ സൈബറാക്രമണമുണ്ടായത്.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പൗരൻമാരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് വിനയ് നർവാളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ മുഴുവൻ വേദനിപ്പിക്കുന്നതായിരുന്നു ഈ ആക്രമണം. വിനയ് നർവാളിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷി നർവാൾ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നത് തീർത്തും ദൗർഭാഗ്യകരവും അപലപനീയവുമാണ്. സ്വന്തം ജീവിതത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു സ്ത്രീയെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നതും പരിഹസിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ദേശീയ വനിതാ കമ്മീഷൻ എക്‌സിൽ കുറിച്ചു.
ഒരാളുടെ അഭിപ്രായത്തെ കുറിച്ചുള്ള യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കേണ്ടത് മാന്യമായും ഭരണഘടനയുടെ അതിരുകൾക്ക് ഉള്ളിൽ നിന്നുകൊണ്ടുമാണ്. എല്ലാ സ്ത്രീകളുടെയും അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
ചിലർക്ക് ഹിമാൻഷി പറഞ്ഞത് ഇഷ്ടപ്പെട്ടുകാണില്ല. എന്നാൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ ലക്ഷ്യംവെക്കുന്നതും സൈബറിടത്തിൽ പരിഹസിക്കുന്നതും ശരിയല്ലെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ എക്‌സിൽ കുറിച്ചു.
ആരും മുസ്‌ലിംകൾക്കും കശ്മീരികൾക്കും പിന്നാലെ പോകരുത്. സമാധാനമാണ്...സമാധാനം മാത്രമാണ് നമുക്ക് വേണ്ടത്. തീർച്ചയായും തങ്ങൾക്ക് നീതി വേണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പിന് എത്തിയപ്പോൾ ഹിമാൻഷിയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന വിദ്വേഷ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഹിമാൻഷിയുടെ വാക്കുകൾ. ഇതാണ് വിദ്വേഷ പ്രചാരകരെ പ്രകോപിപ്പിച്ചത്. ഭർത്താവിന്റെ പെൻഷന് പോലും ഹിമാൻഷി അർഹയല്ല എന്ന രീതിയിലായിരുന്നു സൈബറാക്രമണം.
Adjust Story Font
16

